Breaking News

*‘നയിക്കുമെന്ന് യുഡിഎഫ്’, ‘മറ്റാരുണ്ടെന്ന് എൽഡിഎഫ്’, മാറ്റത്തിനായി എൻഡിഎ; മുന്നണികളുടെ തുറുപ്പു ചീട്ടുകൾ പുറത്ത് !*

തിരഞ്ഞെടുപ്പു കമ്മിഷൻ തീയതി കൂറിച്ചതോടെ മുന്നണികൾ പ്രചാരണത്തിലേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ അണിയറയിൽ വിപുലമായ ഒരുക്കങ്ങൾ മൂന്നു മുന്നണികളും നടത്തിയിരുന്നു. തന്ത്രപരമായ സ്ഥാനാർഥി നിർണയം അതിനൊപ്പം നിൽക്കുന്ന പ്രചാരണം എന്നിവയിൽ ഊന്നിയാണ് മുന്നണികളുടെ നീക്കം. എന്നാൽ വോട്ടറുടെ മനസ്സ് കീഴടക്കുന്ന ‘തുറുപ്പുചീട്ടുകൾ’ എന്താകും. എന്തൊക്കെയാണ് മുന്നണികളുടെ ഒരുക്കം എന്നു നോക്കാം.

* ‘കേരളം ജയിക്കും, യുഡിഎഫ് നയിക്കും’, അണിയറയിൽ വികസന രേഖ*

100 സീറ്റുകൾ ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഇതിൽ 85 സീറ്റുകൾ ഉറപ്പായും നേടുമെന്നാണ് വിലയിരുത്തൽ. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ വൻ വാഗ്ദാനങ്ങളാണ് യുഡിഎഫ് മുന്നോട്ടുവെക്കുന്നത്. ക്ഷേമ പെൻഷൻ 3000 രൂപയായി വർധിപ്പിക്കും, കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും, 25 ലക്ഷം രൂപയുടെ ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പിലാക്കും ഉൾപ്പെടെയാണ് ഇത്. സ്ഥാനാർഥി പട്ടികയിൽ 50 ശതമാനം യുവാക്കൾക്കും വനിതകൾക്കും നൽകാനാണ് നീക്കം. ഗ്രൂപ്പ് താൽപര്യങ്ങളേക്കാൾ വിജയസാധ്യതയുള്ള പുതുമുഖങ്ങളെയും പ്രഫഷനലുകളെയും അണിനിരത്താൻ സുനിൽ കനഗോലുവിനെപ്പോലുള്ള തിരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ സഹായം യുഡിഎഫ് തേടിയിരുന്നു. നാല് സർവേകളാണ് എഐസിസിയുടെയും വിവിധ സ്വകാര്യ ഏജൻസികളുടെയും നേതൃത്വത്തിൽ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ ‘കടക്ക് പുറത്ത്’ എന്ന പരാമർശത്തെ സർക്കാരിനെതിരെയുള്ള പ്രധാന പ്രചാരണായുധമാക്കി മാറ്റി. എൽഡിഎഫ് സർക്കാരിന്റെ അഴിമതികളും ഭരണപരാജയങ്ങളും അക്കമിട്ടു നിരത്തുന്ന ‘കുറ്റപത്രം’ ജനങ്ങളിലെത്തിക്കാൻ വെബ്സൈറ്റ് തന്നെ പുറത്തിറക്കി. കേരളത്തിലുടനീളം വി.ഡി. സതീശൻ നടത്തിയ പുതുയുഗ യാത്രയിലൂടെ താഴെത്തട്ടിലുള്ള പ്രവർത്തകരെ സജ്ജമാക്കുകയും മുന്നണിയുടെ ഐക്യം ഉറപ്പാക്കുകയും ചെയ്തു. ‘കേരളം ജയിക്കും, യുഡിഎഫ് നയിക്കും’ എന്നതാണ് പ്രചാരണ മുദ്രാവാക്യം.

* ‘മറ്റാരുണ്ട് പിണറായി അല്ലാതെ’; ക്ഷേമം വോട്ടാകുമെന്ന് പ്രതീക്ഷ*

ടേം വ്യവസ്ഥ മാറ്റിവച്ച് പരീക്ഷണത്തിനു മുതിരാതെയാണ് സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മണ്ഡലത്തിൽ എംഎൽമാർക്കുള്ള ജനകീയത വോട്ടായി മാറുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നാണ് സിപിഎമ്മിന്റെ വിശ്വാസം. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരിക്കും മുന്നണിയുടെ മുഖം. അവസാനഘട്ടത്തിൽ തിടുക്കപ്പെട്ട് സ്വീകരിച്ച മന്ത്രിസഭാ തീരുമാനങ്ങളിലും എൽഡിഎഫ് പ്രതീക്ഷവയ്ക്കുന്നു. ക്ഷേമ പദ്ധതികൾ വോട്ടായി മാറുമെന്ന വിശ്വാസമുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നണി തള്ളിക്കളയുന്നില്ല. സർക്കാർ വിരുദ്ധ വോട്ടുകൾ യുഡിഎഫിനും എൻ‌ഡിഎയ്ക്കും ആയി വിഭജിക്കപ്പെടുമെന്നും മുന്നണി കണക്കു കൂട്ടുന്നു. വിമതരാണ് തലവേദന. ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി നിൽക്കുന്നത് ആലപ്പുഴയിൽ പാർട്ടിക്ക് ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. ഒറ്റപ്പാലത്ത് പി.കെ. ശശി, കൊട്ടാരക്കരയിൽ അയിഷാ പോറ്റി ഉൾപ്പെടെയുള്ളവരെ നേരിടേണ്ടതും വെല്ലുവിളിയാണ്.

കെ-ഫോൺ, ഗെയിൽ പൈപ്പ്‌ലൈൻ, ദേശീയപാത വികസനം, ലൈഫ് മിഷൻ, ക്ഷേമ പെൻഷൻ വിതരണം ‘കെ-ഡിസ്ക്’ എന്നിവ വോട്ടാകുമെന്നും പ്രതീക്ഷ. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക അവഗണന പ്രചാരണ വിഷയമാക്കും. മതനിരപേക്ഷത സംരക്ഷിക്കാൻ എൽഡിഎഫ് മാത്രമേയുള്ളൂ എന്ന വാദം ഉയർത്തി ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കും. ഓരോ മണ്ഡലത്തിലും കഴിഞ്ഞ അഞ്ച് വർഷം സർക്കാർ ചെയ്ത കാര്യങ്ങൾ വിശദീകരിക്കുന്ന ‘വികസന രേഖകൾ’ വീടുകളിൽ എത്തിക്കും. ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ വികസന തുടർച്ച ഊന്നിപ്പറയുന്ന ഈ മുദ്രാവാക്യവുമായാണ് എൽഡിഎഫ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

*∙ വികസിത കേരളം മോദിക്കൊപ്പം, വോട്ടാക്കാൻ മിഷൻ 2026*

മൂന്നാം ശക്തിയായി മാറാനുറച്ചാണ് എൻഡിഎ ശ്രമം. നരേന്ദ്ര മോദിയുടെ റോഡ് ഷോയോടെ പ്രചാരണത്തിന് തുടക്കമായി. കേരളത്തിൽ ഭരണത്തിലെത്തുക എന്ന ലക്ഷ്യത്തോടെ അമിത് ഷായാണ് ‘മിഷൻ 2026’ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഓരോ മണ്ഡലത്തിലെയും എംഎൽഎമാരുടെ പരാജയങ്ങൾ അക്കമിട്ടു നിരത്തുന്ന ചാർജ്ഷീറ്റുകൾ തയാറാക്കി വോട്ടർമാരിലേക്ക് എത്തിക്കുന്നത് പുരോഗമിക്കുകയാണ്. വികസിത കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യം ഉയർത്തിക്കാട്ടിയാണ് പ്രചാരണം. കേരളത്തിലെ 140 മണ്ഡലങ്ങളിൽ ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള 50 മണ്ഡലങ്ങളെ ‘എ ക്ലാസ്’ ആയി തിരിച്ച് അവിടെ കേന്ദ്ര നേതാക്കളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തനം നടത്തുന്നു. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിലെ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുന്നു.

ട്വന്റി 20 പാർട്ടിയുമായി സഖ്യമുണ്ടാക്കിയത് എറണാകുളത്ത് എൻഡിഎയ്ക്ക് വലിയ കരുത്തുനൽകുന്നു. തൊഴിലില്ലായ്മയും പിൻവാതിൽ നിയമനങ്ങളും ഉയർത്തിക്കാട്ടി യുവജനങ്ങളെ സർക്കാരിനെതിരെ തിരിക്കുന്ന പ്രചാരണത്തിനാണ് ഊന്നൽ. സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തീകരണവും (നാരീശക്തി) പ്രധാന പ്രചാരണ വിഷയങ്ങളാക്കുന്നു. എൽഡിഎഫും യുഡിഎഫും നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും കേരളത്തിന്റെ വികസനത്തിന് എൻഡിഎ മാത്രമാണ് പോംവഴിയെന്നും വോട്ടർമാരെ ബോധ്യപ്പെടുത്തും. അഴിമതി, സ്വർണക്കടത്ത് തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെതിരെ ശക്തമായ പ്രചാരണം നടത്തും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments