*പെട്രോളും ഡീസലും എൽപിജിയുമല്ല; ഇറാൻ വരുത്തിവയ്ക്കുന്നത് മറ്റൊരു വലിയ ക്ഷാമം, അടുക്കള പൂട്ടിയിടേണ്ടി വരും, വിലക്കയറ്റത്തിന്‍റെ നാളുകളെന്ന് മുന്നറിയിപ്പ്*
തെഹ്റാൻ : പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയതോടെ രാജ്യാന്തര വ്യാപാരത്തിൽ ഏറെ നിർണായകമായ ഹോർമുസ് കടലിടുക്ക് അടയ്ക്കാനായിരുന്നു ഇറാന്‍റെ തീരുമാനം. ഇതോടെ ക്രൂഡ് ഓയിലും പ്രകൃതി വാതകവും അടക്കമുള്ള ഉൽപന്നങ്ങളുടെ അഞ്ചിലൊന്ന് വ്യാപാരമെങ്കിലും നിലച്ചു. തുടർന്ന് രാജ്യാന്തര തലത്തിലുണ്ടാകുന്ന പ്രതിസന്ധിയെക്കുറിച്ചാണ് എല്ലാവരുടെയും ചർച്ച. എന്നാൽ ഇറാന്‍റെ നീക്കത്തിലൂടെ ലോകരാജ്യങ്ങൾ അഭിമുഖീകരിക്കാൻ പോകുന്നത് മറ്റൊരു ഗുരുതര പ്രതിസന്ധിയാണ്. നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ രാജ്യാന്തര തലത്തിൽ വളം പ്രതിസന്ധി രൂക്ഷമാകുമെന്ന് ആശങ്ക. അങ്ങനെയുണ്ടായാൽ വലിയ ഭക്ഷണ പ്രതിസന്ധിയും വിലക്കയറ്റത്തിനും കാരണമാകുമെന്നും സാമ്പത്തിക വിദഗ്‍ധർ മുന്നറിയിപ്പ് നൽകുന്നു.
വളം നിർമാണത്തിന് ആവശ്യമായ യൂറിയ, സൾഫർ, അമോണിയ തുടങ്ങിയ മൂലകങ്ങളുടെ പ്രധാന ഉൽപാദകരാണ് പശ്ചിമേഷ്യൻ രാജ്യങ്ങൾ. പ്രധാനമായും സൗദി അറേബ്യ, ഖത്തർ, ഒമാൻ, യുഎഇ എന്നീ രാജ്യങ്ങളാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. യുദ്ധം നടക്കുന്ന ഇറാൻ ആകട്ടെ ലോകത്തിലെ അമോണിയ ഉൽപാദനത്തിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യവുമാണ്. പ്രതിസന്ധി ഇനിയും രൂക്ഷമായാൽ ഇത്തരം മൂലകങ്ങളുടെ ഉൽപാദനവും വിതരണവും മുടങ്ങും. ഇത് രാജ്യാന്തര തലത്തിൽ വലിയ കാർഷിക പ്രതിസന്ധിയുണ്ടാക്കും. ഭക്ഷ്യസാധനങ്ങളുടെ ഉൽപാദനം കുറയും. പണപ്പെരുപ്പവും വിലക്കയറ്റവും പിന്നാലെയുണ്ടാകും.
രാജ്യാന്തര വളം വ്യാപാരത്തിന്‍റെ മൂന്നിലൊന്നും ഹോർമുസ് കടലിടുക്കിലൂടെയാണ് നടക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. ഇതിലുണ്ടാകുന്ന തടസങ്ങൾ വലിയ ആഘാതമുണ്ടാക്കും. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും കർഷകർ നടീൽ തുടങ്ങുന്ന മാസങ്ങളിൽ തന്നെ പ്രതിസന്ധിയുണ്ടായത് സ്ഥിതി രൂക്ഷമാക്കി. നടീൽ വൈകുന്നത് വിളവെടുപ്പിനെയും സാരമായി ബാധിക്കും. പ്രതിസന്ധി മണത്തതോടെ ലോകത്തിന്‍റെ പലയിടങ്ങളിലും വളം വില കുത്തനെ ഉയർന്നിട്ടുണ്ട്.
ലോകത്തിലെ വളം ഉൽപന്നങ്ങളുടെ പ്രധാന ഉൽപാദകരായ റഷ്യയെ ആശ്രയിക്കുക എന്നതാണ് മറ്റൊരു മാർഗം. എന്നാൽ പശ്ചിമേഷ്യയിലെ പ്രതിസന്ധി മറികടക്കാൻ നിലവിലെ സാഹചര്യത്തിൽ റഷ്യയ്ക്ക് കഴിയില്ലെന്നാണ് വിദഗ്‍ധർ പറയുന്നത്. ഉൽപാദനത്തിലെ തടസം, പ്രാദേശിക ആവശ്യങ്ങൾ, കയറ്റുമതിയിലെ നിയന്ത്രണങ്ങൾ എന്നിവയാണ് റഷ്യക്ക് മുന്നിലുള്ള വെല്ലുവിളി. എന്നാൽ താൽകാലികമായ ചില ആവശ്യങ്ങൾ നിറവേറ്റാൻ റഷ്യയ്ക്ക് കഴിഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ജോർദൻ, ഈജിപ്ത്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ചെങ്കടലിൽ ഹൂതി വിമതന്മാരുടെ ഭീഷണിയുള്ളത് മറ്റൊരു പ്രതിസന്ധിയാണ്.
പ്രതിസന്ധി പരിഹരിക്കാതെ തുടർന്നാൽ ഇന്ത്യയുടെ സാമ്പത്തിക മേഖലയിലും കനത്ത തിരിച്ചടിയാകുമെന്നാണ് വിദഗ്‍ധർ പറയുന്നത്. മൺസൂണിന്‍റെ തുടക്കത്തോടെ രാജ്യത്ത് ആരംഭിക്കുന്ന ഖാരിഫ് സീസണിലാകും ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നത്. രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും ഖാരിഫ് വിളകളുടെ നടീൽ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഖാരിഫ് സീസണിലേക്ക് ഇനിയും സമയമുണ്ടെങ്കിലും ഇതിലേക്ക് വേണ്ട വളം ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതി അടക്കമുള്ള കാര്യങ്ങൾ നടക്കുന്നത് ഫെബ്രുവരി – മാർച്ച് മാസങ്ങളിലാണ്. യുദ്ധസാഹചര്യത്തിൽ ഇവ മുടങ്ങിയാൽ സ്ഥിതി രൂക്ഷമാകും. വളം നിർമാണത്തിൽ നിർണായകമായ പാചക വാതക ഇറക്കുമതി മുടങ്ങുന്നതും മറ്റൊരു പ്രതിസന്ധിയാണ്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വളം ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 20 ലക്ഷം ടൺ വളമാണ് പ്രതിമാസം ഇന്ത്യ ഇറക്കുമതി ചെയ്യുന്നതെന്നാണ് കണക്ക്. രാജ്യത്തിന് ആവശ്യമായ പൊട്ടാഷ്യം വളങ്ങളുടെ 100 ശതമാനവും ഡൈ അമോണിയം ഫോസ്ഫേറ്റിന്‍റെ 60 ശതമാനവും വിദേശ രാജ്യങ്ങളിൽ നിന്നാണ് എത്തുന്നത്. ഇവയുടെ വരവ് മുടങ്ങുന്നത് രാഷ്ട്രീയ വിഷയമായി മാറാനും സാധ്യതയുണ്ട്.
അതേസമയം, രാജ്യത്തിന് ആവശ്യമായ വളം സ്റ്റോക്കുണ്ടെന്നാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം. എല്ലാ വളങ്ങളും മുൻകൂട്ടി സൂക്ഷിക്കുന്ന ശീലമുള്ളത് കൊണ്ട് ഇക്കാര്യത്തിൽ പരിഭ്രാന്തിയുടെ ആവശ്യമില്ല. മാർച്ച് 6 ലെ കണക്ക് പ്രകാരം രാജ്യത്ത് 177.31 ലക്ഷം മെട്രിക് ടൺ വളം സ്റ്റോക്കുണ്ട്. ഇത് മുൻ വർഷങ്ങളേക്കാൾ വളരെ കൂടുതലാണ്. അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ രാജ്യത്ത് 17 ലക്ഷം മെട്രിക് ടൺ വളം കൂടിയെത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യത്ത് വളത്തിന്‍റെ വില വർധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര വളം മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments