*സ്വത്ത് ലഭിച്ച ശേഷം മക്കൾ തിരിഞ്ഞുനോക്കിയില്ല; ആധാരം റദ്ദാക്കി 84-കാരന് സ്വത്ത് തിരിച്ചുനൽകി കർണാടക ഹൈക്കോടതി*
ബാംഗ്ലൂർ : സ്വത്ത് കൈമാറിയതിന് പിന്നാലെ തന്നെ അവഗണിക്കുകയും താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കുകയും ചെയ്ത രണ്ട് പെൺമക്കൾക്ക് നൽകിയ 'ദാന ആധാരം' റദ്ദാക്കി കർണാടക ഹൈക്കോടതി. തുമകൂർ താലൂക്കിലെ രണ്ട് ഏക്കറിലധികം വരുന്ന ഭൂമിയാണ് പിതാവ് വെങ്കടയ്യ മക്കളായ ശിവമ്മ, പുട്ടമ്മ എന്നിവർക്ക് നൽകിയത്. ഇതിൽ ശിവമ്മ നേരത്തെ മരണപ്പെട്ടിരുന്നു. സ്വത്ത് ലഭിച്ചതിന് ശേഷം പിതാവിനെ സംരക്ഷിക്കാതിരിക്കുന്നത് വഞ്ചനയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസറ്റിസ് സൂരജ് ഗോവിന്ദരാജ് ആധാരം റദ്ദാക്കിയത്.
'മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന നിയമം (2007)' പ്രകാരം ദാനാധാരം റദ്ദാക്കണമെന്നും രേഖകളിൽ തന്റെ പേര് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് വെങ്കടയ്യ കീഴ്‌ക്കോടതികളെ സമീപിച്ചിരുന്നു. ഈ ഹരജികൾ തള്ളിയതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. വാർധക്യകാലത്ത് ഭക്ഷണവും മരുന്നും താമസവും നോക്കിക്കൊള്ളാമെന്ന ഉറപ്പിലാണ് മക്കൾക്ക് സ്വത്ത് നൽകിയതെന്നും അത് പാലിക്കാത്തതിനാൽ ആധാരം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുതിർന്ന പൗരന്മാർ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുമെന്ന വ്യവസ്ഥയിൽ സ്വത്ത് കൈമാറിയ ശേഷം അത് ലംഘിക്കപ്പെട്ടാൽ, ആ കൈമാറ്റം വഞ്ചനയോ ഭീഷണിയോ വഴി നേടിയതാണെന്ന് കണക്കാക്കി റദ്ദാക്കാമെന്ന് കോടതി പറഞ്ഞു. മക്കൾ പിതാവിനെ സംരക്ഷിക്കണമെന്ന് ആധാരത്തിൽ പ്രത്യേകം എഴുതിയിട്ടില്ലാത്തതിനാൽ സ്വത്ത് തിരികെ നൽകാനാവില്ലെന്ന കീഴ്‌ക്കോടതികളുടെ നിലപാട് ഹൈക്കോടതി തള്ളി. മുതിർന്ന പൗരന്മാരുടെ നിസഹായാവസ്ഥയും വിശ്വാസവും പരിഗണിക്കണമെന്ന് കോടതി പറഞ്ഞു.
വെങ്കടയ്യ നിരക്ഷരനാണെന്നും ആധാരം തയ്യാറാക്കിയത് പെൺമക്കൾ മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. ഗ്രാമീണ കർണാടകയിലെ മുതിർന്ന പൗരന്മാരുടെ വിശ്വസിക്കുന്ന സ്വഭാവവും മക്കളോടുള്ള വൈകാരികവും സാമ്പത്തികവുമായ ആശ്രിതത്വവും ഒരു സാമൂഹിക യാഥാർഥ്യമാണ്. ഓരോ ആധാരത്തിലും സംരക്ഷണത്തെക്കുറിച്ച് രേഖാമൂലം എഴുതിയിരിക്കണം എന്ന് നിർബന്ധം പിടിക്കുന്നത് നിയമത്തിന്റെ ലക്ഷ്യത്തെ തന്നെ തകർക്കുമെന്നും ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് പറഞ്ഞു.
ആധാരം റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്ന് മകളായ പുട്ടമ്മ അറിയിച്ചിരുന്നു. എന്നാൽ മരിച്ച ശിവമ്മയുടെ മകൻ നരസെഗൗഡ ഇതിനെ എതിർത്തു. എന്നാൽ മുത്തശ്ശനെ സംരക്ഷിക്കുന്നതിൽ യാതൊരു പങ്കും വഹിക്കാത്ത കൊച്ചുമകന് സ്വത്തിൽ അവകാശം ഉന്നയിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments