*കളി ചിരികൾ ബാക്കിയാക്കി സൻഹ മടങ്ങി; കണ്ണീരോടെ വളപുരം സ്കൂൾ*
മലപ്പുറം വളപുരം: മരക്കൊമ്പ് തലയിൽ വീണു വളപുരം ജി എം യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി സൻഹ ഹാത്തിമ സഹപാഠികളെയും അധ്യാപകരെയും രക്ഷിതാക്കളെയും തീരാദുഃഖത്തിലാഴ്ത്തി യാത്രയായി. പുന്നക്കാട് ചെരങ്ങാത്തൊടി സലീം–ആയിഷബി ദമ്പതികളുടെ മകളാണ് സൻഹ ഫാത്തിമ. പഠനത്തിലും കലാ-ശാസ്ത്ര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്ന സൻഹയുടെ അപ്രതീക്ഷിത വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.വരാനിരിക്കുന്ന ശാസ്ത്രമേളയിൽ ശാസ്ത്ര പ്രോജക്ട് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു സൻഹ. കലാമേളയിലെ വിവിധ മത്സരങ്ങൾക്കായും തയ്യാറെടുക്കുകയായിരുന്നു. മനോഹരമായി പാടിയിരുന്ന സൻഹ സ്കൂൾതല അറബിക് സംഘഗാന മത്സരത്തിലും പങ്കെടുത്തിരുന്നു. ഉപജില്ലാ കലാമേളയിലും ശാസ്ത്രമേളയിലും പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയായിരുന്നു മരണം സൻഹയെ തട്ടിയെടുത്തത്. ജൂനിയർ റെഡ് ക്രോസ് (ജെആർസി) കേഡറ്റുകൂടിയായിരുന്ന സൻഹ സഹപാഠികളുടെയും അധ്യാപകരുടെയും പ്രിയപ്പെട്ട വിദ്യാർഥിനിയായിരുന്നു.വീടിന് സമീപത്തെ റബർ തോട്ടത്തിലെ ഉണങ്ങിയ കൊമ്പ് തലയിൽ വീണാണ് സൻഹയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. കുടുംബാംഗങ്ങൾക്കും അയൽവാസികൾക്കും കൂട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ടവളായിരുന്ന സൻഹയുടെ വിയോഗം ഉൾക്കൊള്ളാനാകാതെ നിൽക്കുകയാണ് നാട്.മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടോടെ മൃതദേഹം വളപുരം സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് എത്തിച്ചു. പ്രിയപ്പെട്ട കൂട്ടുകാരിയെ അവസാനമായി ഒരുനോക്കു കാണാൻ നിരവധിയാളുകളാണ് സ്കൂളിലെത്തിയത്. സഹപാഠികളുടെയും അധ്യാപകരുടെയും സങ്കടക്കണ്ണീർ കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി. പ്രിയ വിദ്യാർഥിനിക്ക് അന്ത്യോപചാരമർപ്പിക്കുമ്പോൾ പലർക്കും ദുഃഖം അടക്കാനായില്ല.സ്കൂളിലെ പൊതുദർശനത്തിനുശേഷം മൃതദേഹം പുന്നക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെയും ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമടക്കം വൻ ജനാവലിയാണ് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത്. വൈകീട്ട് 3 മണിക്ക് പുന്നക്കാട് ജുമ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് സുധ പൊട്ടിപ്പാറ, വൈസ് പ്രസിഡന്റ് ഹസീബ് വളപുരം, പഞ്ചായത്ത് അംഗങ്ങളായ ഇസുദ്ദീൻ, ബുഷ്റ, ഹെഡ്മാസ്റ്റർ സലീം മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് റിയാസ്, സ്റ്റാഫ് സെക്രട്ടറി മുസ്തഫ, അധ്യാപകർ, നാട്ടുകാർ തുടങ്ങിയവർ സ്കൂൾ ഓഡിറ്റോറിയത്തിലെത്തി അന്ത്യോപചാരമർപ്പിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments