Breaking News

*​കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട; എംഡിഎംഎയുമായി 4 യുവാക്കൾ പിടിയിൽ, പാക്കറ്റുകളിലാക്കി എത്തിച്ചത് സ്കൂൾ വിദ്യാർഥികൾക്ക്*

കോഴിക്കോട് :  ​അതിമാരക രാസലഹരിയായ 26 ഗ്രാം എംഡിഎംഎയുമായി നാലു യുവാക്കൾ പിടിയിൽ. ലഹരിമരുന്ന് കേസ് ഉൾപ്പടെ അഞ്ചോളം കേസുകളിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുള്ള കോഴിക്കോട് ഭട്ട്റോഡ് സ്വദേശി റോബർട്ട് ജയിംസ്(34), പയ്യാനക്കൽ സ്വദേശി ഫിനാൻ നാസിം(20), നടുവണ്ണൂർ സ്വദേശി മുഹമ്മദ് റിസ്വാൻ(26), കല്ലായി സ്വദേശി ഷഹറീഷ്(30) എന്നിവരെയാണ് ലഹരിമരുന്ന് പാക്ക് ചെയ്യുന്നതിനിടെ പിടികൂടിയത്. സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ.ബോസിന്റെ നേതൃത്വത്തിൽ ഉള്ള സിറ്റി ഡാൻസാഫും നടക്കാവ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്ന് എരഞ്ഞിപ്പാലം മിനി ബൈപ്പാസിനടുത്തുള്ള സെയിൽസ് ടാക്സ് റോഡിലുള്ള സ്വകാര്യ ലോഡ്ജിൽ നിന്നും ഇവരെ പിടികൂടുകയായിരുന്നു.

പൊലീസ് എത്തുമ്പോൾ ഇവർ ലഹരി വസ്തുക്കൾ പാക്കറ്റുകളിൽ നിറയ്ക്കുകയായിരുന്നു. സ്‌കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരിവിൽപന നടത്തുന്നവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം നഗരത്തിൽ വിതരണത്തിനായി എത്തിച്ച 42 കിലോ കഞ്ചാവുമായി യുവാവ് പൊലീസിന്റെ പിടിയിലായിരുന്നു. ഓമശ്ശേരി സ്വദേശി പുറയിൽ ജംഷീർ (33) ആണ് കഴിഞ്ഞ ദിവസം ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. നഗരത്തിലെ യുവാക്കളെയും വിദ്യാർഥികളെയും കേന്ദ്രീകരിച്ച് ഏറെ നാളായി ഇവർ ലഹരിമരുന്ന് കച്ചവടം ചെയ്തുവരുന്നതായുള്ള രഹസ്യ വിവരം പൊലീസിന് ലഭിച്ചിരുന്നു. ശനിയാഴ്ച പിടിയിലായ റോബർട്ട് ജയിംസും റിസ്വാനും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

റോബർട്ട് ജയിംസിന്റെ പേരിൽ നിരവധി മോഷണ കേസുകളും ലഹരിമരുന്നുമായി ബന്ധപ്പെട്ട് എലത്തൂർ സ്റ്റേഷനിലും പാലക്കാട് ജില്ലയിലും കേസുകൾ ഉണ്ടായിരുന്നു. മുഹമ്മദ് റിസ്വാന് 2025 ൽ 70 ഗ്രാം എംഡിഎംഎ കൈവശം വച്ചതിനു പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ കേസുമുണ്ട്. ഇയാൾ ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയതാണ്. ദുബായിൽ ജോലിയായിരുന്ന ഹരീഷിനെ എംഡിഎംഎ കൈവശം വച്ചതിന്റെ പേരിൽ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് 17 മാസത്തെ ജയിൽവാസത്തിനു ശേഷം കേരളത്തിലേക്കു വിടുകയുമായിരുന്നു. നഗരത്തിലെ മയക്കുമരുന്ന് കണ്ണുകളിലെ പ്രധാനികളാണ് പിടിയിലായ റോബർട്ടും റിസ്‌വാനും എന്ന് പൊലീസ് പറഞ്ഞു.

നടക്കാവ് സബ് ഇൻസ്പെക്ടർ കിരൺ, എഎസ്ഐ മുക്തി ദാസ്, എസ്‌സിപിഒമാരായ രാഗേഷ് ,അജീഷ് പിലാശ്ശേരി, സിപിഒ ഷോബിക്, സിറ്റി ഡാൻസാഫിലെ സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എഎസ്ഐ അഖിലേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുനോജ് കാരയിൽ,  സരുൺ കുമാർ, എം.ഷിനോജ്, അതുൽ, തൗഫീഖ്, അഭിജിത്ത്, മഷൂർ എന്നിവരാണ്  അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments