Breaking News

*കേര പദ്ധതി; കർഷകർക്ക് ഒരു കോടി രൂപ ധനസഹായം വിതരണം ചെയ്തു*

ആലപ്പുഴ : ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി  അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആറ് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട റബ്ബർ, ഏലം കർഷകർക്കുള്ള പുനർനടീൽ ധനസഹായമാണ് വിതരണം ചെയ്തത്. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും ശേഷിയുള്ള തൈകൾ ഉപയോഗിച്ച് പുനർനടീൽ നടത്തുന്ന കർഷകർക്ക് സാമ്പത്തിക സഹായം നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

റബ്ബർ ബോർഡ്, സ്‌പൈസസ് ബോർഡ്, കോഫി ബോർഡ് എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പുനർനടീൽ പദ്ധതിയുടെ ആദ്യഘട്ടമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 324 അപേക്ഷകർക്കായി 198.83 ഹെക്ടർ സ്ഥലത്തേക്ക് 1,09,10,332 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്. റബ്ബർ, ഏലം വിളകൾക്കാണ് ആദ്യഘട്ടത്തിൽ ധനസഹായം അനുവദിച്ചത്. റബ്ബർ ഏലം കാപ്പി കർഷകർക്ക് യഥാക്രമം ഹെക്ടറിന് 75,000, ഒരു ലക്ഷം, ഒരു ലക്ഷത്തി പതിനായിരം  രൂപ നിരക്കിൽ പരമാവധി രണ്ടു ഹെക്ടറിനു വരെയാണ് ധനസഹായം നൽകുന്നത്.

റബ്ബർ കൃഷി മേഖലയിൽ ആകെ 307 അപേക്ഷകളിലായി 193.88 ഹെക്ടർ സ്ഥലത്തിനാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. ഇതിനായി ആകെ 1,06,62,832 രൂപയാണ് വിതരണം ചെയ്തത്. തിരുവനന്തപുരം ജില്ലയിൽ നിന്ന് 15 അപേക്ഷകൾക്കും പത്തനംതിട്ട ജില്ലയിൽ നിന്ന് 29 അപേക്ഷകൾക്കും കോട്ടയം ജില്ലയിൽ നിന്ന് 196 അപേക്ഷകൾക്കും മലപ്പുറം ജില്ലയിൽ നിന്ന് 42 അപേക്ഷകൾക്കും കണ്ണൂർ ജില്ലയിൽ നിന്ന് 25 അപേക്ഷകൾക്കുമാണ് ധനസഹായം അനുവദിച്ചത്.

ഏലം കൃഷി മേഖലയിൽ ഇടുക്കി ജില്ലയിൽ നിന്നുള്ള 17 അപേക്ഷകൾക്കായി 4.95 ഹെക്ടർ സ്ഥലത്തിന് ധനസഹായം അനുവദിച്ചു. ഇതിനായി ആകെ 2,47,500 രൂപയാണ് അനുവദിച്ചത്. ചടങ്ങിൽ കർഷകർക്കുള്ള പുനർനടീൽ സഹായത്തിന്റെ ചെക്കുകളും മന്ത്രി വിതരണം ചെയ്തു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ, എഫ്.പി.സി പ്രതിനിധികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.



ചിത്ര വിവരണം: 

കേര പദ്ധതിയുടെ ഭാഗമായി തോട്ടവിള കർഷകർക്കുള്ള പുനർ നടീൽ സഹായധനം കൃഷി മന്ത്രി പി.പ്രസാദ് വിതരണം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments