*ആദ്യം മഞ്ഞക്കുറ്റി, പിന്നാലെ മാലിന്യപ്ലാന്റ്; തീരത്ത് ആളിക്കത്തിയ ശുചിമുറി സമരം: പ്രതിഷേധിച്ചവർ ഇന്നും പ്രതികൾ*
കോഴിക്കോട് : കല്ലായിപ്പുഴയുടെ തീരത്ത് കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് മഞ്ഞക്കുറ്റി നാട്ടാനെത്തിയതോടെയാണു സംസ്ഥാനത്ത് സമരങ്ങളുടെ സ്വഭാവം മാറിയത്. കല്ലായി കുണ്ടുങ്ങൽ ഇബ്രാഹിംപാലത്തിനു സമീപം സ്ഥാപിച്ച മഞ്ഞക്കുറ്റി നാട്ടുകാരും സമരസമിതിയും ചേർന്നു കല്ലായിപ്പുഴയിലിട്ടു. കല്ലായിപ്പുഴയുടെ അടിയിലൂടെ നഗരത്തിന്റെ ഭൂഗർഭപാതയായി കെ–റെയിൽ കടന്നു പോകുമെന്നാണ് അന്നു പ്രഖ്യാപിച്ചിരുന്നത്. പക്ഷേ, കല്ലായിയിൽ സമരം ശക്തമായതോടെ മുഖ്യമന്ത്രിക്കു വരെ പ്രശ്നത്തിൽ ഇടപെടേണ്ടി വന്നു. പക്ഷേ, ആ പദ്ധതി കല്ലായി പ്രദേശവാസികളെ പിന്നീട് വലച്ചില്ല. കല്ലായിപ്പുഴയുടെ തീരത്ത് ഇപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നത് മറ്റൊരു പദ്ധതിയാണ്.
കഴിഞ്ഞ കോർപറേഷൻ കൗൺസിലിന്റെ കാലത്ത് കോതി പള്ളിക്കണ്ടി പ്രദേശത്ത് ശുചിമുറി മാലിന്യപ്ലാന്റ് തുടങ്ങാനുള്ള നീക്കത്തെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് എതിർത്തു തോൽപിച്ചത്. ഒന്നര സെന്റിൽ പോലും ജനങ്ങൾ താമസിക്കുന്ന ജനസാന്ദ്രതയുള്ള മേഖലയിലാണു ശുചിമുറി മാലിന്യ പ്ലാന്റുമായി കോർപറേഷൻ എത്തിയത്.
കല്ലായിപ്പുഴയിലെ കണ്ടൽക്കാടുകൾ വെട്ടി പുറമ്പോക്കിൽ പ്ലാന്റ് തുടങ്ങാനായിരുന്നു നീക്കം. സ്ത്രീകളും കുട്ടികളും തെരുവിലിറങ്ങി സമരം തുടങ്ങി. പൊലീസുകാർ മർദിക്കുകയും സമരക്കാരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ പ്രതിഷേധം ആളി. ഒടുവിൽ പ്രതിഷേധങ്ങൾക്കു മുന്നിൽ മുട്ടുമടക്കി അധികൃതർ തിരികെപ്പോയി. ഒന്നരവർഷം മുൻപ് കോതിയിലെയും ആവിക്കൽതോട്ടിലെയും പദ്ധതി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു. കഥ അവിടെ തീരുന്നില്ല.
പദ്ധതി ഉപേക്ഷിച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും കോതിയിലെ ജനങ്ങൾ ദുരിതത്തിലാണ്. അന്നു പ്രതിഷേധിച്ച 55 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിൽ 24 പേർ സ്ത്രീകളാണ്. പദ്ധതി ഉപേക്ഷിച്ചെങ്കിലും കേസുകൾ എഴുതിത്തള്ളാൻ സർക്കാരോ പൊലീസോ തയാറായില്ല. ഇതോടെ ഇവർ കോടതികൾ കയറിയിറങ്ങുകയാണ്. 60 വയസ്സുകാരി മുതൽ 13 വയസ്സുള്ള കുട്ടി വരെ കേസിലെ പ്രതികളാണ്. പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതിലെ പ്രതികാരമാണ് ജനങ്ങൾക്കുമേൽ അധികൃതർ തീർക്കുന്നതെന്നാണു നാട്ടുകാരുടെ പരാതി. ആവിക്കൽ തോട്ടിലെ സ്ഥിതിയും സമാനമാണ്.
കേസിലെ പ്രതികളായ 44 പേർ കഴിഞ്ഞ ഡിസംബർ 14ന് പ്രത്യേക ബസിലാണ് ഒരുമിച്ചു കോടതിയിലെത്തിയത്. അന്നു മാറ്റിവച്ച കേസ് 16ന് ആണ് കോടതി പരിഗണിക്കുന്നത്. കോതിയിലും ആവിക്കൽതോട്ടിലുമടക്കം ഒട്ടേറ ഇടങ്ങളിൽ നടപ്പാക്കാത്ത വിവിധ പദ്ധതികൾ കാരണം ജനം ബുദ്ധിമുട്ടിലാണ്. അവസാനമില്ലാത്ത പോരാട്ടങ്ങളുമായി ജീവിക്കാനാണ് പാവം മനുഷ്യർ നിർബന്ധിക്കപ്പെടുന്നത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments