Breaking News

*മുസ്ലിം സ്ത്രീക്ക് ഭര്‍ത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനത്തിന് അവകാശം*

മുസ്ലിം വ്യക്തിനിയമപ്രകാരം സ്ത്രീക്ക് "ഖുല്‍അ്' വഴി വിവാഹമോചനം നേടുന്നതിന് ഭർത്താവിന്റെ സമ്മതമോ അംഗീകാരമോ ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പുരുഷന്മാർക്ക് നല്‍കിയിട്ടുള്ള "ത്വലാഖ്' പോലെ തന്നെ സ്ത്രീക്ക് നല്‍കിയിട്ടുള്ള വിവാഹമോചന അവകാശമാണ് "ഖുല്‍അ്' എന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജെ.നിഷാ ബാനു, ജസ്റ്റിസ് ശോഭ അന്നാമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്. "ഖുല്‍അ്' പ്രകാരമുള്ള വിവാഹമോചനത്തിന്റെ സാധുത ഭർത്താവിന്റെ സമ്മതത്തെയോ അംഗീകാരത്തെയോ അടിസ്ഥാനമാക്കിയുള്ളതല്ല. വിവാഹബന്ധം വേർപെടുത്താൻ ഭാര്യക്കുള്ള പൂർണവും നിരുപാധികവുമായ അവകാശമാണിത്. "ഖുല്‍അ്' ഔദ്യോഗികമായി സാക്ഷ്യപ്പെടുത്താൻ കുടുംബ കോടതിയില്‍ അപേക്ഷ സമർപ്പിക്കുമ്പോള്‍ ദീർഘമായ വിചാരണയോ സാക്ഷിവിസ്താരമോ തെളിവെടുപ്പോ ആവശ്യമില്ലെന്നും ഹൈക്കോടതി നിർദേശിച്ചു. സാധുവാകാൻ വേണ്ട മൂന്ന് പ്രധാന ഘടകങ്ങള്‍ മാത്രമാണ് പരിശോധിക്കേണ്ടത്. ഭാര്യ വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമായി പ്രഖ്യാപിച്ചിരിക്കണം. വിവാഹസമയത്തോ ശേഷമോ ലഭിച്ച മഹറോ മറ്റ് ഭൗതിക ആനുകൂല്യങ്ങളോ തിരികെനല്‍കാൻ തയ്യാറായിരിക്കണം. വിവാഹമോചന പ്രഖ്യാപനത്തിന് മുൻപ് കുടുംബങ്ങള്‍ക്കിടയില്‍ ഫലപ്രദമായ അനുരഞ്ജന ശ്രമം നടന്നിട്ടുണ്ടായിരിക്കണം.
2023-ല്‍ വിവാഹിതരായ ദമ്പതികളില്‍ ഭാര്യ "ഖുല്‍അ്' പ്രഖ്യാപിക്കുകയും അതംഗീകരിച്ച്‌ കിട്ടാൻ കുടുംബ കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍, "ഖുല്‍അ്' അസാധുവാണെന്ന് പ്രഖ്യാപിക്കണമെന്നും തെളിവെടുപ്പും മാധ്യസ്ഥ്യശ്രമങ്ങളും വിശദമായി നടത്തുന്നതുവരെ നടപടികള്‍ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് നല്‍കിയ ഹരജികളും ഉപഹരജികളും കുടുംബ കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഭർത്താവ് നല്‍കിയ ഹരജി തള്ളിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments