Breaking News

* കാസർകോട്–കാഞ്ഞങ്ങാട് തീരദേശ പാത നാലുവരിപ്പാതയാക്കണം### സമഗ്ര സർവേയും വികസന പദ്ധതിയും തയ്യാറാക്കണം: ജില്ലാ ജനകീയ വികസന സമിതി*

കാസർകോട്: : കാസർകോട്–കാഞ്ഞങ്ങാട് തീരദേശ സംസ്ഥാനപാത നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന് ആവശ്യമായ സർവേയും സാധ്യതാപഠനവും നടത്തി സമഗ്ര വികസന പദ്ധതി തയ്യാറാക്കി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ജനകീയ വികസന സമിതി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.സമിതി പ്രസിഡന്റ് സൈഫുദ്ദീൻ കെ. മാക്കോടും ജനറൽ സെക്രട്ടറി ഹമീദ് ചാത്തങ്കൈയുമാണ് നിവേദനം നൽകിയത്.ഏകദേശം 27.78 കിലോമീറ്റർ ദൈർഘ്യമുള്ള കാസർകോട്–ചന്ദ്രഗിരി പാലം–കാഞ്ഞങ്ങാട് സൗത്ത് സംസ്ഥാനപാത ജില്ലയുടെ പ്രധാന  ഗതാഗത ഇടനാഴികളിലൊന്നാണ്. ജനസാന്ദ്രതയും വാഹനങ്ങളുടെ എണ്ണവും വർധിച്ചിട്ടും നിലവിലുള്ള റോഡ് സൗകര്യങ്ങൾ ഭാവിയിലെ ഗതാഗത ആവശ്യങ്ങൾക്കനുസരിച്ച് സമഗ്രമായി വികസിപ്പിക്കേണ്ടതുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.2012-ഓടെ റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകളും നിർദേശങ്ങളും ഉണ്ടായിരുന്നതായി പ്രദേശവാസികൾ ഓർക്കുന്നുണ്ടെങ്കിലും, അതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.റോഡിന്റെ വലിയൊരു ഭാഗത്ത് നിലവിലുള്ള പൊതുമരാമത്ത് വകുപ്പ് ഭൂമിയും ലഭ്യമായ സർക്കാർ ഭൂമിയും പ്രയോജനപ്പെടുത്തി വികസനം സാധ്യമാകുമെന്ന പ്രദേശവാസികളുടെ വിലയിരുത്തൽ ഔദ്യോഗിക സർവേയിലൂടെ പരിശോധിക്കണം. നിലവിലുള്ള റോഡിന്റെ വീതി, ഭൂമിയുടെ ലഭ്യത, സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടിവരുന്ന ഭാഗങ്ങൾ, പാലങ്ങൾ, ജങ്ഷനുകൾ, ഓവുചാലുകൾ എന്നിവ ഉൾപ്പെടുത്തി വിശദമായ പഠനം നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.നാലുവരിപ്പാത വികസനത്തിന്റെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതാപഠനം നടത്തി വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കുക, പദ്ധതിയുടെ ചെലവ് കണക്കാക്കി ആവശ്യമായ ഫണ്ട് കണ്ടെത്തുക, ഭരണാനുമതിക്കും നിർമാണത്തിനുമായി സമയബന്ധിതമായ കർമപദ്ധതി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമിതി മുന്നോട്ടുവെച്ചു.റോഡിലെ അപകടസാധ്യതയുള്ള ഭാഗങ്ങളിൽ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും വികസനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ജനപ്രതിനിധികളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും പൊതുജന പ്രതിനിധികളെയും പങ്കെടുപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.നാലുവരിപ്പാത വികസനം യാത്രാക്ലേശം കുറയ്ക്കുന്നതിനും ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും വ്യാപാര, വിനോദസഞ്ചാര മേഖലകളുടെ വളർച്ചയ്ക്കും സഹായകമാകുമെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. ജനങ്ങളുടെ ദീർഘകാലമായുള്ള യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അവർ അഭ്യർത്ഥിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments