* പഴയ ബസുകൾക്ക് കേരളത്തിൽ വിലക്ക്; പ്രതിസന്ധിയിലായി 200-ഓളം സ്വകാര്യ ബസുകൾ; ഉടമകൾ കടക്കെണിയിലേക്ക്*
മറ്റ് സംസ്ഥാനങ്ങളിൽ കാലാവധി കഴിഞ്ഞ സ്വകാര്യ ബസുകൾ കേരളത്തിലേക്ക് കൊണ്ടുവന്ന് സർവീസ് നടത്തുന്നതിന് സംസ്ഥാന ഗതാഗത അതോറിറ്റി വിലക്കേർപ്പെടുത്തി. അറ്റകുറ്റപ്പണികളെല്ലാം പൂർത്തിയാക്കി സർവീസിനായി തയ്യാറെടുത്തിരുന്ന ഇരുന്നൂറോളം ബസുകളാണ് ഇതോടെ പ്രതിസന്ധിയിലായത്.
മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സ്വകാര്യ ബസുകൾ ഇത്തരത്തിൽ രജിസ്ട്രേഷൻ മാറ്റാനാകാതെ കുടുങ്ങിക്കിടക്കുന്നത്. ദശകങ്ങളായി തുടർന്നുപോരുന്ന ഈ രീതിക്ക് പെട്ടെന്നുണ്ടായ തടസ്സം ബസുടമകൾക്ക് വലിയ സാമ്പത്തിക ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സർവീസ് ബസുകളുടെ കാലാവധി എട്ട് മുതൽ പത്ത് വർഷം വരെയാണ്. എന്നാൽ കേരളത്തിൽ ഇത് 22 വർഷമാണ്. ഈ പഴുത് ഉപയോഗപ്പെടുത്തി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് (ഏകദേശം 10 മുതൽ 15 ലക്ഷം രൂപ വരെ) ബസുകൾ വാങ്ങി അറ്റകുറ്റപ്പണികൾ നടത്തി കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നതായിരുന്നു നിലവിലെ രീതി.
പുതിയൊരു ബസ് വാങ്ങാൻ അൻപത് ലക്ഷത്തോളം രൂപ ചെലവ് വരുമെന്നിരിക്കെ ചെറുകിട ബസുടമകൾക്ക് വലിയ ആശ്വാസമായിരുന്നു ഈ നടപടി. എന്നാൽ പഴയ വാഹനങ്ങൾ സുരക്ഷാ ഭീഷണി ഉയർത്തുന്നതിനൊപ്പം വലിയ തോതിൽ വായുമലിനീകരണത്തിനും കാരണമാകുന്നുണ്ടെന്ന് അധികൃതർ.
പഴയ വാഹനങ്ങൾ വന്നുനിറയുന്ന ഒരു 'ഡമ്പിങ് യാർഡായി' കേരളം മാറാതിരിക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ. അതേസമയം, ലക്ഷങ്ങൾ മുടക്കി വാങ്ങി പണികൾ പൂർത്തിയാക്കിയ ബസുകൾക്കെങ്കിലും ഇളവ് നൽകണമെന്ന ആവശ്യവുമായി ബസുടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഈ ബസുകൾ കട്ടപ്പുറത്താകുന്നത് പല ഉടമകളെയും കടക്കെണിയിലാക്കുമെന്നാണ് അവരുടെ വാദം. കോടതിയുടെ ഇടപെടലിലൂടെ വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments