*ഡിജിറ്റൽ സർവേയിലെ അപാകതകൾ പരിഹരിക്കണം; റവന്യൂ മന്ത്രിക്ക് നിവേദനം നൽകി കല്ലട്ര മാഹിൻ എം.എൽ.എസർവേ നടപടികൾക്ക് ഏകീകൃത മാർഗനിർദേശം വേണം; കാസർകോട് ജില്ലയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും ആവശ്യം*
കാസർകോട് : സംസ്ഥാനത്ത് ഡിജിറ്റൽ സർവേ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും നേരിടുന്ന പ്രായോഗികവും സാങ്കേതികവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കല്ലട്ര മാഹിൻ എം.എൽ.എ റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാറിന് നിവേദനം നൽകി.
ഡിജിറ്റൽ സർവേയുടെ ഭാഗമായി ഭൂമിയുടെ വിസ്തീർണ്ണം, അതിർത്തി നിർണയം, ഉടമസ്ഥാവകാശ രേഖകൾ, തണ്ടപ്പേർ അനുവദിക്കൽ, ഭൂനികുതി സ്വീകരിക്കൽ, ഭൂമി രജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങളിൽ നിരവധി ആശയക്കുഴപ്പങ്ങളും സാങ്കേതിക തടസ്സങ്ങളും നിലനിൽക്കുന്നുണ്ടെന്ന് എം.എൽ.എ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് ബാധകമായ ഏകീകൃത മാർഗനിർദേശം പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു.
നിലവിലുള്ള ആധാരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിനേക്കാൾ അധികമായി ഭൂവിസ്തീർണ്ണം കണ്ടെത്തുന്ന സാഹചര്യങ്ങളിൽ സ്വകാര്യ ജന്മാവകാശ ഭൂമിയുടെ അതിർത്തി പുനർനിർണയം, സബ് ഡിവിഷൻ തുടങ്ങിയ നടപടികൾ സ്വീകരിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ വേണം. അധികമായി കണ്ടെത്തുന്ന ഭൂമിയുടെ ഉടമസ്ഥാവകാശവും അതിർത്തിയും പരിശോധിച്ച് ഭൂവുടമകൾക്ക് നോട്ടീസ് നൽകി ഹിയറിങ് നടത്തിയശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ എന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ജി2പി തണ്ടപ്പേർ അനുവദിക്കുന്നതുൾപ്പെടെയുള്ള അപേക്ഷകൾ വില്ലേജ് ഓഫീസറുടെ ലോഗിൻ മുഖേന മാത്രമേ കൈകാര്യം ചെയ്യാൻ കഴിയൂ എന്ന സാങ്കേതിക പരിമിതി പരിഹരിക്കണം. ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട അൺഡിവൈഡഡ് ഷെയർ (UDS) രജിസ്ട്രേഷൻ നടപടികളിലെ തടസ്സങ്ങൾ നീക്കാൻ റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകൾ തമ്മിൽ ഏകോപനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിന് ഹെൽപ് ഡെസ്കുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം. 'എന്റെ ഭൂമി' പോർട്ടലിൽ ഒരേ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം പ്ലോട്ടുകളുമായി ബന്ധപ്പെട്ട പരാതികൾ ഒറ്റ അപേക്ഷയായി സമർപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കണം. വിസ്തീർണ്ണ വ്യത്യാസങ്ങൾ തിരുത്തുന്നതിനുള്ള അപേക്ഷകളുടെ ഫീസ് ഒഴിവാക്കുകയോ കുറഞ്ഞത് രണ്ടുവർഷത്തേക്ക് ഫീസ് ഇളവ് അനുവദിക്കുകയോ വേണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
സാങ്കേതിക പരിജ്ഞാനമില്ലാത്തവർ അബദ്ധത്തിൽ തെറ്റായ അപേക്ഷ സമർപ്പിച്ചാൽ ഫീസ് നഷ്ടപ്പെടാതെ അപേക്ഷ തിരുത്തുന്നതിനും അനുയോജ്യമായ അപേക്ഷയാക്കി മാറ്റുന്നതിനും അവസരം നൽകണം. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാൻ പ്രയാസമുള്ളവർക്ക് നേരിട്ട് പരാതി സമർപ്പിക്കുന്നതിനുള്ള സൗകര്യവും ഉറപ്പാക്കണം.
എൽ.ആർ.എം (Land Records Management) പരാതികൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് ആവശ്യമായ അധിക സർവേയർമാരെ നിയമിക്കണം. ഡിജിറ്റൽ സർവേ നടപടികളിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനൊപ്പം പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന റവന്യൂ ജീവനക്കാർക്ക് ജില്ലാതലത്തിൽ തുടർച്ചയായ പരിശീലനം നൽകണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കാസർകോട് ജില്ലയിലെ സർവേ ജീവനക്കാരുടെ കുറവ് പരിഹരിക്കണം
കാസർകോട് ജില്ലയിൽ സർവേ വകുപ്പിലെ ജീവനക്കാരുടെ കുറവ് സർവേ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി. ജില്ലയിൽ ഒഴിവുവരുന്ന തസ്തികകളിൽ പുതുതായി നിയമിക്കപ്പെടുന്ന ജീവനക്കാർ നിയമാനുസൃതമായി കുറഞ്ഞത് മൂന്നുവർഷമെങ്കിലും ജില്ലയിൽ സേവനമനുഷ്ഠിക്കുന്നതിന് നടപടി സ്വീകരിക്കണം. കാസർകോട് ജില്ലയിൽ തസ്തിക നിലനിർത്തി ശമ്പളം കൈപ്പറ്റിക്കൊണ്ട് ജോലി ക്രമീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഉൾപ്പെടെയുള്ള മറ്റു ജില്ലകളിലേക്ക് പോകുന്ന സർവേയർമാരുടെ എണ്ണം വർധിക്കുന്നത് ജില്ലയിലെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇത്തരം ക്രമീകരണങ്ങൾ അവസാനിപ്പിച്ച് ജീവനക്കാരുടെ സേവനം ജില്ലയിൽത്തന്നെ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ഡിജിറ്റൽ സർവേയിൽ അധികമായി കണ്ടെത്തുന്ന ഭൂമി സർക്കാർ ഭൂമിയായി രേഖപ്പെടുത്തുന്ന സാഹചര്യങ്ങളിൽ ദീർഘകാലമായി ഭൂമി കൈവശം വെച്ചുവരുന്നവരുടെ അവകാശവാദങ്ങൾ നിയമാനുസൃതമായി പരിശോധിച്ച് അർഹമായ പരിഹാരം ഉറപ്പാക്കണം. സർക്കാർ ഭൂമിയിൽ പതിച്ചുനൽകാൻ നിയമപരമായി അനുവദനീയമായ ഭൂമിയും പൊതുആവശ്യങ്ങൾക്കായി സംരക്ഷിക്കേണ്ട ഭൂമിയും വ്യക്തമായി തരംതിരിച്ച് അർഹരായ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് ആവശ്യമായ നിയമപരവും ഭരണപരവും സാങ്കേതികവുമായ പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ സംസ്ഥാനത്തുടനീളം ബാധകമായ ഏകീകൃത മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും കല്ലട്ര മാഹിൻ എം.എൽ.എ ആവശ്യപ്പെട്ടു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments