*സ്കൂളുകളില്‍ പ്രാക്ടീസ് തുടങ്ങാൻ കുട്ടി ഡോക്ടര്‍മാര്‍*
ചെറുവത്തൂർ: കുട്ടിപ്പോലീസുകാർക്കു പിന്നാലെ വെളുത്ത കോട്ട് ധരിച്ച് സേവന സന്നദ്ധരായി കുട്ടി ഡോക്ടർമാർ ഇനി സ്കൂളുകളിലെത്തും. പ്രവൃത്തി ദിവസങ്ങളില്‍ സഹപാഠികളെ കേള്‍ക്കുകയും പരിഹാരമാർഗം തേടുകയും ചെയ്യുക എന്നതാണ് കുട്ടി ഡോക്ടർമാരുടെ മുഖ്യചുമതല. ഇതിന്റെ ഭാഗമായി വിദ്യാർഥികള്‍ക്ക് മൂന്നുദിവസം നീളുന്ന പരിശീലനം തുടങ്ങി. എട്ടാംക്ലാസില്‍ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികള്‍ക്കാണ് ആരോഗ്യ കേരളം കൗമാര ആരോഗ്യ പദ്ധതിയിലൂടെ പരിശീലനത്തിന് തുടക്കമിട്ടത്. രാഷ്ട്രീയ കിഷോർ സ്വാസ്ഥ്യ കാര്യക്രമം പീയർ എഡ്യുക്കേറ്റേഴ്സ് ബ്ലോക്കുതല പരിശീലന പരിപാടി ചെറുവത്തൂർ കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറൻസ് ഹാളിലാണ് നടന്നു വരുന്നത്. ഞാനും എന്റെ കൂട്ടുകാരും എന്ന പേരിട്ട പരിശീലനത്തില്‍ വളർച്ച, ആരോഗ്യവും ആനന്ദവും, ആരോഗ്യകരമായ ശീലങ്ങള്‍ക്ക് ആരോഗ്യമുള്ള മനസ്, പ്രജനന ലൈംഗിക ആരോഗ്യം കൗമാരത്തില്‍, അതിക്രമങ്ങളോടുള്ള പ്രതിരോധം, എന്റെ അവകാശങ്ങളും അർഹതകളും, ആരോഗ്യവും പരിസരവും തുടങ്ങി എട്ടു ഭാഗങ്ങളിലാണ് പരിശീലനം. ആറ് പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളിലായി 30,000-ത്തോളം വരുന്ന വിദ്യാർഥികള്‍ ആരോഗ്യ ബ്ലോക്കിന് കീഴിലുണ്ട്. അവരുടെ പൂർണ തോതിലുള്ള ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ടാണ് കൗമാര ആരോഗ്യ പദ്ധതി നടപ്പാക്കുന്നത്. വിവിധ സ്കൂളുകളിലായി 12 നോഡല്‍ അധ്യാപകർ ഇതിനകം പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. 70 വിദ്യാർഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഡിസ്കസ്ത്രോയില്‍ റെക്കാർഡോടെ സ്വർണ്ണം നേടിയ ടി.സോന മോഹൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസർ ഡോ: ടി.എ രാജ്മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ പി.കെ.മധു, പി.വി.മഹേഷ് കുമാർ, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ പി.എം.തോമസ്, ഹെല്‍ത്ത് നഴ്സ് പി.സുമ, പ്രോഗ്രാം കോർഡിനേറ്റർ വി.പ്രീത എന്നിവർ പ്രസംഗിച്ചു. ഫെബ്രുവരി രണ്ടാം വാരത്തില്‍ ആദ്യ ഘട്ടമായി ബ്ലോക്കിന് കീഴിലുള്ള 12 ഹൈസ്കൂളുകളില്‍ കുട്ടി ഡോക്ടർമാർ പ്രാക്ടീസ് തുടങ്ങും.
No comments