എല്‍ഡിഎഫ് 10, യുഡിഎഫ് 10; ഏഴെണ്ണം പിടിച്ചെടുത്ത് ഇടതിന് നേട്ടം
തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വന്‍ നേട്ടം. പത്തു സീറ്റുവീതം എല്‍.ഡി.എഫും, യുഡിഎഫും നേടിയെങ്കിലും ഏഴു സീറ്റുകള്‍ പിടിച്ചെടുത്താണ് എല്‍.ഡി.എഫ് കരുത്തറിയിച്ചത്. മട്ടന്നൂര്‍ നഗരസഭയില്‍ ബിജെപി ആദ്യമായി സീറ്റ് നേടി. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതടക്കമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെയും, ഒരു മാസം കഴിഞ്ഞ് ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെയും നേടിയ വന്‍ വിജയം എല്‍.ഡി.എഫിനു ആശ്വാസകരമാണ്.മൂന്നു സീറ്റ് ബിജെപിയില്‍ നിന്നും നാലു സീറ്റ് യുഡിഎഫില്‍ നിന്നുമാണ് പിടിച്ചെടുത്തത്.
തിരുവനന്തപുരം കോര്‍പറേഷന്‍ വെള്ളാര്‍, ഒറ്റശേഖരമംഗലം കുന്നനാട് വാര്‍ഡ്, കൊല്ലം ചടയമംഗലം എന്നിവ ബിജെപിയില്‍ നിന്നും കണ്ണൂര്‍ മുഴപ്പിലങ്ങാട്, തൃശൂര്‍ മുല്ലശേരി, പാലക്കാട് എരുത്തേമ്പത്ത്, നെടുമ്പാശേരി പഞ്ചായത്ത് വാര്‍ഡ് എന്നിവ യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തു. ഇതില്‍ നെടുമ്പാശേരി പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് സിപിഎം പിടിച്ചെടുത്തതോടെ കോൺഗ്രസിനു പഞ്ചായത്തു ഭരണം നഷ്ടമാവും. മുൻ ധാരണ പ്രകാരം സ്ഥാനമൊഴിയേണ്ട കോൺഗ്രസിലെ വൈസ് പ്രസിഡന്റ് ധാരണപാലിക്കാതെ വന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവച്ചതോടെയാണു ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.
തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ തവണ ബിജെപി 500 ലേറെ വോട്ടിനു ജയിച്ച വാര്‍ഡ് ഇത്തവണ സിപിഐയിലെ പനത്തറ ബൈജു 151 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് പിടിച്ചെടുത്തത്. യുഡിഎഫിന് ആശ്വാസം മൂന്നാര്‍ മാത്രമാണ്. ജയത്തോടെ പഞ്ചായത്ത് ഭരണം നിലനിര്‍ത്താം. പത്തനംതിട്ട നാരങ്ങാനത്ത് കടമ്മനിട്ട വാര്‍ഡ് കോണ്‍ഗ്രസിന് ലഭിച്ചതോടെ എല്‍ഡിഎഫിന് കേവലഭൂരിപക്ഷം നഷ്ടമായിട്ടുണ്ട്. ആകെ 14 സീറ്റുള്ള ഇവിടെ സിപിഎം 6, യുഡിഎഫ് 4, ബിജെപി 2, സ്വതന്ത്രർ 2 എന്നിങ്ങനെയായി കക്ഷി നില.
മട്ടന്നൂര്‍ നഗരസഭയിലെ ഠൗണ്‍ വാര്‍ഡ് യുഡിഎഫില്‍ നിന്നും ആലപ്പുഴ ജില്ലയിലെ വെളിയനാട് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നുമാണ് ബിജെപി പിടിച്ചെടുത്തത്. മട്ടന്നൂര്‍ നഗരസഭ വാര്‍ഡില്‍ സിപിഎം മൂന്നാം സ്ഥാനത്തായി. കൊച്ചിയിലെ എടവനക്കാട് വാര്‍ഡ് മാത്രമാണ് യുഡിഎഫ് പിടിച്ചെടുത്തത്. മുസ്ലിം ലീഗിലെ വിഭാഗീയതയെത്തുടർന്ന് നഗരസഭാധ്യക്ഷയായിരുന്ന ബുഷ്റ ഷബീർ രാജിവച്ച വാർഡ് അടക്കം കോട്ടയ്ക്കൽ നഗരസഭയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 2 വാർഡുകളും യുഡിഎഫ്നിലനിർത്തി .

No comments