Breaking News

*ഇന്ത്യയ്ക്ക് ട്രംപിന്റെ 'ആന്റി ഡംപിങ് ഡ്യൂട്ടി' ഷോക്ക്, 123 ശതമാനം നികുതി പ്രഖ്യാപിച്ചു, കയറ്റുമതി അസാധ്യമാകുമെന്ന് കമ്പനികൾ*

ന്യൂഡൽഹി : യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ നിർമിത സോളർ സെല്ലുകൾക്കും മോഡ്യൂളുകൾക്കും 123.04 ശതമാനം പ്രാഥമിക 'ആന്റി ഡംപിങ് ഡ്യൂട്ടി' ചുമത്തി ട്രംപ് ഭരണകൂടം. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച 125 ശതമാനം നികുതിയ്ക്ക് പുറമെയാണിത്. യഥാർത്ഥ നിരക്കിനേക്കാൾ കുറച്ചാണ് ഇന്ത്യൻ സോളർ ഉൽപന്നങ്ങൾ യുഎസിൽ വിൽക്കുന്നതെന്നു ആരോപിച്ചാണ് നീക്കം.ഇന്ത്യൻ കമ്പനികളുടെ വിപണന തന്ത്രം തദ്ദേശീയ ഉൽപാദകരുടെ സാധ്യത കുറക്കുന്നതായി യുഎസ് വാണിജ്യ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ  തെളിഞ്ഞതായും യുഎസ് ആരോപിക്കുന്നു. ഇന്ത്യ - യുഎസ് വ്യാപാര കരാറിലെ നിർണായക ചർച്ചകൾ നടക്കുന്നതിനിടെയാണ് അമേരിക്കയുടെ അപ്രതീക്ഷിത നീക്കമെന്നതും ശ്രദ്ധേയം. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ കമ്പനികൾക്ക് വലിയ തിരിച്ചടിയാണിത്. 

മുന്ദ്ര സോളർ പിവി, മുന്ദ്ര സോളർ എനർജി, കോവ കമ്പനി, പ്രീമിയർ എനർജി ഫോട്ടോവോൾട്ടാനിക് തുടങ്ങിയ കമ്പനികൾക്കെതിരെയാണ് യുഎസ് അന്വേഷണം നടത്തിയത്. ഇതിൽ 'ഗുരുതരമായ വീഴ്ചകൾ' കണ്ടെത്തിയെന്നാണ് യുഎസ് പറയുന്നത്. എന്നാൽ ഈ അന്വേഷണത്തിലെ കണ്ടെത്തലുകൾ തെറ്റാണെന്ന് ഇന്ത്യൻ സോളാർ വ്യവസായ മേഖല പറയുന്നു. കണ്ടെത്തലുകൾ അടിസ്ഥാനമില്ലാത്തതാണെന്ന് നാഷണൽ സോളാർ എനർജി ഫെഡറേഷൻ ഓഫ് ഇന്ത്യ സിഇഒ സുബ്രമണ്യം ആരോപിക്കുന്നു. തീരുമാനത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ നികുതിയോടെ ഇന്ത്യൻ സോളർ ഉൽപന്നങ്ങൾ യുഎസിലെത്തിക്കാൻ 250 ശതമാനത്തോളം നികുതി കൊടുക്കേണ്ടി വരുമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. ഇത്രയും നികുതി നൽകി ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് സാമ്പത്തികമായി നഷ്ടമുണ്ടാക്കുമെന്നും ഇവർ പറയുന്നു. ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത സോളർ കമ്പനികളുടെ പ്രകടനത്തെയും യുഎസ് തീരുമാനം ബാധിക്കും. 

ഇന്ത്യയ്ക്ക് പുറമെ ഇന്തൊനീഷ്യ, ലാവോസ് തുടങ്ങിയ രാജ്യങ്ങളിലെ സോളർ ഉൽപന്ന കയറ്റുമതിക്കും അധിക തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ മൂന്ന് രാജ്യങ്ങളും ചേർന്ന് 450 കോടി ഡോളറിന് തുല്യമായ സോളാർ ഉൽപന്നങ്ങൾ യുഎസ് വിപണിയിൽ വിൽപന നടത്തിയെന്നാണ് കണക്ക്. ആ വർഷത്തിൽ രാജ്യത്തെത്തിയ സോളാർ ഉൽപന്നങ്ങളുടെ മൂന്നിൽ രണ്ടാണിത്. അതേസമയം, യുഎസിൽ തിരിച്ചടി കിട്ടിയെങ്കിലും പുതിയ വിപണികൾ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ കമ്പനികൾ. യൂറോപ്, മധ്യേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ സോളാർ ഉൽപന്നങ്ങളുടെ കയറ്റുമതി.  



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments