Breaking News

*വികസനം എന്തേ കൊണ്ടുവരാത്തത്? ഉദ്യോഗസ്ഥരുടെ 'റെഡ് സിഗ്നലിന്' മുന്നിൽ ചോദ്യചിഹ്നമാകുന്ന കാസർഗോഡിന്റെ യാത്രാസ്വാതന്ത്ര്യം.*

​ഡോ. പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിലൂടെ വ്യക്തമാക്കപ്പെട്ട കാസർഗോഡ് ജില്ലയുടെ വികസന മുരടിപ്പും, ഭരണഘടന ഉറപ്പുനൽകുന്ന യാത്രാസ്വാതന്ത്ര്യവും ഇന്നും പരിഹരിക്കപ്പെടാത്ത ചോദ്യചിഹ്നമായി തുടരുകയാണ്. അടിസ്ഥാന ആവശ്യങ്ങളോട് മുഖംതിരിക്കുന്ന ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ ശക്തമായ പ്രതികരണം അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്.

​അരിജാൽ - മജൽ റോഡിലൂടെ ഒന്നു നടന്നു നോക്കൂ... അവിടെ കാത്തിരിപ്പുകളുടെയും നിരാശയുടെയും വലിയൊരു യാഥാർത്ഥ്യം കാണാം. കഴിഞ്ഞ പത്ത് വർഷമായി ആ നാട്ടിലെ സ്കൂൾ കുട്ടികളും രോഗികളും സാധാരണക്കാരും അനുഭവിക്കുന്ന യാത്രാദുരിതം ചെറുതല്ല. സ്കൂൾ കഴിഞ്ഞ് കിലോമീറ്ററുകളോളം നടന്നു വിയർക്കുന്ന കുരുന്നുകളുടെ മുഖത്തേക്ക് നോക്കാൻ ആർക്കാണ് കഴിയുക? ഒന്നു ആശുപത്രിയിൽ പോകണമെങ്കിൽ പോലും ഓട്ടോറിക്ഷകളെ മാത്രം ആശ്രയിക്കേണ്ടിവരുന്ന പാവം മനുഷ്യരുടെ ഈ ഗുരുതരമായ യാത്രാപ്രശ്നം ആരുടെ കണ്ണിലാണ് പെടാത്തത്?

​ഈ യാത്രാദുരിതത്തിന് ഒരു വിരാമമിടാൻ ഒടുവിൽ ഞങ്ങൾ അധികാരികളുടെ പടിവാതിൽക്കൽ എത്തി. "കാസർഗോഡ് - ചൗക്കി - അരിജാൽ - മജൽ - കമ്പാർ" റൂട്ടിൽ ഒരു ബസ് സർവീസ് വേണമെന്ന ആവശ്യവുമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടൽ (CMO Portal) വഴി ഔദ്യോഗികമായി പരാതി സമർപ്പിക്കുകയുണ്ടായി. എന്നാൽ, മാസങ്ങൾ കഴിഞ്ഞു കെ.എസ്.ആർ.ടി.സിയിൽ (KSRTC) നിന്നും വന്ന മറുപടി കണ്ട് ഞങ്ങൾ ശരിക്കും 
അത്ഭുതപ്പെട്ടുപോയി

​സ്ഥലം നേരിട്ട് സന്ദർശിക്കുകയോ (റൂട്ട് ഇൻസ്പെക്ഷൻ നടത്തുകയോ) യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കുകയോ ചെയ്യാതെ, കാസർഗോഡ് കെ.എസ്.ആർ.ടി.സി യൂണിറ്റ് ഓഫീസർ തന്റെ ഭാവനയിൽ തോന്നുംപടി ഒരു തെറ്റായ റിപ്പോർട്ട് തയ്യാറാക്കി എം.ഡിക്ക് നൽകുകയാണ് ചെയ്തത്. ആ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, "ഞങ്ങൾ ചോദിച്ച വഴിയിലൂടെ ഇതിനകം തന്നെ പ്രൈവറ്റ് ബസുകൾ സർവീസ് നടത്തുന്നുണ്ട്" എന്ന തികച്ചും യാഥാർത്ഥ്യത്തിന് നിരക്കാത്ത വിചിത്രമായ മറുപടിയാണ് എം.ഡി ഓഫീസിൽ നിന്നും ലഭിച്ചത്. മേശപ്പുറത്തിരുന്ന് തയ്യാറാക്കിയ ഈ തികച്ചും അടിസ്ഥാനരഹിതമായ റിപ്പോർട്ട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വിവരാവകാശ നിയമത്തിന്റെയും ഉദ്യോഗസ്ഥ പെരുമാറ്റച്ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണിത്.

​നാടിന്റെ വികസനത്തിനായി രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന ജനപ്രതിനിധികൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഇത്തരം ഉദ്യോഗസ്ഥരുടെ ഒളിച്ചോട്ടങ്ങളും അലംഭാവവും വലിയൊരു ബാധ്യതയായി മാറുകയാണിവിടെ. ജനങ്ങൾക്ക് മുന്നിൽ ഉത്തരവാദികളാകേണ്ടി വരുന്നത് യഥാർത്ഥത്തിൽ ജനക്ഷേമം ആഗ്രഹിക്കുന്ന ഞങ്ങൾ രാഷ്ട്രീയ പ്രവർത്തകരും ജനപ്രതിനിധികളുമാണ്. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളെ ഉദ്യോഗസ്ഥർ ഇങ്ങനെ ബോധപൂർവ്വം അട്ടിമറിക്കുമ്പോൾ, അത് ഭരണസംവിധാനത്തിന് മേലുള്ള ജനങ്ങളുടെ വിശ്വാസ്യത തകർക്കുന്നതിന് ഇടയാക്കുന്നുണ്ട്.

​ആർ.ടി.ഒ. (RTO) അധികൃതരെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും ഫലം ശൂന്യമായിരുന്നു. ജനങ്ങളെ സഹായിക്കുന്നതിന് പകരം സാങ്കേതിക തടസ്സങ്ങൾ മാത്രം നിരത്തി പിന്തിരിപ്പിക്കുന്ന സമീപനമാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത്. അരിജാൽ - മജൽ പ്രദേശം നേരിട്ട് ഒന്നു വന്നു കാണാൻ ജില്ലാ കളക്ടറെ നേരിട്ട് ക്ഷണിച്ചിട്ട് മാസങ്ങളായിട്ടും അനുകൂലമായ ഒരു നടപടിയും ഉണ്ടായിട്ടില്ല.

​കാസർഗോഡ് ജില്ലയുടെ പിന്നാക്കാവസ്ഥയും ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലെ കടുത്ത കുറവുകളും പരിഹരിക്കപ്പെടേണ്ടതാണെന്ന് കാലങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നതാണ്. എന്നാൽ ചില ഉദ്യോഗസ്ഥരുടെ നിഷേധാത്മക ശൈലി ജില്ലയോടുള്ള കടുത്ത അവഗണനയല്ലാതെ മറ്റെന്താണ്? നാട്ടിൽ വികസനം വരണമെങ്കിൽ ജനപ്രതിനിധികൾ മാത്രം വിചാരിച്ചാൽ പോരാല്ലോ; നാടിന്റെ വികസനത്തിനൊപ്പം നിൽക്കേണ്ട ഉദ്യോഗസ്ഥർ തന്നെ തടസ്സങ്ങളായി മാറുമ്പോൾ ജനങ്ങൾ എന്തുചെയ്യും?

​ജീവിക്കാനും അന്തസ്സോടെ സഞ്ചരിക്കാനുമുള്ള മൗലികാവകാശം ഭരണഘടനയിലെ അനുച്ഛേദം 21 പൗരന് ഉറപ്പുനൽകുന്നുണ്ടെന്ന് കോടതികൾ എത്രയോ തവണ ഓർമ്മിപ്പിച്ചതാണ്. എന്നാൽ, അടിസ്ഥാനപരമായ യാത്രാസൗകര്യങ്ങൾ പോലും നിഷേധിക്കപ്പെടുന്നതിലൂടെ ഈ അവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് തടസ്സം നിൽക്കുന്ന ഈ ഉദ്യോഗസ്ഥ സമീപനം തിരുത്തപ്പെടേണ്ടതുണ്ട്. തെറ്റായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ തലത്തിൽ അടിയന്തരമായ പരിശോധനയും കർശന നടപടിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

​ബന്ധപ്പെട്ട വകുപ്പ് അധികാരികൾ യാഥാർത്ഥ്യം നേരിട്ട് മനസ്സിലാക്കി അരിജാൽ - മജൽ റൂട്ടിൽ ബസ് സർവീസ് ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് ഈ നാടും ജനങ്ങളും പ്രതീക്ഷിക്കുന്നത്.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments