*കൊച്ചിയിൽ മുളച്ചുപൊങ്ങി അനധികൃത സ്പാ–മസാജ് കേന്ദ്രങ്ങൾ; ഹണിട്രാപ്പും ബ്ലാക് മെയിലിങ്ങും, 59കാരന്റെ നഗ്നവിഡിയോ പകർത്തി*
കൊച്ചി : നഗരത്തിൽ അനധികൃത സ്പാ–മസാജ്–വെൽനെസ് കേന്ദ്രങ്ങൾ പെരുകിയതോടെ ഇതിന്റെ മറവിൽ ഹണിട്രാപ്പും ബ്ലാക് മെയിലിങ്ങും ലഹരി ഇടപാടുകളും വർധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. തട്ടിക്കൂട്ട് സ്പാകളുടെ മറവിൽ അനാശാസ്യ പ്രവര്‍ത്തനങ്ങളും ലഹരി ഇടപാടുകളും കുറെക്കാലമായി നടക്കുന്നുണ്ടെങ്കിലും ഹണിട്രാപ്–ബ്ലാക്മെയിലിങ്ങിലേക്ക് കൂടി ഇത് വഴിമാറിയിരിക്കുന്നു എന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്. കഴിഞ്ഞ ദിവസം സ്പായിലെത്തിയ കൂത്താട്ടുകുളം സ്വദേശിയായ 59കാരനെ ഭീഷണിപ്പെടുത്തി തട്ടിയത് 5.5 ലക്ഷം രൂപ. നാലു പേർക്കെതിരെ കേസെടുത്തു. സമാന വിധത്തിൽ കഴിഞ്ഞ മാസം സഹപ്രവർത്തകനായ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് 4 ലക്ഷം രൂപ തട്ടാൻ കൂട്ടുനിന്ന സംഭവത്തിൽ പ്രതിയായത് ഗ്രേഡ് എസ്ഐ. ഇത്തരത്തിൽ അനധികൃത സ്പാ–വെൽനെസ് കേന്ദ്രങ്ങളുണ്ടാക്കുന്ന ‘ചീത്തപ്പേര്’ നന്നായി നടത്തുന്ന തങ്ങളുടെ സ്ഥാപനങ്ങളേയും ബാധിക്കുന്നു എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.
കഴിഞ്ഞ വർഷം ജനുവരിയിലാണ് കൊച്ചി തൈക്കുടം ഭാഗത്ത് പ്രവർത്തിക്കുന്ന ആയുർവേദിക് സ്പാ–മസാജിങ് സെന്ററിൽ 59കാരനെത്തിയത്. ഇവിടെ വച്ച് ഇയാളും കേസിലെ പ്രതികളിലൊരാളുമായുള്ള നഗ്നവീഡിയോകള്‍ ഫോണിൽ പകർത്തുകയായിരുന്നു എന്ന് മരട് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. തുടർന്ന് ഇത് ഇയാളുെട ഭാര്യക്കും മകൾക്കും അയച്ചു നൽകും എന്നു ഭീഷണിപ്പെടുത്തി ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള സമയങ്ങളിലായി 5.5 ലക്ഷം രൂപ തട്ടിച്ചെടുത്തു എന്ന് എഫ്ആറിൽ പറയുന്നു. ഇക്കഴിഞ്ഞ ജനുവരി 29ന് ഇയാൾ നൽകിയ പരാതിയെ തുടർന്ന് സുചിത്ര, അഭിഷേക്, ബൈജു, റീന എന്നിവർക്കെതിരെ കേസെടുക്കുകയായിരുന്നു. ഇവരെ വൈകാതെ അറസ്റ്റ് ചെയ്തേക്കുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
https://chat.whatsapp.com/J6pbqZnZQkpBMgZwnd7Trg?mode=gi_t
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പാലാരിവട്ടത്തെ സ്പായിൽ മസാജിനെത്തിയ പൊലീസുകാരന് നഷ്ടമായത് 4 ലക്ഷം രൂപയാണ്. മസാജ് സമയത്ത് ഊരിവച്ച് തന്റെ മാല മോഷണം പോയെന്നും അത് തിരികെ തരികയോ അല്ലെങ്കിൽ 6.5 ലക്ഷം രൂപ നൽകുകയോ വേണമെന്ന് സ്പായിലെ ജീവനക്കാരി മസാജിനെത്തിയ കൊച്ചി സിറ്റി എആർ ക്യാംപിലെ സിപിഒയെ വിളിച്ചറിയിച്ചു. എന്നാൽ താൻ മാല എടുത്തിട്ടില്ലെന്നും പണം നല്‍കില്ലെന്നും കേസ് കൊടുത്തുകൊള്ളാനുമായിരുന്നു സിപിഒയുടെ മറുപടി. പിന്നാലെ കേസിലെ മറ്റൊരു പ്രതി നിരന്തരം വിളിച്ച് ഭീഷണി തുടങ്ങി. സ്പായിൽ എത്തിയ കാര്യം കുടുംബത്തിൽ അറിയിക്കുമെന്നും അതിന്റെ സിസി ടിവി ദൃശ്യങ്ങൾ നൽകുമെന്നുമായിരുന്നു ഭീഷണി. ഈ ഘട്ടത്തിലാണ് സ്ഥലത്തെ ഗ്രേഡ് എസ്ഐ വിഷയത്തിൽ ഇടപെടുന്നത്. തുടർന്ന് 4 ലക്ഷം രൂപ ഒത്തൂതീർപ്പായി സിപിഒ നൽകി. ഇതിലൊരു പങ്ക് ഗ്രേഡ് എസ്ഐക്കും ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണി ഉയർന്നതോടെ സിപിഒ നവംബറിൽ പാലാരിവട്ടം പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ഗ്രേഡ് എസ്ഐ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. ഇയാളെ സസ്പൻഡും ചെയ്തു. സ്പാ നടത്തിപ്പുകാരും അറസ്റ്റിലായി.
2024 ഒക്ടോബറിൽ കടവന്ത്രയിലെ ഒരു ‘ലോഡ്ജ്’ റെയ്ഡ് ചെയ്ത പൊലീസ് ഒട്ടേറെ സ്ത്രീ, പുരുഷന്മാരെ അറസ്റ്റ് ചെയ്തിരുന്നു. ലോഡ്ജ് നടത്തിപ്പുകാരെയും അറസ്റ്റ് ചെയ്തു. ഇവരുടെ പണമിടപാടുകൾ പരിശോധിച്ചപ്പോഴാണ് പ്രധാനമായും പണം പോയിരിക്കുന്നത് 2 പേർക്കാണെന്ന് മനസിലാകുന്നത്. സിറ്റി ട്രാഫിക് പൊലീസിലെ ഒരു എഎസ്ഐയും നഗരത്തിലെ ഒരു സ്റ്റേഷനിലെ സിപിഒയും ആയിരുന്നു ഇവർ. ഇവരുടെ ബിനാമികളായിരുന്നു ലോഡ്ജ് എന്ന പേരിൽ അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. തുടർന്ന് അറസ്റ്റിലായ ഇരുവരേയും സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് വൈറ്റിലയിലുള്ള ഒരു ഹോട്ടലിൽ നടത്തിയ റെയ്ഡിൽ 11 സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. മരട് പൊലീസ് അനാശാസ്യത്തിന് അന്ന് കേസുമെടുത്തിരുന്നു. ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടക്കുന്നു എന്ന വിവരം അന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസും ഡാൻസാഫ് സംഘവും. എന്നാൽ ഇവിടെ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കാനായില്ല. പകരം സ്പായിൽ മറവിൽ അനാശാസ്യ കേന്ദ്രം നടക്കുന്നത് പൊലീസ് കണ്ടെത്തുകയായിരുന്നു.
.
തങ്ങൾ നിയമാനുസൃതം ബിസിനസ് നടത്തി ജീവിക്കുന്നു എന്നു കാണിക്കാൻ നഗരത്തിലെ ചില ഗുണ്ടാ നേതാക്കളും സ്വീകരിച്ചിരിക്കുന്ന വഴി സ്പായിൽ നിക്ഷേപമിറക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരിടത്ത് പ്രശ്നമുണ്ടായാൽ മറ്റൊരിടത്ത് അതിലും വേഗത്തിൽ അടുത്തത് ഉയരും എന്ന വിധത്തിലാണ് ഇവയുടെ പ്രവര്‍ത്തനം. സമൂഹ മാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നതു കൂടാതെ നഗരത്തിൽ പലയിടത്തും ഇത്തരം സ്പാകളുടെ പരസ്യം പതിപ്പിച്ചിരിക്കുന്നതു കാണാം.
മതിയായ ലൈസൻസ് ഇല്ലാതെ ഒട്ടേറെ സ്പാ–വെൽനെസ് കേന്ദ്രങ്ങൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം പൊലീസിനുമറിയാം. നിയമാനുസൃതം പ്രവർത്തിക്കുന്ന ഒട്ടേറെ സ്പാകൾ നഗരത്തിലുണ്ട്. അതുകൊണ്ടു തന്നെ ചില സ്പാകളുടെ പേരിൽ എല്ലാം അടച്ചുപൂട്ടാൻ സാധിക്കില്ല എന്നാണ് പൊലീസ് പറയുന്നത്. പരാതികൾ ഉയരുമ്പോൾ കൃത്യമായ പരിശോധനകൾ നടത്തുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് പൊലീസ് പറയുന്നു. ഏറ്റവുമൊടുവിൽ തൈക്കൂടത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലും ഇത്തരത്തിലാണ് നടപടി സ്വീകരിച്ചത് എന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments