*കേരളം ഇനി ആരു ഭരിക്കും? തീരുമാനിക്കുക രണ്ടേ മുക്കാൽ കോടി ജനം*
തിരുവനന്തപുരം : തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുമ്പോൾ കേരളം ഇനി ആര് ഭരിക്കുമെന്ന് തീരുമാനിക്കാൻ രണ്ടേ മുക്കാൽ കോടി ജനം. എസ്ഐആർ (വോട്ടർപട്ടിക തീവ്രപരിഷ്കരണം) നടപ്പാക്കിയ ശേഷം നടത്തുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്. എസ്ഐആറിലൂടെ നിരവധിപ്പേർ വോട്ടർപട്ടികയിൽ നിന്ന് പുറത്താകുകയും നിരവധിപ്പേെര ഉൾപ്പെടുത്തുകയും ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം സംസ്ഥാനത്തുള്ളത് ആകെ 2,71,11,856 (മാർച്ച് 13 വരെ) വോട്ടർമാരാണുള്ളത്. 1.38 കോടിയിലധികം സ്ത്രീ വോട്ടർമാരും 1.32 കോടിയിലധികം പുരുഷ വോട്ടർമാരും 227 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്. 4,24,518 പേരാണ് 18-19 വയസ്സിന് ഇടയിലുളളവർ. 30,471 പോളിങ് ബൂത്തുകളും 41 വോട്ടെണ്ണൽ കേന്ദ്രങ്ങളും പോളിങ്ങിനായി തയ്യാറെടുത്തു കഴിഞ്ഞു. അതേ സമയം, ഏപ്രിൽ ഒന്ന് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരമുണ്ട്. 18 വയസ്സ് പൂർത്തിയായവർക്കും എസ്ഐആറിൽ പേര് ചേർക്കാൻ കഴിയാത്തവർക്കും അവസരം ലഭിക്കും. അതിനാൽ വോട്ടർപട്ടികയിൽ ഇനിയും മാറ്റം വരാം.
ഏറെ വിവാദമുണ്ടാക്കിയ എസ്ഐആർ നടപടികൾ പൂർത്തിയാക്കിയ ശേഷം നടത്തുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിത്. പരിശോധനയിൽ നിരവധിപ്പേരെ ഒഴിവാക്കുകയും ഉൾപ്പെടുത്തുകയും ചെയ്തു. പേരുകൾ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പലയിടത്തും പരാതികൾ ഉയർന്നു. അദാലത്തുകൾ ഉൾപ്പെടെ നടത്തിയാണ് ഇവ പരിഹരിച്ചത്.
കേരളത്തിലെ 2.71 കോടി (2,71,11,856) വോട്ടർമാരിൽ 54,042 പേർ സർവീസ് വോട്ടർമാരാണ്. ഇവരെ ഒഴിച്ചു നിർത്തിയാൽ 2,70,57,814 ജനറൽ വോട്ടർമാരാണ് പട്ടികയിലുള്ളത്. ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കിയപ്പോൾ വോട്ടർമാരുടെ എണ്ണം 2,69,53,644 ആയിരുന്നു. തുടർന്ന് ജനുവരി 30നു ശേഷം മാർച്ച് 13 വരെ 1.58 ലക്ഷത്തിലേറെ വോട്ടർമാർ കൂടി പട്ടികയുടെ ഭാഗമായി. ഇനി പേരു ചേർക്കാനുള്ള 73,609 അപേക്ഷകളിൽ നടപടികൾ തുടരുകയാണ്. അതു കൂടി പരിഗണിച്ചാൽ 2.72 കോടിയിലേറെ വോട്ടർമാരാകും ഇത്തവണ കേരളം ആരു ഭരിക്കണമെന്ന വിധി നിർണിക്കുക.
സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് മുൻപ് 2,78,50,855 വോട്ടർമാരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. എസ്ഐആർ വഴി 24.08 ലക്ഷം പേർ പുറത്തായി. ഇതോടെ പട്ടികയിലെ എണ്ണം 2,54,42,353 ആയി ചുരുങ്ങി. മരിച്ചവരും സ്ഥലംമാറി പോയവരും വിദേശപൗരത്വം സ്വീകരിച്ചവരെയുമാണ് ഒഴിവാക്കിയതെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും എന്യൂമറേഷൻ ഫോം കൃത്യസമയത്ത് പൂരിപ്പിച്ച് സമർപ്പിക്കാൻ കഴിയാതെ പോയവരും പൂരിപ്പിച്ചതിൽ പിഴവുകൾ വന്നവരും പുറത്തായതായി രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചിരുന്നു. തുടർന്ന് ഹിയറിങ്ങിന് ഹാജരായി രേഖകൾ സമർപ്പിച്ച് ഇതിൽ വലിയൊരു പങ്ക് പട്ടികയിൽ തിരികെ എത്തി. ഏകദേശം 16.69 ലക്ഷം പേർ വീണ്ടും പട്ടികയുടെ ഭാഗമായി.
2.25 ലക്ഷത്തോളം പ്രവാസി വോട്ടുകളുണ്ട് സംസ്ഥാനത്ത്. ഇതിൽ ഏറെയും മലബാർ മേഖലയിലാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലുൾപ്പെടെ കണ്ണൂർ, നാദാപുരം, വടകര മേഖലകളിൽ വോട്ടർമാർ പ്രത്യേക വിമാനത്തിൽ എത്തി വോട്ടു ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും ഇത്തരത്തിൽ പ്രവാസി വോട്ടർമാരെ എത്തിച്ചു. പെരുന്നാളിനോടനുബന്ധിച്ച് നിരവധിപ്പേർ നാട്ടിലേക്ക് വരാൻ തയാറെടുക്കവെയാണ് യുദ്ധം ആരംഭിച്ചത്. പെരുന്നാളിന് വരുമ്പോൾ വോട്ടും ചെയ്ത് മടങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ പലർക്കും നാട്ടിലെത്താൻ സാധിക്കാത്ത അവസ്ഥയാണ്. വിമാനം കിട്ടാനില്ലാത്തതും അഥവാ കിട്ടിയാൽ വലിയ തുക ടിക്കറ്റിന് നൽകേണ്ടി വരുന്നതും പ്രവാസികളെ നാട്ടിലേക്ക് വരുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയാണ്. നിരവധി കുടുംബങ്ങൾ നാട്ടിലേക്കുള്ള വരവ് ഇതിനകം തന്നെ ഒഴിവാക്കി. യുദ്ധം അവസാനിച്ചില്ലെങ്കിൽ മലബാർ മേഖലയിലെ പോളിങ്ങിനെ സാരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ പ്രവർത്തകർ പറയുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments