ജില്ലയിൽ അത്യാധുനിക സൗകര്യമുള്ള കാൻസർ ആശുപത്രി ഒരുങ്ങുന്നു.ജനക്ഷേമ പദ്ധതികളുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ്
മലപ്പുറം : ജനക്ഷേമവും അടിസ്ഥാന വികസനവും ലക്ഷ്യമാക്കി മലപ്പുറം ജില്ലാ പഞ്ചായത്ത് 2026 - 27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. സാമൂഹ്യ ക്ഷേമം, ആരോഗ്യരംഗം, വിദ്യാഭ്യാസം, കാർഷികം, വ്യവസായം, കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകുന്നതാണ് ബജറ്റ്. 202.45 കോടി രൂപ വരവും 192.64 കോടി രൂപ ചെലവും 46.14 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻ്റ് അഡ്വ.എ.പി സ്മിജി അവതരിപ്പിച്ചത്. ആരോഗ്യ മേഖലയിലെ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കാൻസർ ആശുപത്രി സ്ഥാപിക്കും. കിഡ്നി വെൽഫയർ സൊസൈറ്റിയുടെ പ്രവർത്തനം പുന്നാരംഭിക്കും. വനിതകൾക്ക് സൗജന്യ യാത്രക്ക് ഷീ ബസ്, അന്താരാഷ്ട്ര സ്പോർട്സ് സിറ്റി, മണ്ണ് - ജലം പരിശോധനാ ലാബുകൾ, പട്ടികജാതി/ പട്ടിക വർഗ വിഭാഗങ്ങൾക്ക് വീടും സ്ഥലവും, വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ, ആശാ വർക്കർമാർക്ക് അധിക വേതനം, സ്മാർട്ട് മലപ്പുറം പദ്ധതി, പൈതൃക ശാല, വി.ആർ ലാബുകൾ, മഹിളാ കേന്ദ്രങ്ങൾ, ഭിന്നശേഷിക്കാർക്ക് ആക്സസ് ഓൺ വീൽസ് പദ്ധതി, കാർബൺ ന്യൂട്രൽ പദ്ധതി, സമഗ്ര ടൂറിസം പദ്ധതി, വിദ്യാഭ്യാസ മേഖലയിൽ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, ഹൈടെക് ലാബുകൾ, ലൈബ്രറി നവീകരണം എന്നിവയ്ക്കും പ്രത്യേക പരിഗണന നൽകി. സ്ത്രീശാക്തീകരണ പദ്ധതികൾ, സ്വയംതൊഴിൽ പദ്ധതികൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും പ്രത്യേക ക്ഷേമപദ്ധതികൾ എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.എ ജബ്ബാർ ഹാജി അധ്യക്ഷനായി. സ്ഥിരസമിതി അധ്യക്ഷരായ ഷാഹിന നിയാസി, പി.കെ അസ് ലു, ആലിപ്പറ്റ ജമീല, കെ.ടി അജ്മൽ, അംഗങ്ങളായ വെട്ടം ആലിക്കോയ, കെ.ടി അഷ്റഫ്, എൻ.എ കരീം, സെക്രട്ടറി പി.എം രാജീവ്, ഫിനാൻസ് ഓഫീസർ എം.മുഹമ്മദ് ബഷീർ ചർച്ചയിൽ പങ്കെടുത്തു.
...........
*കാൻസർ ചികിത്സ ഇനി മലപ്പുറത്ത്*
മലപ്പുറം: ജില്ലയിൽ ക്യാൻസർ ചികിത്സയ്ക്ക് പ്രത്യേകമായ ആധുനിക ആശുപത്രി സ്ഥാപിക്കാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് തീരുമാനം. ഇതിനായി ബജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തി. അനുയോജ്യമായ സ്ഥലം കണ്ടെത്തി ഈ വർഷം തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.എ ജബ്ബാർ ഹാജിയും വൈസ് പ്രസിഡൻ്റ് അഡ്വ.എ.പി സ്മിജിയും പറഞ്ഞു. ജില്ലയിൽ നിന്നുള്ള കാൻസർ രോഗികൾ മറ്റു ജില്ലകളിലേക്കും സംസ്ഥാനത്തിന് പുറത്തേക്കും ചികിത്സയ്ക്കായി പോകേണ്ടി വന്നിരുന്ന സാഹചര്യത്തിലാണ് ആരോഗ്യ മേഖലയിൽ ജില്ലാ പഞ്ചായത്തിൻ്റെ പുതിയചുവടുവയ്പ്പ്. കാൻസർ ചികിത്സാ മേഖലയിലെ എല്ലാ സേവനങ്ങളും ഒരേ കുടക്കീഴിൽ ലഭ്യമാക്കും. പ്രാരംഭ ഘട്ടത്തിൽ ഒ.പി സേവനങ്ങളും സ്ക്രീനിംഗ് സംവിധാനങ്ങളും ആരംഭിക്കും. തുടർന്ന് മുഴുവൻ സൗകര്യങ്ങളോടുകൂടിയ ചികിത്സാ വിഭാഗം തുടങ്ങും.
*വൃക്ക രോഗികൾക്ക് ആശ്വാസം, കിഡ്നി വെൽഫയർ സൊസൈറ്റിക്ക് പുതുജീവൻ*
എൽ.ഡി.എഫ് സർക്കാറിൻ്റെ നയങ്ങളെ തുടർന്ന് നിർത്തലാക്കിയ മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ അഭിമാന പദ്ധതിയായ കിഡ്നി വെൽഫയർ സൊസൈറ്റിയുടെ പ്രവർത്തനം പുനരാരംഭിക്കും. ദുരിതത്തിലായ നിരവധി വൃക്ക രോഗികൾക്ക് ഇത് ആശ്വാസമാകും. പുതിയ ഭരണസമിതിയുടെ ആദ്യ ബോർഡ് യോഗത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനം എടുത്തിരുന്നു. രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനായി പഞ്ചായതുകൾക്ക് വിഹിതം നൽകാൻ രണ്ട് കോടി രൂപയും സൗജന്യമായി മരുന്ന് നൽകാൻ ഒരു കോടി രൂപയും ബജറ്റിൽ അനുവദിച്ചു.
*വനിതകൾക്ക് ഇനി ബസിൽ ടിക്കറ്റ് വേണ്ട*
വനിതകൾക്ക് ഇനി ബസിൽ ടിക്കറ്റ് എടുക്കേണ്ട. സൗജന്യ യാത്രാ പദ്ധതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്. കെ.എസ്.ആർ.ടി.സി ബസ് വാടകയ്ക്ക് എടുത്താണ് പദ്ധതി നടപ്പാക്കുക. വനിതകൾക്ക് പൂർണമായും സൗജന്യമായി യാത്ര ചെയ്യാവുന്ന രീതിയിലാണ് ബസ് സർവീസ് ഒരുക്കുക. ഇതിനായി പ്രാഥമിക ഘട്ടത്തിൽ 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി.
*അന്താരാഷ്ട്ര സ്പോർട്സ് സിറ്റി*
ജില്ലയുടെ കായിക മേഖലയ്ക്ക് കരുത്തായി മലപ്പുറം ജില്ലാ പഞ്ചായത്ത് സ്പോർട്സ് സിറ്റി സ്ഥാപിക്കും. അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയാകാൻ കഴിയുന്ന ഗ്രൗണ്ടും സിന്തറ്റിക് ട്രാക്കും ഉൾപ്പടെ സൗകര്യങ്ങൾ ഉണ്ടാകും. 15 ഏക്കർ ഭൂമിയിലാണ് സ്പോർട്സ് സിറ്റി ഒരുങ്ങുക. വിദ്യാർഥികൾക്ക് കായിക മേഖലയിൽ പരിശീലനം നൽകുന്ന അന്താരാഷ്ട്ര അക്കാദമിയും ഇതിനോടൊപ്പം പ്രവർത്തനം തുടങ്ങും. ഭിന്നശേഷിക്കാർക്ക് മാത്രമായി ലോകോത്തര കായിക കേന്ദ്രം സ്ഥാപിക്കും. 33 ഡിവിഷനുകളിലും ഫുട്ബോൾ മൈതാനങ്ങൾ സ്ഥാപിക്കും.
*എ.ഐ മലപ്പുറം*
സാങ്കേതികവിദ്യ ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് പകർന്നുനൽകുന്ന ആദ്യ ജില്ലാ പഞ്ചായത്തായി മാറാനുള്ള ശ്രമത്തിലാണ് മലപ്പുറം. ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂളുകളിൽ വി.ആർ ലാബുകൾ ഒരുക്കും. ഡസൻ കണക്കിന് ലാബുകൾ ഈ വർഷം യാഥാർത്യമാകും.
*നെറ്റ് സീറോ മലപ്പുറം*
സമഗ്രമായ പാരിസ്ഥിതിക ഇടപെടലിലൂടെ പരിസ്ഥിതി സുസ്ഥിരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് കാർബൺ ന്യൂട്രൽ പദ്ധതി നടപ്പാക്കുന്നത്. മാലിന്യ സംസ്കരണം, മണ്ണ് സംരക്ഷണം, ദുരന്തനിവാരണം, ഭാവി തലമുറയ്ക്ക് സുരക്ഷിത പരിസ്ഥിതി ഉറപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി സോളാർ പവർ പ്ലാൻ്റുകൾ സ്ഥാപിക്കും. സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ സോളാർ എനർജിയിലേക്ക് മാറ്റും. ഇ മാലിന്യങ്ങളുടെ സംസ്കരണത്തിന് കേന്ദ്രം സ്ഥാപിക്കും. മൂന്ന് കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.
*നെക്സ്റ്റ് - ജെൻ മലപ്പുറം*
തൊഴിൽ തേടി മലപ്പുറത്ത് നിന്ന് യാത്ര തിരിക്കേണ്ട. നെക്സ്റ്റ് ജെൻ പദ്ധതിയിലൂടെ അവസരങ്ങളുടെ ജാലകം തുറക്കുകയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്. മലപ്പുറത്തെ യുവാക്കൾക്ക് സ്വദേശത്തും വിദേശത്തും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. 'യൂത്ത് സ്കിൽ ലോഞ്ച്' എന്ന പേരിൽ എല്ലാ ഡിവിഷനുകളിലും ഐ.ടി, കോഡിങ്, ഡിജിറ്റൽ മാർക്കറ്റിങ്, റോബോട്ടിക്സ് എന്നീ മേഖലകളിലെ പഠനത്തിന് കേന്ദ്രങ്ങൾ ഒരുക്കും.
*ഭിന്നശേഷിക്കാർക്കായി പ്രത്യേക വാഹന സൗകര്യം*
ഭിന്നശേഷിക്കാരുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണുകയാണ് ആക്സസ് ഓൺ വീൽസ് പദ്ധതി. ഭിന്നശേഷിക്കാർക്ക് പ്രയോജനപ്പെടുത്താവുന്ന രീതിയിൽ പ്രത്യേക വാഹന സൗകര്യമാണ് പദ്ധതിയിലൂടെ ഒരുക്കുക. ഹൈഡ്രോളിക് ലിഫ്റ്റിൻ്റെ സഹായത്തോടെ വീൽചെയറിൽ നിന്നും മാറാതെ വാഹനത്തിലേക്ക് കയറാവുന്ന ടൂറിസ്റ്റ് വാഹന സൗകര്യമാണ് ഉണ്ടാവുക. വീൽചെയറിൽ കഴിയുന്നവർക്ക് പരസഹായമില്ലാതെ ആശുപത്രികളിൽ ഉൾപ്പെടെ എത്താൻ വാഹനം ഉപയോഗപ്രദമാകും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments