Breaking News

*ഫണ്ട് തീർന്നു; ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് ഇനി സബ്സിഡിയില്ല*

മുംബൈ : ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങാൻ ആലോചിക്കുന്നവർ ഇനി അധികം പണം മുടക്കേണ്ടി വരും. കാരണം ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സബ്സിഡി നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര ഘന വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ച് ഓട്ടോമൊബൈൽ നിർമാതാക്കളുടെ ​സൊസൈറ്റിക്ക് (സിയാം) കത്ത് നൽകിയത്.

10,900 കോടി രൂപയുടെ പി.എം ഇ-ഡ്രൈവ് സ്കീം പ്രകാരം നൽകിയിരുന്ന സബ്സിഡി കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അവസാനിക്കുകയായിരുന്നു. അടുത്ത വർഷം മാർച്ച് വരെയായിരുന്നു സബ്സിഡിയുടെ കാലാവധി. എന്നാൽ പ്രതീക്ഷച്ചതിനേക്കാൾ കൂടുതൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വിറ്റുപോയതോടെ 857 കോടി രൂപയുടെ സബ്സിഡി ഫണ്ട് തീരുകയായിരുന്നു.

288,809 എൽ5 മുച്ചക്ര വാഹനങ്ങളുടെ വിൽപന ലക്ഷ്യം കൈവരിക്കുകയോ അല്ലെങ്കിൽ ഡിസംബർ 26 പൂർത്തിയാകുകയോ ചെയ്താൽ ആനുകൂല്യങ്ങൾ നൽകുന്നത് നിർത്തലാക്കുമെന്നാണ് ഡിസംബർ 23ന് നൽകിയ കത്തിൽ മന്ത്രാലയം അറിയിച്ചത്. പി.എം ഇ-ഡ്രൈവ് സ്കീമിന്റെ ചട്ട പ്രകാരം സബ്സിഡി പരിമിതമാണെന്നും അനുവദിച്ച ഫണ്ട് തീർന്നാൽ പുതിയ അപേക്ഷകൾ പരിഗണിക്കില്ലെന്നും ​മന്ത്രാലയം വ്യക്തമാക്കി.

പി.എം ഇ-ഡ്രൈവ് സ്കീമിൽ ചെറിയ ബാറ്ററിയുള്ള എൽ-3 വിഭാഗത്തിലുള്ള ഇ-റിക്ഷകൾക്കും എൽ-5 വിഭാഗത്തിലുള്ള ഓട്ടോറിക്ഷകൾക്കുമാണ് സബ്സിഡി നൽകിയിരുന്നത്. ഡൽഹി, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലെ യാത്ര വാഹനമാണ് ഇ-റിക്ഷകൾ. ഇവയിൽ രണ്ട് മുതൽ ഏഴ് കിലോവാട്ട്-ഹവേസ് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. എന്നാൽ, യാത്രക്കും ചരക്കുകൾ കൊണ്ടുപോകാനുമുള്ള ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് ഏഴ് മുതൽ 12 വരെ കിലോവാട്ട്-ഹവേസ് ബാറ്ററികൾ വേണം. എൽ-3 ഇ-റിക്ഷകൾക്ക് 192 കോടി രൂപയും എൽ-5 വാഹനങ്ങൾക്ക് 715 കോടി രൂപയുമാണ് അനുവദിച്ചിരുന്നത്. ഇ-റിക്ഷകൾക്ക് ആവശ്യക്കാർ കുറവായതിനാൽ എൽ-5 വാഹനങ്ങളുടെ സബ്സിഡി വർധിപ്പിക്കുകയായിരുന്നു.

ഈ വർഷം രാജ്യത്ത് രണ്ട് വിഭാഗങ്ങളിൽ നിന്നുമുള്ള 750,000 ഇ-ത്രീ വീലറുകൾ വിറ്റു. കഴിഞ്ഞ വർഷം വിൽപന ഏഴ് ലക്ഷമായിരുന്നു. ഇവയിൽ 286,000 വാഹനങ്ങൾക്ക് രണ്ട് വർഷത്തെ പി.എം ഇ-ഡ്രൈവ് പദ്ധതി പ്രകാരം ഇളവ് ലഭിച്ചു. സബ്സിഡി കാരണം നിരവധി പേരാണ് ഇലക്ട്രിക് ഓട്ടോറിക്ഷയിലേക്ക് മാറിയത്. മറ്റ് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന കുറഞ്ഞെങ്കിലും ഈ വർഷം 6.87 ലക്ഷം ഇലക്ട്രിക് ഓട്ടോറിക്ഷകളാണ് വിറ്റുപോയത്.

നിരവധി കാരണങ്ങളാണ് ഇലക്ട്രിക് ഓട്ടോറിക്ഷകൾ വിപണി കീഴടക്കിയത്. കാറുകളെയും ബൈക്കുകളെയും അപേക്ഷിച്ച് പെട്രോളിൽനിന്ന് ഓട്ടോറിക്ഷകളെ ഇലക്ട്രി​ക്കിലേക്ക് മാറ്റാൻ എളുപ്പം കഴിയും എന്നതാണ് പ്രധാന കാരണം. ഇലക്ട്രിക് ഓട്ടോകൾക്ക് പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകളുടെ സമാന വിലയാണെന്ന് മാത്രമല്ല, ഇന്ധനം, മെയ്ന്റനൻസ് ചെലവ് വളരെ കുറവാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments