Breaking News

അത്യാഹിത വിഭാഗത്തിലെ ചികിത്സ നിഷേധിച്ചു; താലൂക്ക് ആശുപത്രിക്കെതിരെ വീണ്ടും ആരോപണം


 ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കെതിരെ വീണ്ടും ആരോപണം. മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി അംഗവും നഗരസഭാ മുൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ കെ.ബി. ശശികുമാർ ആരോഗ്യ വകുപ്പിനെ സമീപിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് പരാതിക്ക് ആധാരമായ സംഭവം. ശ്വാസതടസവും ചുമയും കഫക്കെട്ടും ബാധിച്ചാണ് ശശികുമാർ അത്യാഹിത വിഭാഗത്തിലെത്തിയത്. ഇത്തരം അസുഖങ്ങൾക്ക് അത്യാഹിത വിഭാഗത്തിലല്ല വരേണ്ടതെന്നും ആശുപത്രിയിലെ ഒപിയില്‍ എത്തണമെന്നുമായിരുന്നു ഡോക്ടറുടെ നിലപാടെന്നു പരാതിയിൽ പറയുന്നു. കുറിപ്പടിയിൽ പേരിനു ചില മരുന്നുകൾ എഴുതി തിരിച്ചുവിട്ടെന്നും അദേഹം ആരോപിച്ചു.

അസുഖം ഭേദമാകാത്തതിനെ തുടർന്നു പിറ്റേന്നു രാവിലെ പരാതിയുമായി ആശുപത്രി സൂപ്രണ്ടിനെ സമീപിച്ചപ്പോഴാണു മറ്റൊരു ഡോക്ടർ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ നൽകിയതെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച പരാതി ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും നൽകിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലെ ചികിത്സ നിഷേധങ്ങളെ ചൊല്ലി നേരത്തെയും സമാനായ പരാതികൾ ഉയർന്നിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞമാസം നഗരസഭാധികൃതർ ഡോക്ടർമാരുടെ യോഗം വിളിച്ചു ചേർത്ത് നിർദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും തീര്‍പ്പായില്ല.

No comments