കേരള കേന്ദ്ര സര്‍വ്വകലാശാല സ്ഥാപന ദിനാഘോഷം: സാമൂഹ്യ പുരോഗതിയും വികസനവും ഗവേഷണങ്ങളുടെ ലക്ഷ്യമാകണം: പ്രൊഫ. ജാന്‍സി ജെയിംസ്
പെരിയ: സാമൂഹ്യ പുരോഗതിയും വികസനവും ഗവേഷണങ്ങളുടെ ലക്ഷ്യമാകണമെന്ന് കേരള കേന്ദ്ര സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ജാന്‍സി ജെയിംസ് പറഞ്ഞു. കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ പതിനഞ്ചാമത് സ്ഥാപന ദിനാഘോഷത്തില്‍ ഉന്നത വിദ്യാഭ്യാസം: പുതിയ സാധ്യതകള്‍ എന്ന വിഷയത്തില്‍ സ്ഥാപന ദിന പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേവലം അക്കാദമിക സ്ഥാപനങ്ങള്‍ എന്നതിലുപരി പ്രാദേശിക വികസനത്തെ ത്വരിതപ്പെടുത്തുന്ന കേന്ദ്രങ്ങളായി മാറണം. ഇത്തരം സ്ഥാപനങ്ങളിലെ ഗവേഷണങ്ങളുടെ നിര്‍വ്വഹണവും നിലവാരവും ഉള്ളടക്കവും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അക്കാദമിക് ഉദ്യമം എന്നത് മാത്രമാക്കി ഗവേഷണത്തെ ചുരുക്കാതെ നാടിന്റെയും രാജ്യത്തിന്റെയും വികസനത്തിന് ഉപയോഗപ്പെടുത്താന്‍ സാധിക്കണം.
ഏത് മേഖലയിലായാലും പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും പരിഹാരമാണ് ഗവേഷണങ്ങളുടെ ലക്ഷ്യം. നാം നേരിടുന്ന പ്രശ്നങ്ങള്‍ ഗവേഷണരംഗം അഭിസംബോധന ചെയ്യണം. മഹാമാരിക്കാലത്ത് കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ വൈറോളജി ലാബില്‍ കോവിഡ് പരിശോധന നടത്തിയിരുന്നു. നിര്‍ണായക സമയത്ത് സമൂഹം ആവശ്യപ്പെടുന്ന തരത്തില്‍ സര്‍വ്വകലാശാലയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചു. ഇത്തരത്തില്‍ സാമൂഹ്യ കാഴ്ചപ്പാടുകളിലൂന്നിയ ഇടപെടലുകളും പ്രവര്‍ത്തനങ്ങളുമാണ് സര്‍വ്വകലാശാലയില്‍ നിന്നും ഉണ്ടാകേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു അധ്യക്ഷത വഹിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് അക്കാദമിക രംഗത്തും അടിസ്ഥാന സൗകര്യവികസനത്തിലും മുന്നേറാന്‍ സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അധ്യാപനത്തില്‍ മാത്രം ശ്രദ്ധയൂന്നുന്ന സര്‍വ്വകലാശാലയില്‍നിന്നും ഗവേഷണത്തിന് ഊന്നല്‍ നല്‍കുന്ന നിലയിലേക്ക് സര്‍വ്വകലാശാല വളര്‍ന്നു. ജിനോമിക് സയന്‍സ് വിഭാഗം അധ്യക്ഷന്‍ പ്രൊഫ. വി.ബി. സമീര്‍കുമാര്‍, സ്റ്റുഡന്റ്സ് കൗണ്‍സില്‍ പ്രസിഡണ്ട് എ. ശ്രീഹരി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ സ്വാഗതവും എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗം പ്രൊഫ. കെ. അരുണ്‍ കുമാര്‍ നന്ദിയും പറഞ്ഞു.

No comments