എസ്‌ഐആർ അടിസ്ഥാനമാക്കുന്നത് 2002ലെ വോട്ടർ പട്ടിക; പേരില്ലാത്തവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഓർക്കേണ്ട തീയതികൾ.
തിരുവനന്തപുരം : ആശങ്കകളുടെ വേലിയേറ്റം സൃഷ്ടിച്ച് കേരളത്തിൽ എസ്‌ഐആർ നടപടികൾക്ക് തുടക്കമായിരിക്കുന്നു. 2002ലെ വോട്ടർ പട്ടികയെ അടിസ്ഥാനമാക്കിയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ എസ്‌ഐആർ നടപ്പാക്കുക. നിലവിലുള്ള പട്ടികയ്ക്ക് പകരം പഴയ പട്ടികയാണ് എസ്‌ഐആറിന് അടിസ്ഥാനമാക്കുന്നത്. ഇത് നിയമവിരുദ്ധമാണ്. 1950ലെ ജനപ്രാതിനിധ്യ നിയമവും 1960ലെ വോട്ടർ രജിസ്‌ട്രേഷൻ ചട്ടവും അനുസരിച്ച് നിലവിലുള്ള വോട്ടർപട്ടികയാണ് പുതുക്കലിന് അടിസ്ഥാനരേഖയാകേണ്ടത്.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിലെ എസ്‌ഐആർ നീട്ടിവയ്ക്കണമെന്ന കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം കമ്മീഷൻ പരിഗണിച്ചില്ല. നിലവിലെ വോട്ടർമാരിൽ 50 ലക്ഷത്തിലേറെ പേർ എസ്‌ഐആറിന് ശേഷം പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടേക്കാമെന്നാണ് ആശങ്ക. എന്നാൽ, എതിർപ്പുകളും ആശങ്കകളും അവഗണിച്ച് മുന്നോട്ടുപോവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.
Read Also
എസ്‌ഐആർ; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള അജണ്ട, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള തീരുമാനം പിൻവലിക്കണം: വി.ഡി സതീശൻ
ഈ മാസം 13ന് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പോർട്ടലിൽ (www.ceo.kerala.com.in) 2002ലെ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ, 2025 ആഗസ്റ്റിലെ വോട്ടർപട്ടികയിലെ 53.25 ലക്ഷം പേർ ഇല്ല. എസ്‌ഐആർ നടപടികൾക്ക് ഇന്ന് തുടക്കമായതോടെ നിലവിലെ വോട്ടർപട്ടിക അസാധുവായി. ഇനി എസ്‌ഐആർ പ്രകാരമുള്ള കരട്, അന്തിമ വോട്ടർ പട്ടികകളാവും വരിക. അതനുസരിച്ചാവും കേരളം ഇനിയുള്ള തെരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുക.
2002ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തവർ ചെയ്യേണ്ടത്
കേരളത്തിൽ 2002ലെ വോട്ടർ പട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളോ പേരോ ഇല്ലാത്തവരെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ മൂന്നായി തരംതിരിച്ച കമ്മീഷൻ, അവർക്ക് വോട്ടവകാശം ലഭിക്കാൻ സമർപ്പിക്കേണ്ട രേഖകൾ വ്യക്തമാക്കിയിട്ടുണ്ട്.
Read Also
കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറി; ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ പരാതി
1. 1987 ജൂലൈ ഒന്നിന് മുമ്പ് ജനിച്ചവർ: സ്വന്തം ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ സമർപ്പിക്കണം
2. 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനുമിടയിൽ ജനിച്ചവർ: സ്വന്തം ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ കൂടാതെ മാതാവിന്റെയോ പിതാവിന്റെയോ ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖയും സമർപ്പിക്കണം.
3. 2004 ഡിസംബർ രണ്ടിന് ശേഷം ജനിച്ചവർ: സ്വന്തം ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ കൂടാതെ രക്ഷിതാക്കളിൽ മാതാവിന്റെയും പിതാവിന്റേയും ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖയും സമർപ്പിക്കണം. വോട്ടറുടെ രക്ഷിതാക്കളിൽ ആരെങ്കിലും ഇന്ത്യൻ പൗരൻ അല്ലെങ്കിൽ ജനനസമയത്തുള്ള ഇവരുടെ വിസയുടെയും പാസ്‌പോർട്ടിന്റേയും പകർപ്പ് നൽകണം.
പേരുള്ളവരും അപേക്ഷ നൽകണം
2002 വോട്ടർ പട്ടികയിൽ സ്വന്തം പേരുള്ളവരും മാതാപിതാക്കളുടെ പേരുള്ളവരും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകണം. എന്നാൽ അവർ അപേക്ഷയ്‌ക്കൊപ്പം പൗരത്വം തെളിയിക്കാനുള്ള 12 രേഖകളിൽ ഒന്നും സമർപ്പിക്കേണ്ടതില്ല. കമ്മീഷൻ പ്രസിദ്ധീകരിച്ച 2002ലെ വോട്ടർ പട്ടികയിൽ പേരുള്ളതിന്റെ രേഖ നൽകിയാൽ മതി.
ഈ തീയതികൾ ഓർത്തിരിക്കണം
പ്രിന്റ് എടുക്കൽ, പരിശീലനം: ഒക്ടോബർ 28 മുതൽ നവംബർ മൂന്ന് വരെ
വീടുവീടാന്തരം അപേക്ഷാ ഫോം നൽകൽ: നവംബർ നാല് മുതൽ ഡിസംബർ നാല് വരെ
എസ്‌ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണം: ഡിസംബർ ഒമ്പത്
ആവലാതികളും ആക്ഷേപങ്ങളും സ്വീകരിക്കൽ: ഡിസംബർ ഒമ്പത് മുതൽ ജനുവരി എട്ട് വരെ
പരാതികളിൽ നോട്ടീസ്, ഹിയറിങ്, പരിശോധന: ഡിസംബർ ഒമ്പത് മുതൽ ജനുവരി 31 വരെ
എസ്‌ഐആർ അന്തിമ വോട്ടർ പട്ടിക : 2026 ഫെബ്രുവരി എഴിന് പ്രസിദ്ധീകരണം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments