Breaking News

*കാൻസർനിരക്ക് കൂടുതൽ കേരളത്തിൽ; സ്ത്രീകളിൽ സ്തനാർബുദം, പുരുഷൻമാരിൽ ശ്വാസകോശത്തിൽ, കാരണങ്ങൾ പലത്*

കേരളത്തിലെ പ്രധാന സാംക്രമികേതര രോഗമായി കാൻസറും മാറുന്നു. രാജ്യത്ത് ഏറ്റവുമധികം കാൻസർ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. ലക്ഷം ജനങ്ങളിൽ 98.5 ആണ് ദേശീയ ശരാശരി. കേരളത്തിൽ ഇത് 173 ആണ്. പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും പ്രതിശീർഷ കണക്കുകളിൽ കേരളത്തിന് പിന്നിലാണ്.
ഐസിഎംആർ-നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാമിന്റെ കണക്കുകൾ പ്രകാരം 2015-ൽ ലക്ഷം ജനങ്ങളിൽ 110 എന്നായിരുന്നു കാൻസർ നിരക്ക്. 2024-ൽ അത് 173-ൽ എത്തി. രോഗബാധിതരെ കണ്ടെത്തുന്നത് ഉൾപ്പെടെ കേരളം കൈവരിച്ച മുന്നേറ്റം കണക്കുകളിലെ ഉയർച്ചയ്ക്ക് കാരണമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കേരളത്തിൽ പ്രതിവർഷം 66,000 ത്തിലധികം കാൻസർ കേസുകൾ ഉണ്ടാകാം എന്നാണ് പ്രവചനം.

തിരിച്ചറിയാൻ വൈകുന്നു

:രോഗം തിരിച്ചറിയാൻ വൈകുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഏതാണ്ട് 26 ശതമാനം ആളുകളിൽ മാത്രമാണ് ആദ്യ രണ്ടുഘട്ടങ്ങളിൽ രോഗം തിരിച്ചറിയുന്നത്. കഴിഞ്ഞവർഷം ആർബുദദിനത്തിൽ ആരംഭിച്ച ‘ആരോഗ്യം, ആനന്ദം–അകറ്റാം അർബുദം' എന്ന കാംപെയ്‌ൻ ഈ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. ഇതുപ്രകാരം 1.65 ലക്ഷത്തിലധികം സ്ത്രീകളെ സ്തനാർബുദ സ്ക്രീനിങ്ങിന് വിധേയമാക്കി. 25,831 പേരെ തുടർപരിശോധനയ്ക്ക് അയച്ചു. 259 പേരിൽ തുടക്കത്തിൽതന്നെ രോഗം കണ്ടെത്താനായി. മറ്റ് കാൻസറുകൾ വേറെയും.

രോഗം എത്രയും നേരത്തേ കണ്ടെത്തി ആരംഭത്തിൽ ചികിത്സിക്കാൻ സ്ക്രീനിങ് വഴിയൊരുക്കുന്നുണ്ടെന്ന് എൻസിഡി പ്രോജക്ട്‌ നോഡൽ ഓഫീസർ ഡോ. ബിപിൻ കെ. ഗോപാൽ പറഞ്ഞു. കാൻസർ പരിശോധന, നിർണയം, ചികിത്സ, തുടർനിരീക്ഷണം എന്നിവയ്ക്കായി വിപുലമായ സംവിധാനം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.

സ്ത്രീകളിൽ സ്തനാർബുദം, പുരുഷൻമാരിൽ ശ്വാസകോശത്തിൽ

:സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണുന്നത് സ്തനാർബുദമാണ്; 32 ശതമാനത്തിലധികം. ഗർഭാശയഗളം, അണ്ഡാശയം, വായ, ശ്വാസകോശം എന്നിവയാണ് പിന്നീട്. പുരുഷൻമാരിൽ ശ്വാസകോശ കാൻസറാണ് കൂടുതൽ (18%). വായയിലെ വിവിധ കാൻസറുകൾ, വൻകുടൽ, മലാശയം, പ്രോസ്റ്റേറ്റ് കാൻസറുകളാണ് പിറകെ.

കാരണങ്ങൾ പലത്

:സംസ്ഥാനത്ത് ആയുർദൈർഘ്യവും വയോജനങ്ങളുടെ അനുപാതവും കൂടുകയാണ്. ആനുപാതികമായി കാൻസർ ഉൾപ്പടെയുള്ള ജീവിതശൈലീരോഗങ്ങളും വർധിക്കാം. ഉയർന്ന ആരോഗ്യബോധം, മെച്ചപ്പെട്ട രോഗനിർണയ, പരിശോധന സംവിധാനങ്ങൾ എന്നിവ ഇവിടെയുണ്ട്. അതിനാൽ കൂടുതൽ രോഗികളെ കണ്ടെത്തുന്നു. വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയ ജീവിതശൈലീഘടകങ്ങളും കാൻസർ ഉണ്ടാക്കുന്നതിൽ നിർണായകമാണെന്ന്‌ മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ പറയുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments