*ഡിസംബര്‍ ഒന്ന് മുതല്‍ പാചകവാതക നിയമങ്ങളില്‍ മാറ്റം**
ഡിസംബർ മാസം ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പാചകവാതക സിലിണ്ടറുകളുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വാണിജ്യ, ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ വിലപരിഷ്കരണമാണ് ഇതില്‍ ഏറ്റവും പ്രധാനം. അസംസ്കൃത എണ്ണവില കുറയുന്ന സാഹചര്യത്തില്‍ പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് വിലയിലും വിപണി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം നിലവില്‍ വന്ന പല എല്‍പിജി നിയമങ്ങളും കേന്ദ്ര പെട്രോളിയം മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ 2026 ഡിസംബറിലും തുടരും. ഇൻഡെയ്ൻ ഗ്യാസ്, എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ ഡിസംബർ ഒന്ന് മുതല്‍ അറിഞ്ഞിരിക്കേണ്ട 10 പ്രധാന കാര്യങ്ങള്‍ താഴെ പറയുന്നവയാണ്:*1) ഡിസംബറിലെ എല്‍പിജി വില വർധനവോ കുറവോ..?*ഇന്ത്യ വൻതോതില്‍ എല്‍പിജി ഇറക്കുമതി ചെയ്യുന്നതിനാല്‍, സൗദി അരാംകോ എല്ലാ മാസവും തുടക്കത്തില്‍ നിശ്ചയിക്കുന്ന 'സൗദി കോണ്‍ട്രാക്ട് പ്രൈസ്' ആണ് ഇന്ത്യയിലെ ഗാർഹിക, വാണിജ്യ സിലിണ്ടർ വിലകളെ പ്രധാനമായും സ്വാധീനിക്കുന്നത്. 2026 ഫെബ്രുവരി അവസാനം ആരംഭിച്ച യുഎസ്-ഇസ്റാഈല്‍-ഇറാൻ യുദ്ധത്തിന് ശേഷം നവംബർ വരെ സൗദി അരാംകോയുടെ പ്രൊപ്പെയ്ൻ വില 32 ശതമാനത്തിലധികവും ബ്യൂട്ടെയ്ൻ വില 44 ശതമാനത്തിലധികവും കുതിച്ചുയർന്നു. നിലവില്‍ പ്രൊപ്പെയ്ൻ ടണ്ണിന് 720 ഡോളറും ബ്യൂട്ടെയ്ൻ ടണ്ണിന് 780 ഡോളറുമാണ് വില. അന്താരാഷ്ട്ര വിലയിലെ മാറ്റങ്ങള്‍ ഹോട്ടലുകളും ബിസിനസുകളും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളില്‍ എല്ലാ മാസവും നേരിട്ട് പ്രതിഫലിക്കാറുണ്ട്. എന്നാല്‍ ഗാർഹിക സിലിണ്ടറുകളുടെ കാര്യത്തില്‍ ഇങ്ങനെയല്ല. സർക്കാർ കണക്കുകള്‍ പ്രകാരം ഒരു ഗാർഹിക സിലിണ്ടറിൻ്റെ ഇറക്കുമതി ചെലവ് 1,600 രൂപയിലധികമാണ്. 14.2 കിലോ ഗാർഹിക സിലിണ്ടറുകള്‍ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ സിലിണ്ടറൊന്നിന് 325.24 രൂപയുടെ നഷ്ടം വഹിക്കുന്നുണ്ട്. ഇതിന് പുറമെ 2026 നവംബറില്‍ ഇന്ത്യൻ ഓയില്‍, എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നീ എണ്ണക്കമ്പനികള്‍ സിലിണ്ടറൊന്നിന് 327 രൂപയുടെ നഷ്ടവും സഹിക്കുന്നു. ശൈത്യകാല ഡിമാൻഡ് വർധിക്കുന്നതോടെ ഡിസംബറില്‍ ഇത് 370 രൂപയായി ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകള്‍. തുടർച്ചയായ മൂന്ന് മാസങ്ങളായി 19 കിലോ വാണിജ്യ സിലിണ്ടർ വില വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് മുതല്‍ നവംബർ വരെയുള്ള കാലയളവില്‍ പ്രൊപ്പെയ്ൻ വില 16.3 ശതമാനവും ബ്യൂട്ടെയ്ൻ വില 21.9 ശതമാനവും ഉയർന്നു. സൗദി അരാംകോ വില വീണ്ടും ഉയർത്തിയാല്‍ ഡിസംബറില്‍ വാണിജ്യ സിലിണ്ടർ വില കൂടാനാണ് സാധ്യത. അതേസമയം, ഗാർഹിക സിലിണ്ടർ വില 2026 ജൂണ്‍ ഏഴിന് ശേഷം മാറ്റമില്ലാതെ തുടരുകയാണ്.*2) ബയോമെട്രിക് ആധാർ ഓതൻ്റിക്കേഷൻ നിർബന്ധം*2026 ഒക്ടോബർ ഒന്ന് മുതല്‍ നിലവില്‍ വന്ന നിർബന്ധിത ആധാർ അധിഷ്ഠിത ബയോമെട്രിക് കെവൈസി നിയമം ഡിസംബറിലും തുടരും. സബ്സിഡിയോട് കൂടിയ റീട്ടെയില്‍ വില്‍പ്പന വിലയില്‍ റീഫില്‍ ബുക്ക് ചെയ്യാൻ ഗാർഹിക ഉപഭോക്താക്കള്‍ ഇത് പൂർത്തിയാക്കിയിരിക്കണം.*3) എല്‍പിജി സബ്സിഡി നിയമങ്ങള്‍*ആധാർ ഇ-കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കള്‍ക്ക് സബ്സിഡി ലഭിക്കുന്നതില്‍ തടസ്സം നേരിടും. ബയോമെട്രിക് പരിശോധന പൂർത്തിയാക്കാത്തവരുടെ സബ്സിഡി സഹിതമുള്ള റീഫില്‍ ബുക്കിംഗ് തടഞ്ഞുവെക്കുമെന്നും, ഓതൻ്റിക്കേഷൻ പൂർത്തിയാക്കിയാല്‍ മാത്രമേ ഇത് പുനഃസ്ഥാപിക്കുകയുള്ളൂ എന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.*4) ഒരിക്കല്‍ ഇ-കെവൈസി ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല*എല്‍പിജി ഇ-കെവൈസി ഒറ്റത്തവണ മാത്രം ചെയ്യേണ്ട നടപടിക്രമമാണ്. ഇതിനോടകം ബയോമെട്രിക് ഓതൻ്റിക്കേഷൻ പൂർത്തിയാക്കിയ ഉപഭോക്താക്കള്‍ വീണ്ടും ഇത് ചെയ്യേണ്ടതില്ല. അവർക്ക് സബ്സിഡി ആനുകൂല്യങ്ങളോടെയുള്ള റീഫില്‍ സൗകര്യം പതിവുപോലെ തുടരും.*5) ഒരേ വിലാസത്തില്‍ രണ്ട് പാചകവാതക കണക്ഷനുകള്‍ പാടില്ല*2026 മെയ് മാസത്തിലെ ഗസറ്റ് വിജ്ഞാപനം അനുസരിച്ച് ഒരേ വിലാസത്തില്‍ രണ്ട് പാചകവാതക കണക്ഷനുകള്‍ കൈവശം വെക്കാൻ അനുവാദമില്ല. ഉപഭോക്താക്കള്‍ക്ക് എല്‍പിജി അല്ലെങ്കില്‍ പിഎൻജി കണക്ഷനുകളില്‍ ഏതെങ്കിലും ഒന്ന് മാത്രമേ നിലനിർത്താനാകൂ. താമസിക്കുന്ന സൊസൈറ്റിയില്‍ പിഎൻജി സൗകര്യം ലഭ്യമാണെങ്കില്‍, പൈപ്പ്ഡ് ഗ്യാസ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ എല്‍പിജി കണക്ഷൻ സറണ്ടർ ചെയ്യേണ്ടത് നിർബന്ധമാണ്. പിഎൻജി ഉപഭോക്താക്കള്‍ക്ക് പുതിയ എല്‍പിജി കണക്ഷന് അപേക്ഷിക്കാനോ റീഫില്‍ ചെയ്യാനോ വിലക്കുണ്ട്.*6) സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള*ഗ്രാമീണ, നഗര മേഖലകളിലെ എല്ലാ ഉപഭോക്താക്കള്‍ക്കും ഒരു സിലിണ്ടർ ബുക്ക് ചെയ്തതിന് ശേഷം അടുത്ത റീഫില്‍ ബുക്ക് ചെയ്യാനുള്ള 25 ദിവസത്തെ ഇടവേള ഡിസംബറിലും തുടരും.*7) പുതിയ എല്‍പിജി കണക്ഷനുകള്‍ക്ക് തടസ്സം*2026 മാർച്ച് മുതല്‍ പല സംസ്ഥാനങ്ങളിലും 14.2 കിലോയുടെ പുതിയ ഇൻഡെയ്ൻ, എച്ച്പി, ഭാരത് ഗ്യാസ് കണക്ഷനുകള്‍ നല്‍കുന്നത് നിർത്തിവെച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. പുതിയ കണക്ഷനുകള്‍ക്കായി അപേക്ഷിക്കുന്നതില്‍ ഡിസംബറില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.*8) ഓണ്‍ലൈൻ ബുക്കിംഗും ഒടിപി അധിഷ്ഠിത വിതരണവും*എസ്എംഎസ്, വാട്സാപ്പ്, കോള്‍ എന്നിവ വഴി സിലിണ്ടർ ബുക്ക് ചെയ്യാമെങ്കിലും, രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പർ ഉപയോഗിച്ച് എണ്ണക്കമ്പനികളുടെ ഔദ്യോഗിക ചാനലുകള്‍ വഴിയോ പ്രാദേശിക വിതരണക്കാർ വഴിയോ ഓണ്‍ലൈനായി ബുക്ക് ചെയ്യാനാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. സിലിണ്ടർ കൈപ്പറ്റുമ്പോള്‍ ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കുന്ന രീതി ഡിസംബറിലും തുടരും.*9) നഗരങ്ങള്‍ക്കനുസരിച്ച് വില വ്യത്യാസപ്പെടും*ഗതാഗതച്ചെലവ്, ചരക്കുകൂലി, ഹാൻഡ്ലിംഗ് ചാർജുകള്‍ എന്നിവ കാരണം ഇൻഡെയ്ൻ, എച്ച്പി, ഭാരത് ഗ്യാസ് വിലകള്‍ ഓരോ നഗരത്തിലും വ്യത്യാസപ്പെട്ടിരിക്കും. ഡല്‍ഹിയിലെയോ ബിഹാറിലെയോ വിലയായിരിക്കില്ല മഹാരാഷ്ട്രയില്‍. അതിനാല്‍ താമസം മാറുമ്പോള്‍ ഔദ്യോഗിക കമ്പനികളുടെ വെബ്സൈറ്റുകളില്‍ നിന്ന് പുതുക്കിയ വില പരിശോധിക്കേണ്ടതാണ്.*10) സബ്സിഡിയില്ലാതെ എല്‍പിജി വാങ്ങാനുള്ള അവസരം*ബയോമെട്രിക് ആധാർ ഓതൻ്റിക്കേഷൻ പൂർത്തിയാക്കാൻ താല്പ്പര്യമില്ലാത്തവർക്കോ കഴിയാത്തവർക്കോ സബ്സിഡിയില്ലാതെ എല്‍പിജി വാങ്ങാൻ അവസരമുണ്ട്. ഇതിനായി എണ്ണക്കമ്പനികളുടെ വെബ് പോർട്ടല്‍, മൊബൈല്‍ ആപ്പ്, വാട്സ്ആപ്പ് ചാറ്റ്ബോട്ട് അല്ലെങ്കില്‍ ഐവിആർഎസ് വഴി ഈ ഓപ്ഷൻ രജിസ്റ്റർ ചെയ്യണം. ഇവർക്ക് പ്രാദേശിക ലഭ്യതയ്ക്ക് അനുസരിച്ച് അഞ്ച് കിലോ അല്ലെങ്കില്‍ 10 കിലോ സിലിണ്ടറുകള്‍ വിപണി വിലയില്‍ ലഭ്യമാകും.

വാർത്തകൾക്കും പരസ്യം നല്‍കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments