*കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; കാർഡ് ആർക്കെല്ലാം? വിശദാംശങ്ങൾ അറിയാം*
കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക. കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകുംവിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.
നേറ്റീവ് എന്നാൽ കേരളത്തിൽ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരും തങ്ങളുടെ പൂർവ്വികരിൽ ഒരാൾ കേരളത്തിൽ ജനിച്ചവരും വിദേശപൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശപൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കില്ല. നേറ്റിവിറ്റി കാർഡ് ലഭിച്ചശേഷം വിദേശപൗരത്വം സ്വീകരിക്കുന്നപക്ഷം നേറ്റിവിറ്റി കാർഡ് അസാധുവാകും. തൊഴിൽ സംബന്ധമായോ ജീവനോപാധി സംബന്ധമായ മറ്റു കാരണങ്ങളാലോ മാതാപിതാക്കളോ പൂർവികരോ കേരളത്തിന് പുറത്തായിരിക്കുമ്പോൾ അവിടെ ജനിച്ചവരേയും (വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവരെ) നേറ്റീവ് ആയി കണക്കാക്കും.
കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിൽദാർ ആണെങ്കിലും നേറ്റിവിറ്റി കാർഡുകൾ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണെന്നും നിയമം വ്യവസ്ഥചെയ്യുന്നു. കാർഡ് ആവശ്യമുള്ളവർക്ക് തഹസിൽദാർ മുമ്പാകെ അപേക്ഷ സമർപ്പിക്കാം. നിലവിലുള്ള വിവരങ്ങൾക്ക് പുറമേ സർക്കാർ കാലാകാലങ്ങളിൽ നിർദ്ദേശിക്കുന്ന വിവരങ്ങൾ നേറ്റിവിറ്റി കാർഡിൽ ഉൾപ്പെടുത്തും. സർക്കാർ വകുപ്പുകൾക്ക് വിവിധ ആവശ്യങ്ങൾക്കായി ഏതെല്ലാം സാഹചര്യങ്ങളിൽ മറ്റ് രേഖകളോടൊപ്പം ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് ഉപയോഗിക്കാമെന്ന് സർക്കാർ വിജ്ഞാപനമിറക്കും.
നേറ്റിവിറ്റി കാർഡ് ആവശ്യമുള്ള ഏതൊരു വ്യക്തിയും നിർണയിക്കപ്പെട്ട രീതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ നിശ്ചിതഫോറത്തിൽ രേഖകളും ഫീസും സഹിതം അപേക്ഷ സമർപ്പിക്കണം. അപേക്ഷ പ്രകാരം ജില്ലാ കളക്ടർക്ക് റവന്യു ഡിവിഷണൽ ഓഫീസർ കൈക്കൊണ്ട തീരുമാനമോ, പാസാക്കിയ ഉത്തരവോ പുനഃപരിശോധിക്കാവുന്നതും റദ്ദുചെയ്യുകയോ മാറ്റംവരുത്തുകയോ ചെയ്യാവുന്നതുമാണ്. എന്നാൽ, കക്ഷിക്ക് പറയാനുള്ള ന്യായമായ ഒരു അവസരം നൽകാതെ ഇത്തരമൊരു തീരുമാനമെടുക്കാൻ പാടില്ലെന്നും സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments