ഭൂമി തരം മാറ്റത്തി ലും,റീ-സർവ്വേയിലും വലഞ്ഞ് റവന്യൂ വകുപ്പ്: സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് മൂന്ന് ലക്ഷത്തോളം അപേക്ഷകൾ.
കാസർഗോഡ് : സംസ്ഥാനത്തെ ഒട്ടുമിക്ക വില്ലേജ് ഓഫീസുകളും "സ്മാർട്ടായി''ട്ടും ഭൂമി തരം മാറ്റത്തിന് കാത്തുകിടക്കുന്നത് സംസ്ഥാനത്തൊട്ടുക്കുമായി 3 ലക്ഷത്തോളം അപേക്ഷകൾ.റവന്യൂ ഓഫീസുകളിലെ ജോലിക്കാരുടെ കുറവ് നികത്താൻ സർക്കാർ നടപടി സ്വീകരിക്കാത്തതാണ് അപേക്ഷകളിന്മേൽ നടപടിയെടുക്കാൻ കാലതാമസം നേരിടുന്നത്.
ഫയലുകൾ തീർപ്പാക്കാൻ സർക്കാർ നിരവധി അദാലത്തുകൾ സംഘടിപ്പിച്ചുവെങ്കിലും ജീവനക്കാരുടെ കുറവ് പ്രശ്നപരിഹാരത്തിന് തടസ്സമായി നിന്നു.ഇത് താലൂക്കുകളിൽ നിന്ന് റവന്യൂ വകുപ്പിലേക്ക് അപ്പപ്പോൾ തന്നെ ഉദ്യോഗസ്ഥർ വിവരം നൽകുന്നുണ്ടെങ്കിലും നടപടിയെടുക്കാൻ സർക്കാർ തയ്യാറാവാത്തത് ഫയലുകൾ തീർപ്പാക്കാൻ കഴിയാതെ താലൂക്ക്-വില്ലേജ് ഓഫീസുകളിൽ കെട്ടിക്കിടക്കുന്നതിന് കാരണമായിട്ടുണ്ട്.
ഭൂമി തരം മാറ്റത്തിനായി ജില്ലയിൽ പതിനായിരത്തോളം അപേക്ഷകളാണ് വിവിധ റവന്യൂ ഡിവിഷൻ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്. മഞ്ചേശ്വരം- കാസറഗോഡ് താലൂക്കിൽ മാത്രം ആയിരത്തിലേറെ അപേക്ഷകളാണ് പരിഹാരമാവാതെ കെട്ടി കിടക്കുന്നത്. മഞ്ചേശ്വരത്തിലേറെയും കോയിപ്പാടി,മംഗൽപാടി ഗ്രൂപ്പ് വില്ലേജുകളിലെ അപേക്ഷകളാണ്. ഇതിൽ തന്നെ രണ്ടും, മൂന്നും വർഷങ്ങൾ പഴക്കമുള്ള അപേക്ഷകളുമുണ്ട്.
രണ്ടാം പിണറായി സർക്കാരിന്റെ നാലുവർഷം കൊണ്ട് വിവിധ പേരുകളിലായി മൂന്നോളം പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിച്ചിട്ടും ഭൂമി സംബന്ധമായ ഫയലുകളൊന്നും നീങ്ങിയതേയില്ല.ഇതിന് പുറമെയാണ് ജില്ലാ കലക്ടർ കെ ഇമ്പ ശേഖരൻ മുൻകൈയെടുത്ത് വില്ലേജ് ഓഫീസുകൾ സന്ദർശിച്ച് പരാതികൾ തീർപ്പാക്കാനും, പോരായ്മകൾ പരിഹരിക്കാനും ശ്രമം നടത്തിയത്. ഇവിടെയും ഭൂമി സംബന്ധമായ ഫയലുകൾക്ക് പരിഹാരം കാണാനും സാധിച്ചില്ല.ഓരോ വില്ലേജ് ഓഫീസുകളിലുമുള്ള ജീവനക്കാരുടെ ഒഴിവ് നികത്താൻ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സർക്കാറിന് താല്പര്യക്കുറവുമുണ്ടായി എന്നത് സർക്കാർ തന്നെ സമ്മതിക്കുന്നതുമാണ്. ഉള്ള ജീവനക്കാരെ വെച്ച് ഇത്രയും അധികം ഫയലുകളിൽ തീർപ്പുണ്ടാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞതുമില്ല. ജില്ലയിലെ എല്ലാ റവന്യൂ ഓഫീസുകളിലും അധിക ജോലിഭാരം കൊണ്ട് വീർപ്പുമുട്ടുകയാണ് നിലവിലുള്ള ജീവനക്കാർ.ഇനി നിയമസഭാ തിരഞ്ഞെടുപ്പുകൾ ക്കുള്ള ഒരുക്കത്തിലാണ് ജീവനക്കാരും, ഉദ്യോഗസ്ഥരും.ഇനി കെട്ടിക്കിടക്കുന്ന ഫയലുകളൊന്നും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീങ്ങുകയുമില്ല. ദുരിതത്തിലാവുന്നത് അപേക്ഷകരാണ്.
ഭൂമി തരംമാറ്റ അപേക്ഷകൾ നാൾക്കുനാൾ ഓഫീസുകളിൽ കുന്നു കൂടുകയാണ്. "ഓരോ ഫയലും ഒരു ജീവിതമാണെന്ന്'' സർക്കാർ പറയുന്നുണ്ടെങ്കിലും അതിന് പരിഹാരം കാണാനും, വേഗത്തിലാക്കാനും ആത്മാർത്ഥമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് അപേക്ഷകർ തന്നെ പറയുന്നു.കടംകൊണ്ട് പൊറുതിമുട്ടുന്ന പാവപ്പെട്ടവർ വീടും, പറമ്പും വിൽക്കാനും, മക്കളുടെ പഠനത്തിനും, വിവാഹത്തിനും വായ്പയെടുക്കാനും,ബാങ്ക് ലോണിന്റെ പേരിൽ ജപ്തി നടപടികളിൽ നിന്ന് ഒഴിവായി കിട്ടാനും വേണ്ടിയാണ് ഭൂ ഉടമകൾ പലരും ഭൂമി തരംമാറ്റത്തിന് അപേക്ഷ നൽകുന്നത്.ഈ അപേക്ഷകളിലാണ് കാലതാമസം നേരിടുന്നത്. പോക്കുവരവ് നടപടികൾ പൂർത്തിയാകാത്ത ഭൂമിക്ക് നികുതി സ്വീകരിക്കുന്നില്ല.ഇത് അപേക്ഷകർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പരാതി.
ഫോട്ടോ:വിവിധ താലൂക്ക് ഓഫീസുകളിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്ന ഭൂമി സംബന്ധമായ ഫയലുകൾ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments