Breaking News

‘കേരളം @ 2026’: പ്രവാസലോകത്തിന്റെ പ്രതീക്ഷകൾ പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി മീഡിയ വിം​ഗ് പാനൽ ഡിബേറ്റ്

ജിദ്ദ : കേരളത്തിന്റെ ഭാവി രാഷ്ട്രീയവും പ്രവാസികളുടെ അവകാശങ്ങളും ഗൗരവമായി ചർച്ച ചെയ്ത് ജിദ്ദ കെ.എം.സി.സി മീഡിയ വിം​ഗിന്റെ ആഭിമുഖ്യത്തിൽ ‘കേരളം @ 2026: പ്രവാസത്തിന്റെ നിലപാടും പ്രതീക്ഷകളും’ എന്ന വിഷയത്തിൽ പാനൽ ഡിബേറ്റ് സംഘടിപ്പിച്ചു. സീസൺ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജിദ്ദയിലെ വിവിധ സാമൂഹിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. കെ.എം.സി.സി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കുന്ന രീതിയിലുള്ള ഇടത് സർക്കാരിന്റെ നിലപാടുകൾ നാടിന് അപകടമാണെന്നും പ്രവാസികൾക്ക് വെറും വാഗ്ദാനങ്ങൾ നൽകി സർക്കാർ വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആക്ടിങ് പ്രസിഡന്റ് അബ്ദുൽ റസാഖ് മാസ്റ്ററും ഈ നിലപാടിനെ ശരിവെച്ചു.

പ്രവാസി പെൻഷൻ എന്നത് സർക്കാരിന്റെ ഔദാര്യമല്ല, മറിച്ച് പ്രവാസിയുടെ അവകാശമായി മാറുകയാണ് വേണ്ടതെന്ന് ചർച്ച നിയന്ത്രിച്ച മീഡിയ വിങ് ചെയർമാൻ സുൽഫിക്കർ ഒതായി അഭിപ്രായപ്പെട്ടു. വിദേശത്ത് ഒരു പ്രവാസി മരണപ്പെട്ടാൽ മാതൃരാജ്യത്ത് നിന്ന് എന്ത് ആനുകൂല്യമാണ് ലഭിക്കുന്നതെന്ന് ഗൗരവമായി പരിശോധിക്കണമെന്ന് മാധ്യമ പ്രവർത്തകൻ ഗഫൂർ കൊണ്ടോട്ടി ചർച്ചയിൽ ഉന്നയിച്ചു. പ്രവാസി ക്ഷേമനിധിയും പെൻഷനും കാലാനുസൃതമായി പരിഷ്കരിക്കുക, മടങ്ങിയെത്തുന്നവർക്കായി ഫലപ്രദമായ പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുക, വോട്ടവകാശത്തിനായി പ്രോക്സി വോട്ട് - ഇ ബാലറ്റ് സംവിധാനങ്ങൾ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളും ചർച്ചയിൽ ഉയർന്നു വന്നു.

വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് പ്രവാസികൾക്ക് വലിയ ഭാരമാണെന്നും ഇതിൽ ശാശ്വത പരിഹാരം വേണമെന്നും പങ്കെടുത്തവർ ആവശ്യപ്പെട്ടു. കൂടാതെ പ്രവാസി കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, സി.ബി.എസ്.ഇ പ്രശ്നങ്ങൾ എന്നിവയും ചർച്ചയായി. യു.ഡി.എഫ് പ്രകടന പത്രിക പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും കേരളത്തിൽ ഭരണമാറ്റം ഉണ്ടായാൽ മാത്രമേ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ എന്നും ഭൂരിഭാഗം പ്രതിനിധികളും അഭിപ്രായപ്പെട്ടു.

വിവിധ സംഘടനാ പ്രതിനിധികളായ ഹക്കീം പാറക്കൽ, വാസു, സിബി ജോർജ്, കെ.വി. നാസർ, മറിയം ടീച്ചർ, മുഹ്സിന ശരീഫ്, മുംതാസ് ടീച്ചർ, ഷമീല മൂസ, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, അബ്ബാസ് ചെമ്പൻ, ഉബൈദുള്ള തങ്ങൾ, സിദ്ദീഖ്, ഇസ്ഹാഖ് പൂണ്ടോളി, ജലാൽ തേഞ്ഞിപ്പലം, ഇല്യാസ് തുടങ്ങിയവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. മുപ്പത്തിരണ്ടോളം പ്രതിനിധികൾ പങ്കെടുത്ത ചർച്ച നാസർ വെളിയങ്കോട് ഉപസംഹരിച്ചു. മീഡിയ വിങ് കൺവീനർ ജാഫർ പാലകോട് സ്വാഗതവും മൂസ പട്ടത്ത് നന്ദിയും പറഞ്ഞു. നൗഫൽ ഉള്ളാടൻ, ബാദുഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments