Breaking News

*യുഡിഎഫ് തിരിച്ചടിക്ക് കാരണമായത് വൈദ്യുതി പ്രതിസന്ധിയോ?*

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തിരിച്ചടിക്ക് പ്രധാന കാരണം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണങ്ങളുമാണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടു. എംഎല്‍എമാർ രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന വാർഡുകള്‍ പരാജയപ്പെടാൻ ഇടയാക്കിയത് ജനങ്ങളെ നേരിട്ട് ബാധിച്ച വൈദ്യുതി നിയന്ത്രണങ്ങളാണ്. എന്നാല്‍, നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരുകളുടെ ദീർഘവീക്ഷണമില്ലാത്ത നയങ്ങളും തീരുമാനങ്ങളുമാണെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ കൃത്യമായി ബോധ്യപ്പെടുത്താൻ സാധിച്ചില്ലെന്നതാണ് പാർട്ടി നേരിട്ട പ്രധാന വീഴ്ചയെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. വസ്തുത ജനങ്ങളിലെത്തിക്കുന്നതില്‍ യുഡിഎഫ് നേതൃത്വം പരാജയപ്പെട്ടു. വരും ദിവസങ്ങളില്‍ പരാജയത്തിന്റെ മറ്റ് വശങ്ങളെക്കുറിച്ച്‌ കൂടുതല്‍ ആഴത്തിലുള്ള ചർച്ചകള്‍ നടക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. സംസ്ഥാനത്ത് 38 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ 19 സീറ്റുകളില്‍ യുഡിഎഫും വിജയിച്ചു. ഒരിടത്ത് ട്വന്റി-20 വിജയം നേടി. വോട്ടെടുപ്പിന് മുമ്പ് യുഡിഎഫിന്റെ കൈവശം 22 സീറ്റുകളും എല്‍ഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ കല്ലറ ഡിവിഷൻ നിലനിറുത്താൻ യുഡിഎഫിനായി. എന്നാല്‍ കയ്യിലുണ്ടായിരുന്ന കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം ഡിവിഷൻ യുഡിഎഫിന് നഷ്ടമായി. നിലവിലെ വാമനപുരം എംഎല്‍എ സുധീർഷാ പാലോട് മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച കല്ലറ ഡിവിഷനില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം ഏറക്കുറെ പകുതിയായ കുറഞ്ഞിട്ടുണ്ട്. യുഡിഎഫ് വിജയിച്ച ഭൂരിഭാഗം സ്ഥലങ്ങളുടെയും ഇതേ അവസ്ഥയാണ്. സംസ്ഥാനം ഉറ്റുനോക്കിയിരുന്ന ചില സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായത് യുഡിഎഫിന് കനത്ത തിരിച്ചടിയായി. ഇതില്‍ ഏറ്റവും പ്രധാനം രമ്യാഹരിദാസിന്റെ ചിറയിൻകീഴ് മണ്ഡലത്തിലെ രണ്ട് സീറ്റുകളാണ്. മംഗലപുരം മുണ്ടയ്ക്കല്‍ വാർഡ് 139 വോട്ടിന് നഷ്ടമായതിനൊപ്പം അഞ്ചുതെങ്ങ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും യുഡിഎഫിന് നഷ്ടമായി. ഒരുവാർഡ്കൂടി ലഭിച്ചതോടെ എല്‍ഡിഎഫിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവുമായി. കയ്യാങ്കളി വിവാദമാണ് മണ്ഡലത്തില്‍ യുഡിഎഫിന് തിരിച്ചടിയായത്. തിരുവനന്തപുരത്തിന് പുറമേ പാലക്കാട് ജില്ലയാണ് യുഡിഎഫിന് കനത്ത പ്രഹരമേല്‍പ്പിച്ച മറ്റൊരു ജില്ല. രണ്ട് സീറ്റുകള്‍ ഇവിടെ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ യുഡിഎഫിന് നേടാനായത് വെറും ഒരു സീറ്റുമാത്രമാണ്. സുമേഷ് അച്യുതൻ എംഎല്‍എ ഒഴിഞ്ഞ ചിറ്റൂർ പരുത്തിക്കാവ് വാർഡ് എല്‍ഡിഎഫ് സ്വന്തമാക്കി. ഇരുകൂട്ടരും ഒപ്പത്തിനൊപ്പം എത്തിയതോടെ നറുക്കെടുപ്പാണ് എല്‍ഡിഎഫിന് തുണയായത്. ആലത്തൂരിലും വിജയം എല്‍ഡിഎഫിനായിരുന്നു. ഫാത്തിമ തെഹ്‌ലിയ, ഉഷ വിജയൻ എന്നിവർ എംഎല്‍എ ആയതോടെ ഒഴിവുവന്ന സീറ്റുകള്‍ യുഡിഎഫ് നിലനിർത്തിയെങ്കിലും ഭൂരിപക്ഷത്തില്‍ കനത്ത കുറവുണ്ടായി. വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷൻ യുഡിഎഫ് നിലനിർത്തിയെങ്കിലും ഉഷ വിജയൻ എംഎല്‍എ കഴിഞ്ഞ തവണ നേടിയ 1055 വോട്ടിന്റെ ലീഡ് ഇത്തവണ 331 ആയി ഇടിഞ്ഞു. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡില്‍ ലീഗിലെ ഫർസീന അറക്കല്‍ 436 വോട്ടിന് ജയിച്ചെങ്കിലും മുൻപ് ഫാത്തിമ തെഹ്‌ലിയ നേടിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ നാലിലൊന്ന് നേടാൻ പോലും കഴിഞ്ഞില്ല.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments