*അതിശയോക്തിയും ഭീതിയും വേണ്ട; പശ്ചിമേഷ്യൻ സംഘർഷം റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി*
തിരുവനന്തപുരം : പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ അതീവ ജാഗ്രതയും അവധാനതയും പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ ചാനലുകളുടെയും പത്രങ്ങളുടെയും എഡിറ്റർമാരുമായി നടത്തിയ പ്രത്യേക യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിർദ്ദേശം നൽകിയത്.
ഗൾഫ് നാടുകളിൽ ലക്ഷക്കണക്കിന് മലയാളികൾ കഴിയുന്ന സാഹചര്യത്തിൽ, യുദ്ധവാർത്തകൾ അതിശയോക്തിയോടെ നൽകുന്നത് നാട്ടിലെ അവരുടെ കുടുംബങ്ങളിൽ വലിയ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, വസ്തുതകൾ പരിശോധിക്കാതെയും ഔദ്യോഗിക സ്ഥിരീകരണമില്ലാതെയും വാർത്തകൾ നൽകരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ ആവർത്തിച്ച് കാണിക്കുന്നതും പ്രകോപനപരമായ തലക്കെട്ടുകൾ നൽകുന്നതും ഒഴിവാക്കണം.
ഇന്ത്യൻ എംബസികൾ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങൾ എന്നിവ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കി വാർത്തകൾ നൽകുക. ഗൾഫിലെ സാധാരണ ജീവിതത്തെ ബാധിക്കാത്ത ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാണിച്ച് പ്രവാസി കുടുംബങ്ങളെ ആശങ്കയിലാക്കരുത്.
മാധ്യമങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. പ്രവാസികൾക്കും ബന്ധുക്കൾക്കും സഹായകരമായ നോർക്ക, എംബസി ഹെൽപ്പ് ലൈൻ നമ്പറുകൾക്ക് വാർത്തകളിൽ പ്രാധാന്യം നൽകണം.
പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനോടകം തന്നെ ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ അംഗങ്ങളുമായി മുഖ്യമന്ത്രി ഓൺലൈൻ വഴി സംസാരിക്കുകയും സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
പരീക്ഷകൾ മാറ്റിവെച്ചതും വിമാന സർവീസുകൾ മുടങ്ങിയതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മാധ്യമങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments