*കണ്ണൂർ വിമാനത്താവളത്തെ കൈപിടിച്ചുയർത്താൻ പദ്ധതി*
ആയിരം കോടിയിലേറെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ കൈപിടിച്ചുയർത്താൻ പദ്ധതികളുമായി യുഡിഎഫ് സർക്കാർ. സിപിഎമ്മിന്റെ സ്വന്തം വിമാനത്താവളമെന്ന വീമ്പുപറച്ചില്‍ അല്ലാതെ കണ്ണൂർ വിമാനത്താവളത്തെ രക്ഷിക്കാനുള്ള ഒരു ഫലപ്രദമായ നടപടിയും പിണറായി സർക്കാർ എടുത്തിരുന്നില്ല. 2018 ഡിസംബറില്‍ പ്രവർത്തനം ആരംഭിച്ചതുമുതല്‍ ഇതുവരെ ആയിരത്തോളം കോടിയാണ് വിമാനത്താവളത്തിന്റെ ആകെ നഷ്ടം. 2023-24 സാമ്പത്തിക വർഷത്തില്‍ മാത്രം 169 കോടിയുടെ നഷ്ടമാണുണ്ടായത്. വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്ന് നേരിട്ട് സർവീസ് നടത്താനുള്ള പോയിന്റ് ഓഫ് കോള്‍ പദവി കേന്ദ്ര വ്യോമയാന മന്ത്രാലയം ഇതുവരെ അനുവദിച്ചിട്ടില്ല. വിദേശ വിമാനക്കമ്പനികള്‍ സർവീസ് ആരംഭിച്ചാല്‍ മാത്രമേ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണവും അതുവഴി വരുമാനവും വർധിക്കുകയുള്ളൂ. വിമാനത്താവള നിർമാണത്തിനായി ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പകളുടെ പലിശയും തിരിച്ചടവും കിയാലിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുന്നു. ട്രാഫിക് പ്രതീക്ഷിച്ച അത്ര ഉയരാത്തപ്പോഴും വിമാനത്താവളത്തിന്റെ റണ്‍വേ, ടെർമിനല്‍ പരിപാലനം തുടങ്ങിയ വലിയ ദൈനംദിന ചെലവുകള്‍ സർവീസുകളില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ കൂടുതലാണ്. വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും വായ്പാ ബാധ്യതകള്‍ മറികടക്കുന്നതിനുമായി സംസ്ഥാന സർക്കാർ ബജറ്റ് വിഹിതം അനുവദിക്കുന്നുണ്ട്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമഗ്രവികസനം ഒരു വർഷത്തിനകം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ പുതുതായി ആരംഭിച്ച അന്താരാഷ്ട്ര എയർ കാർഗോ കോംപ്ലക്‌സ്, 4 മെഗാവാട്ട് സോളാർ പവർ പ്രോജക്‌ട് എന്നിവയുടെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്തിന്റെ ജിഡിപിക്ക് മുതല്‍ക്കൂട്ടാവുന്ന രീതിയില്‍ കണ്ണൂർ എയർപോർട്ട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ഏവിയേഷൻ ഹബ്ബാക്കി മാറ്റുന്നതിനുള്ള സുപ്രധാന തീരുമാനങ്ങള്‍ സംസ്ഥാന സർക്കാർ കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തും. എയർ ഇന്ത്യ ഉള്‍പ്പെടെയുള്ള എയർലൈനുകള്‍ പുതുതായി രണ്ടായിരത്തോളം വിമാനങ്ങളാണ് നിലവില്‍ ഓർഡർ ചെയ്തിരിക്കുന്നത്. അവ വരുന്നതോടെ പൈലറ്റുമാരുടെ വലിയ കുറവ് രാജ്യത്തുണ്ടാകും. ഇതു മുന്നില്‍ക്കണ്ട് ഒരു പൈലറ്റ് പരിശീലന കേന്ദ്രം കണ്ണൂരില്‍ തുടങ്ങും. ഇതോടൊപ്പം ഹെലികോപ്റ്റർ പൈലറ്റ് ട്രെയിനിംഗ് സെന്റർ, എയർക്രാഫ്റ്റ് മെയിന്റനൻസ് സംവിധാനം, സിമുലേറ്റർ ട്രെയിനിംഗ് കേന്ദ്രം തുടങ്ങി ഏവിയേഷനുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിലൂടെ വിമാനത്താവളത്തെ ഒരു ഏവിയേഷൻ ഹബ്ബാക്കി മാറ്റാൻ ശ്രമമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ നഗരത്തെ എയർപോർട്ടുമായി ബന്ധിപ്പിക്കുന്ന രണ്ട് റോഡുകളുടെ നിർമാണം വേഗത്തിലാക്കും. എയർപോർട്ടിന്റെ രണ്ടാം റണ്‍വേ വികസനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ച 240 ഏക്കർ ഭൂമി അതിന് അനുയോജ്യമാണോ എന്ന കാര്യം പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് പ്രയാസമനുഭവിക്കുന്ന പ്രദേശവാസികളുടെ പ്രശ്നത്തിന് രണ്ട് മാസത്തിനുള്ളില്‍ ശാശ്വതമായ പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments