*സംരക്ഷിക്കപ്പെട്ടത് വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണ്; ലീഗ് നേതൃത്വത്തിന് നന്ദി പറഞ്ഞ് എം കെ മുനീര്‍*
കോഴിക്കോട് : വീടിന്റെ ജപ്തി ഭീഷണിയില്‍ നിന്നും മോചിപ്പിച്ചതിന് പാര്‍ട്ടിയോട് നന്ദി പറഞ്ഞ് മുസ് ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീര്‍. വാക്കുകള്‍ക്കതീതമായ നന്ദിയുണ്ടെന്നും ഈ ജീവിതത്തിലുടനീളം പാര്‍ട്ടിയോട് കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സദുദ്ദേശപരമായി ഇടപെടല്‍ നടത്തിയതിന് മാധ്യമങ്ങള്‍ക്കും നന്ദിയെന്ന് മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മുന്‍ മന്ത്രിയും മുസ് ലിം ലീഗ് നേതാവുമായ എം കെ മുനീറിന്റെ കോഴിക്കോട് നടക്കാവിലുള്ള 'ക്രസന്റ് ഹൗസ്' എന്ന വീട് ജപ്തി ഭീഷണിയിലായ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. വീട് നവീകരണത്തിനായി കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് എടുത്ത 35 ലക്ഷം രൂപയുടെ വായ്പ പലിശയുള്‍പ്പെടെ 58 ലക്ഷം രൂപയായി വര്‍ധിച്ചിരുന്നു. ഈ മാസം 31നകം കുടിശ്ശിക അടച്ചില്ലെങ്കില്‍ ജപ്തി നടപടികളിലേക്ക് നീങ്ങുമെന്ന് ബാങ്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് മുസ് ലിം ലീഗ് നേതൃത്വം ഇടപെട്ട് 49 ലക്ഷം രൂപയോളം അടച്ചുതീര്‍ത്തത്.
എം കെ മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചത്
വാക്കുകള്‍ക്കതീതം....
'വിഷമിക്കേണ്ട, പാര്‍ട്ടി കൂടെയുണ്ട്'എന്ന ഉറച്ച ആശ്വാസവാക്കുകളോടെ ഞങ്ങളോടൊപ്പം അചഞ്ചലമായി നിന്ന പ്രിയപ്പെട്ട പാര്‍ട്ടിക്ക് വാക്കുകള്‍ക്കതീതമായ നന്ദി.
എനിക്ക് ആത്മവിശ്വാസവും ശക്തിയും പകര്‍ന്നു തന്ന പ്രിയപ്പെട്ട സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങള്‍ക്കും ജ്യേഷ്ട സഹോദരനെ പോലെ കൂട തന്നെ നിന്ന കുഞ്ഞാലിക്കുട്ടി സാഹിബിനും ഞങ്ങളുടെ കുടുംബത്തിന്റെ ആത്മാര്‍ത്ഥമായ നന്ദി. ഞങ്ങളുടെ ഉള്ളുരുകിയ പ്രാര്‍ത്ഥനയില്‍ എന്നും ഉണ്ടാവും. ഈ പ്രയാസ ഘട്ടത്തില്‍ വീടിന്റെ കടബാധ്യതയില്‍ നിന്നും മോചിപ്പിച എന്റെ പാര്‍ട്ടിയോട് ഈ ജീവിതത്തിലുടനീളം ഞാന്‍ കടപ്പെട്ടിരിക്കുന്നു.
ഈ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ കുറെയധികം സുമനസ്സുകള്‍ ഹൃദയത്തില്‍ പ്രാര്‍ത്ഥനയോടെ ഞങ്ങളിലേക്ക് സ്‌നേഹം ചൊരിഞ്ഞു. ''നന്ദി'' എന്ന രണ്ടക്ഷരം കൊണ്ട് ഈ കടപ്പാട് തീര്‍ക്കാന്‍ സാധിക്കില്ല എന്നെനിക്കറിയാം.
എന്റെ സഹപാഠികള്‍, എന്റെ ഉറ്റ മിത്രങ്ങള്‍, ഞാനറിയാത്ത, എന്നെ ദൂരെ നിന്ന് മാത്രം കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ളവര്‍, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവര്‍, എന്നെ ഏറെ ഇഷ്ടപ്പെടുന്നവര്‍, കലാ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദേശത്തുള്ളവര്‍, സ്വദേശത്തുള്ളവര്‍ എല്ലാവരും സ്‌നേഹവാക്കുകളും പ്രാര്‍ത്ഥനകളും കൊണ്ട് ഞങ്ങളുടെ കൂടെ നിന്നു എന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത സന്തോഷമാണ് പകര്‍ന്നു നല്‍കുന്നത്.
നമുക്ക് നേരിട്ട് പരിചയമില്ലാത്തവരായിട്ടുപോലും ഈ സമയത്ത് വിളിച്ച് ആശ്വസിപ്പിക്കുകയും സഹായഹസ്തം നീട്ടാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തത് നിഷ്‌കളങ്കമായ ചേര്‍ത്തുവെക്കലായി ഞാന്‍ കാണുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാര്‍ത്ഥനയും പിന്തുണയും എന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയും ചെയ്യുന്നു.
വാര്‍ത്താ മാധ്യമങ്ങള്‍ സദുദ്ദേശപരമായി നടത്തിയ ഇടപെടലുകള്‍ക്കും നന്ദി.
പ്രിയപ്പെട്ട വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് പരമകാരുണികന്റെ അനന്തമായ അനുഗ്രഹത്താല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നതിലുള്ള ആശ്വാസം എല്ലാവരുമായും ഞാന്‍ പങ്കുവെക്കുന്നു. സമ്പത്തിനേക്കാള്‍ വലുത് സ്‌നേഹവും ബന്ധവുമാണ് എന്ന എന്റെ പിതാവ് പഠിപ്പിച്ച പാഠം ഒരു ആവര്‍ത്തി കൂടി ഞാന്‍ വായിച്ചിരിക്കുന്നുഅനുഭവത്തിലൂടെ.
സ്‌നേഹം മാത്രം..
ഡോ. എം. കെ. മുനീര്‍
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments