നെന്മാറ സജിത കൊലക്കേസ്: പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം.
പാലക്കാട് : നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. സജിത വധക്കേസ് അപൂര്‍വങ്ങളിൽ അപര്‍വമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ജീവപര്യന്തം തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. രണ്ടു വകുപ്പുകളിലായാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിനും (302) അതിക്രമിച്ചു കടക്കലിനും (449)നും ചേര്‍ത്താണ് ഇരട്ട ജീവപര്യന്തം തടവ്. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3.25 ലക്ഷം പിഴയും കോടതി വിധിച്ചു. തെളിവ് നശിപ്പിക്കലിന് (201) അഞ്ചു വര്‍ഷം തടവ് ശിക്ഷയും കാല്‍ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. കഴിഞ്ഞ ദിവസം പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന വാദത്തിന് ശേഷമാണ് ഇന്ന് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ പരോൾ നൽകുകയാണെങ്കിൽ സാക്ഷികൾക്കും ഇരകൾക്കും പൂർണ സുരക്ഷ ഉറപ്പുവരുത്തണമെന്നും കോടതി വിധിച്ചു.
പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. കേസിന് പിന്നാലെ നടന്ന ഇരട്ട കൊലയും കോടതിയെ അറിയിച്ച് കൊണ്ടായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. എന്നാൽ, ശിക്ഷയിൽ ഇളവ് വേണമെന്ന് വാദിച്ച പ്രതിഭാഗം ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നും കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലാതിരുന്നയാളല്ലായിരുന്നുവെന്നും അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ശിക്ഷാ വിധി കേള്‍ക്കാൻ സജിതയുടെ മക്കളും വീട്ടുകാരും കോടതിയിൽ എത്തിയിരുന്നു. നെന്മാറ പോത്തുണ്ടി ബോയൻസ് നഗര്‍ സ്വദേശിനി സജിത 2019 ഓഗസ്റ്റ് 31നാണ് കൊല്ലപ്പെട്ടത്. കേസിൽ കൊലപാതകം, തെളിവ് നശിപ്പിക്കൽ അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളാണ് ഏക പ്രതിയായ ചെന്താമരയ്ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.
ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമായിരുന്നു ചെന്താമര സജിതയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയത്. ഭാര്യയും മകളും തന്നെ വിട്ടു പോകാൻ കാരണം സജിതയാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു വിചാരണ ഘട്ടത്തിൽ പ്രതി മൊഴി നല്‍കിയത്. സജിതയുടെ വീടിനകത്ത് ചോര പതിഞ്ഞ ചെന്താമരയുടെ കാൽപാടുകളാണ് കേസിൽ നിർണായകമായത്. ഒപ്പം മൽപിടുത്തത്തിനിടയിൽ പോക്കറ്റ് കീറി നിലത്ത് വീണ വസ്ത്രം ചെന്താമരയുടെ തന്നെയെന്ന ഇയാളുടെ ഭാര്യയുടെ മൊഴിയും പ്രതിക്ക് കുരുക്കായി. കേസിലെ സാക്ഷികളുടെ മൊഴിയും നിര്‍ണായകമായിരുന്നു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments