Breaking News

*എൽഡ‍ിഎഫ്-ബിജെപി 'ഡീൽ' ആക്രമണവുമായി രാഹുലും ഖർഗെയും, കേരളത്തിൽ അന്തർധാര സജീവം; 'യുഡിഎഫ് അധികാരത്തിലേറും, എല്ലാ ഗ്യാരന്‍റിയും നടപ്പാക്കും'*

കോഴിക്കോട് : ബിജെപിയും സിപിഎം നേതാക്കളും തമ്മിൽ അവിശുദ്ധമായ ഒരു സന്ധി നിലനിൽക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അവർക്കെതിരെയുള്ള അഴിമതിക്കേസുകളിൽ കേന്ദ്രം വിട്ടുവീഴ്ച ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി. കോഴിക്കോട് യുഡിഎഫ് റാലിയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയോട് വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന തനിക്ക് നിലവിൽ 46 കേസുകളുണ്ടെന്നും സിപിഎം നേതാക്കൾ അഴിമതിക്കേസുകളിൽ നിന്ന് രക്ഷപ്പെടുന്നത് ഒത്തുകളിയുടെ ഭാഗമാണെന്നും കുറ്റപ്പെടുത്തി. അയ്യനെ ബഹുമാനിക്കാത്തവർക്ക് എങ്ങനെയാണ് കേരളത്തിലെ ജനങ്ങളെ ബഹുമാനിക്കാൻ സാധിക്കുകയെന്നും രാഹുൽ ചോദിച്ചു.

കഴിഞ്ഞ രാത്രി തന്റെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, അവിടെയുണ്ടായിരുന്ന ഒരു മലയാളി നേഴ്സ് സ്വന്തം അമ്മയെപ്പോലെയാണ് അവരെ പരിചരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരു പോള കണ്ണടയ്ക്കാതെ തന്റെ ഉത്തരവാദിത്തം നിർവ്വഹിച്ച ആ നഴ്‌സിന്റെ പ്രവൃത്തി ഓരോ കേരളീയന്റെയും സ്വഭാവമാണെന്ന് തനിക്ക് തോന്നി. ജാതിയും മതവും നിറവും നോക്കാതെ സ്വന്തം ഉത്തരവാദിത്തങ്ങളെ ചേർത്തുപിടിക്കുന്നവരാണ് മലയാളികളെന്നും ഇത് ഓരോ കേരളക്കാരൻ്റെയും സ്വഭാവമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ് കേരളത്തിലെ സർക്കാരെന്നും നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തുടങ്ങിയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ ആരോപിച്ചു . കോഴിക്കോട് യുഡിഎഫ് റാലിയിൽ സംസാരിക്കവേയാണ് സംസ്ഥാന സർക്കാരിനെതിരെ ഖാർഗെ വിമർശനമുന്നയിച്ചത്.

ഞങ്ങൾക്കൊരു മാറ്റം വരണമെന്നാണ് കേരളം ഒരേ ശബ്ദത്തിൽ പറയുന്നത്. നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തുടങ്ങി. ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ്. അവർ എന്ത് വൃത്തികേടും നാടിനോട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണം കവർന്ന ഉന്നതരെ ജയിലിലടക്കാതെ രക്ഷപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ സി പി എം- ബിജെപി കൂട്ട് കെട്ട് എല്ലാവരും തിരിച്ചറിഞ്ഞു. അവർക്ക് സി.ജെ.പി എന്നാണ് ഇപ്പോഴത്തെ പേര്. കരുത്തരായ സ്ഥാനാർഥികളെ നിർത്താതെ ഒത്തുകളിയാണ്. ഓരോ വോട്ടും പരസ്പരം ഷെയർ ചെയ്യുന്നു. ഈ മലയാളക്കരയെ കുറിച്ച് ബിജെപി ക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. കേരളത്തിൽ അവർ അന്യഗ്രഹ ജീവികളെപ്പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തിലെ ജനങ്ങളുടെ താൽപര്യത്തിനല്ലാതെ ബിജെപിയുടെ താൽപര്യത്തിന് വേണ്ടിയാണ് സി പി എം നിൽക്കുന്നത്. ഈ നാടിന്റെ ഐക്യം തകർക്കപ്പെടണമെന്നാണ് ബി.ജെ.പി വിശ്വസിക്കുന്നത്. അതിനൊപ്പം സിപിഎമ്മും നിൽക്കുന്നു. പോളിങ്ങ് ബൂത്തിലെത്തുന്ന വോട്ടർമാർ വർഗീയതയ്‌ക്കെതിരെ വോട്ട് ചെയ്യണം, അതിനെ പുൽകുന്നവരെ തോൽപ്പിക്കണം. കോട്ടിട്ട നേതാവ് വർഷാവർഷം 2 കോടി തൊഴിലവസരം വാഗ്ദാനം ചെയ്യുന്ന പോലെയാണ് മുണ്ടിട്ട നേതാവ് 46 ലക്ഷം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നത്. രണ്ട് പേരും നുണ പറയുകയാണ് എവിടെയാണ് ജോലിയെന്നും അദ്ദേഹം ചോദിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments