Breaking News

കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര ഉജ്ജ്വല തുടക്കംകാസർകോട്:ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ അനിവാര്യം-കാന്തപുരം



ചെർക്കള : കേരളീയ മുസ്ലിം നവോത്ഥാനത്തെിന്റെ നിർണ്ണയിച്ചത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരളാ യാത്രക്ക് ചെർക്കളയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിംകൾക്ക് ദിശാബോധം നൽകിയതും സംഘടിത സമൂഹമായി അവരെ മുന്നോട്ട് നയിക്കുകയും ചെയ്ത സമസ്തയുടെ കർമഫലങ്ങൾ മറ്റ് സമൂഹങ്ങൾക്ക് കൂടി പല അർത്ഥത്തിൽ അനുഭവിക്കാനായി. 
ഈ നേട്ടങ്ങളും പുരോഗതിയും നിലനിർത്താൻ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണ്. സമസ്തയുടെയും അതിന്റെ പൂർവ മാതൃകകളുടെയും  പ്രവർത്തനങ്ങളിലൂടെയാണ്  ഇസ്ലാമിനെ കേരളീയർ മനസ്സിലാക്കിയതും സ്വീകരിച്ചതും. അറേബ്യയിൽ നിന്ന് വന്ന മാലിക് ഇബ്നു ദീനാറും സംഘവും സത്യസത്യസന്ധരും സത് സ്വഭാവികളുമായിരുന്നു. കാസർഗോഡിന്റെ ചരിത്രം ആ സ്മരണകളെക്കൂടി ഉൾവഹിക്കുന്നതാണ്. ഈ ഉത്തരദേശത്തിന് വെളിച്ചം കാട്ടിയ മാലിക് ദിനാർ സഹവർത്തിത്വത്തിന്റെയും നിർമലമായ ആത്മീയതയുടെയും ആ പൈതൃകമാണ് നമ്മെ ഓർമപ്പെടുത്തുന്നത്. ഇവിടുത്തെ ഭരണാധികാരികൾ സ്നേഹാദരങ്ങളോടെയാണ് അവരെ വരവേറ്റത്. 

ഇസ്ലാം സ്നേഹമാണ്. ലോകത്ത് എല്ലാ മതസ്ഥർക്കും ജീവിക്കാനും സ്വന്തം ആദർശം മറ്റുള്ളവരെ മുറിവേല്പിക്കാതെ പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്. എല്ലാവരുമായും നന്മയിൽ വർത്തിക്കാനാണ് ഇസ്ലാമിന്റെ അധ്യാപനം. എല്ലാവരും മനുഷ്യരാണെന്ന പരിഗണന നാം കൈവിട്ടു പോകാൻ പാടില്ല. സ്വസ്ഥ ജീവിതം എല്ലാവരുടെയും അവകാശമാണ്. ഒരു നാടിന് ഏറ്റവും വേണ്ടത് പുരോഗതിയും സമാധാനവുമാണ്. സമാധാന സന്ദേശങ്ങൾ പരസ്പരം കൈമാറാനും പട്ടിണി മാറ്റി പാവപ്പെട്ടവരെ ചേർത്തു നിർത്താനുമാണ് പ്രവാചകർ ഓർമപ്പെടുത്തിയത്.
സമസ്തയുടെ ഒരു നൂറ്റാണ്ട് അവിസ്മരണീയമാക്കാൻ വിപുലമായ കർമ്മ പദ്ധതികളാണ് നടക്കുന്നത്. ഇസ്ലാമിക വിജ്ഞാനവും, ആധുനിക വിദ്യാഭ്യാസവും,സമന്വയിപ്പിക്കുന്ന ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയായ  ജാമിഅത്തുൽ ഹിന്ദ് അടക്കമുള്ള പദ്ധതികൾ സമസ്തക്ക് കീഴിൽ നടപ്പിലാക്കി കഴിഞ്ഞു. ജീവകാരുണ്യ രംഗത്തും സമസ്ത ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത് കാന്തപുരം പറഞ്ഞു.

പൊതു സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ചു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ അധ്യക്ഷനായി.  സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. കർണാടക സ്പീക്കർ യു. ടി. ഖാദർ, രാജ്മോഹൻ ഉണ്ണിത്താൻ എം. പി, എം. എൽ. എമാരായ എം. രാജഗോപാലൻ, എൻ. എ. നെല്ലിക്കുന്ന്, അഡ്വ. സി എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരൻ, എ. കെ. എം അഷ്റഫ്, ചിന്മയ മിഷൻ കേരള ഘടകം അധ്യക്ഷൻ വിവേകാനന്ദ സരസ്വതി, ഫാദർ മാത്യു ബേബി മാർത്തോമ,എം.അബ്ദുൽറഹ്‌മാ, പികെ ഫൈസൽ, ഹക്കീം കുന്നിൽ, ഹർഷാദ് വോർകാടി  തുടങ്ങിയവർ സംബന്ധിച്ചു. സി. മുഹമ്മദ് ഫൈസി,റഹ്‌മത്തുല്ല സഖാഫി എളമരം പ്രമേയ പ്രഭാഷണം നടത്തി. പള്ളങ്കോട് അബ്ദുൽഖാദർ മദനി സ്വാഗതവും കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി നന്ദിയും പറഞ്ഞു 
മനുഷ്യർക്കൊപ്പം എന്ന സന്ദേശവുമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരളയാത്ര ആവേശോജ്വലമായ തുടക്കമാണ്  ഉള്ളാളത്ത് നടന്നത്. നൂറുക്കണക്കിന് സുന്നീ പ്രവർത്തകരുടെ തക്ബീർധ്വനികൾക്കിടയിൽ ഉള്ളാൾ ദർഗ്ഗയിൽ  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ. സുലൈമാൻ മുസ്ലിയാരും കേരള യാത്ര സമിതി ചെയർമാൻ കെ. എസ്. ആറ്റക്കോയ തങ്ങളും (കുമ്പോൽ) ജാഥാ നായകൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് പതാക കൈമാറി. ഉപനായകരായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി ,കർണാടക ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി,കർണാടക സ്പീക്കർ യു ടി ഖാദർ,ദർഗ്ഗ പ്രസിഡന്റ് ഹനീഫ് ഹാജി ഉള്ളാൾ, ഡോ. മുഹമ്മദ് ഫാസിൽ റസ് വി കാവൽക്കട്ട തുടങ്ങിയവർ സം ബന്ധിച്ചു. തുടർന്ന് യാത്രയെ   സപ്തഭാഷാ സംഗമ ഭൂമിയിലേക്ക് കാസർകോട് ജില്ലാ സുന്നീ നേതൃത്വവും സെന്റിനറി ഗാർഡും ആനയിച്ചു. ചെർക്കളയിൽ എം. എ. അബ്ദുൽ ഖാദിർ മുസ്ലിയാർ നഗറിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുത്തു.
ജനുവരി രണ്ടിന് കണ്ണൂർ കലക്ടറേറ്റ് മൈതാനം, ജനുവരി 3 നാദാപുരം, നാല് കോഴിക്കോട് മുതലക്കുളം, 5 കൽപ്പറ്റ , ആറ് ഗൂഡല്ലൂർ , ഏഴിന് അരീക്കോട്, 8 തിരൂർ, 9 ഒറ്റപ്പാലം, 10 ചാവക്കാട്, 11 എറണാകുളം മറൈൻ ഡ്രൈവ്, 12 തൊടുപുഴ, 13 കോട്ടയം, 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട, അഞ്ചുമണി കായംകുളം, 15 ന് കൊല്ലം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 16ന് വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപനം.
ഫോട്ടോ : കാസർകോട് ചെർക്കളയിൽ കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര ഉദ്ഘാടന സമ്മേളനത്തിൽ യാത്രാ നായകൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അഭിവാദ്യം ചെയ്യുന്നു .



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments