Breaking News

*സുരക്ഷിത ഇടമായി കേരളം; പ്രണയസാഫല്യവുമായി മൊണാലിസയും ഫര്‍മാനും, അരുമാനൂര്‍ ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹിതരായി*

തിരുവനന്തപുരം : വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് സ്വന്തം നാട്ടില്‍ നിന്നും പലായനം ചെയ്ത് കേരളത്തില്‍ അഭയം തേടിയ വൈറല്‍ താരം മൊണാലിസയ്ക്ക് പ്രണയസാഫല്യം.മഹാരാഷ്ട്ര സ്വദേശിയായ ഫർമാനെയാണ് മൊണാലിസ ജീവിതപങ്കാളിയാക്കിയത്. തിരുവനന്തപുരം പൂവാറിനടുത്ത് ശ്രീനാരായണ ഗുരു സ്ഥാപിച്ച അരുമാനൂർ നൈനാർ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മതാതീതമായ ഈ വിവാഹച്ചടങ്ങുകള്‍ നടന്നത്.

മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ മൊണാലിസയും ഫർമാനും ഒന്നര വർഷം മുൻപ് ഫേസ്ബുക്ക് വഴിയാണ് പ്രണയത്തിലായത്. എന്നാല്‍ ഇതരമതസ്ഥനായ ഫർമാനുമായുള്ള ബന്ധത്തെ മൊണാലിസയുടെ വീട്ടുകാർ ശക്തമായി എതിർത്തു. അച്ഛനില്‍ നിന്ന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് മൊണാലിസ തമ്പാനൂർ പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. തുടർന്ന് പോലീസ് വീട്ടുകാരെ വിളിപ്പിക്കുകയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അനുനയിപ്പിക്കുകയും ചെയ്തതോടെയാണ് വിവാഹത്തിന് വഴിതെളിഞ്ഞത്.

വിവാഹച്ചടങ്ങില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എം.പി തുടങ്ങിയവർ പങ്കെടുത്തു.

“ഇതാണ് യഥാർത്ഥ കേരളാ സ്റ്റോറി” എന്ന് വി. ശിവൻകുട്ടി വിവാഹത്തെ വിശേഷിപ്പിച്ചു.

“രണ്ട് സ്വതന്ത്ര വ്യക്തികള്‍ക്ക് വിവാഹം കഴിക്കാൻ ഇന്ത്യയില്‍ തന്നെ ഏറ്റവും സുരക്ഷിതമായി തോന്നിയ ഇടം കേരളമാണ്. മതമേതായാലും മനുഷ്യൻ നന്നായാല്‍ മതിയെന്ന ഗുരുവാക്യമാണ് ഇവിടെ പുലരുന്നത്,” എം.വി. ഗോവിന്ദൻ പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് കേരളത്തിലേക്ക് വന്നതെന്ന് ദമ്പതികള്‍ വ്യക്തമാക്കി. ലൗ ജിഹാദ് ആരോപണങ്ങളും വധഭീഷണിയും ഭയന്ന് മുൻപ് ജാർഖണ്ഡ് സ്വദേശികളായ ഗാലിബും ആശ വർമ്മയും കേരളത്തിലെത്തി വിവാഹിതരായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മൊണാലിസയും ഫർമാനും കേരളത്തിന്റെ മണ്ണില്‍ ഒരുമിക്കുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments