*കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണം: ജില്ലാ ജനകീയ വികസന സമിതി*
കാസർകോട് : കാസർകോട് നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക്, പാർക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തത, അനധികൃത നിർമ്മാണങ്ങൾ, നടപ്പാത കൈയേറ്റം, റോഡ് സുരക്ഷാ പ്രശ്നങ്ങൾ എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ ജനകീയ വികസന സമിതി കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ ഹാജിക്ക് നിവേദനം നൽകി.
എം.എൽ.എയുടെ ജനസമ്പർക്ക പരിപാടിയിലാണ് സമിതി ഭാരവാഹികൾ നിവേദനം സമർപ്പിച്ചത്. നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് ഹ്രസ്വകാല-ദീർഘകാല പരിഹാരങ്ങൾ ഉൾപ്പെടുത്തി സമഗ്രമായ ട്രാഫിക് മാനേജ്മെന്റ് പ്ലാനും മാസ്റ്റർ പ്ലാനും തയ്യാറാക്കണമെന്നാണ് പ്രധാന ആവശ്യം.
പുതിയ ബസ് സ്റ്റാൻഡ് മുതൽ എം.ജി. റോഡ്, പള്ളം ട്രാഫിക് ജംഗ്ഷൻ മുതൽ ജനറൽ ആശുപത്രി ജംഗ്ഷൻ വരെയുള്ള ഭാഗങ്ങൾ ഉൾപ്പെടെ നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസുകൾക്ക് പോലും സുഗമമായി കടന്നുപോകാൻ കഴിയാത്ത സാഹചര്യം ഗുരുതരമായ റോഡ് സുരക്ഷാ പ്രശ്നമാണെന്നും സമിതി വ്യക്തമാക്കി.
നഗരത്തിലെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ശാസ്ത്രീയമായ പേ പാർക്കിംഗ് സംവിധാനം നടപ്പാക്കണമെന്നും പുതിയ ബസ് സ്റ്റാൻഡിലെ ആകാശപാതയ്ക്ക് കീഴിലുള്ള നിലവിലെ പാർക്കിംഗ് സൗകര്യം പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പേ പാർക്കിംഗായി ക്രമീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
നഗരത്തിലെ ബഹുനില കെട്ടിടങ്ങൾക്ക് അനുവദിച്ച പെർമിറ്റുകൾ, പാർക്കിംഗ് സൗകര്യം, സെറ്റ്‌ബാക്ക് തുടങ്ങിയവ ബന്ധപ്പെട്ട അധികാരികൾ സമഗ്രമായി പരിശോധിക്കണമെന്നും നിയമലംഘനം കണ്ടെത്തുന്ന കെട്ടിടങ്ങൾക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രധാന റോഡുകളിലെ നടപ്പാത കൈയേറ്റങ്ങൾ ഒഴിപ്പിക്കുക, അനധികൃത പാർക്കിംഗും വാഹന സ്റ്റാൻഡുകളും നിയന്ത്രിക്കുക, ട്രാഫിക് പോലീസ്-മോട്ടോർ വാഹന വകുപ്പ് സംയുക്ത പരിശോധന ശക്തമാക്കുക, റോഡ് മാർക്കിംഗ്, ഡ്രെയിനേജ്, ഫുട്പാത്ത്, സിഗ്നൽ സംവിധാനം, തെരുവുവിളക്കുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചു.
നായക്സ് റോഡ്, ചന്ദ്രഗിരി പാലത്തിന് ശേഷമുള്ള പുലിക്കുന്ന് ഭാഗത്തെ പി.ഡബ്ല്യു.ഡി. റോഡ്, കോട്ടക്കണ്ണി റോഡ് തുടങ്ങിയ പ്രധാന റോഡുകൾ ആവശ്യമായ വീതിയിൽ വികസിപ്പിക്കുന്നതിനും നടപടിയുണ്ടാകണമെന്ന് സമിതി ആവശ്യപ്പെട്ടു.
നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനം ഉറപ്പാക്കണമെന്നും ജില്ലാ റോഡ് സുരക്ഷാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രശ്നങ്ങൾ ശാസ്ത്രീയമായി പഠിച്ച് സമയബന്ധിതമായ കർമ്മപദ്ധതി തയ്യാറാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
നിവേദനം സ്വീകരിച്ച കല്ലട്ര മാഹിൻ ഹാജി എം.എൽ.എ വിഷയങ്ങൾ വിശദമായി പഠിച്ച് ആവശ്യമായ നടപടികൾക്ക് മുൻഗണന നൽകുമെന്ന് ഉറപ്പ് നൽകിയതായി സമിതി ഭാരവാഹികൾ അറിയിച്ചു. നഗരത്തിന്റെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ ഉറപ്പ് നൽകിയതായി അവർ പറഞ്ഞു.
ജില്ലാ ജനകീയ വികസന സമിതി പ്രസിഡന്റ് സൈഫുദ്ദീൻ കെ. മാക്കോട്, ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് ചാത്തങ്കൈ, ഫസൽ റഹ്മാൻ മാസ്റ്റർ എന്നിവർ നിവേദന സംഘത്തിൽ പങ്കെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments