*മാസം മാറി റേഷൻ വിതരണം; വാങ്ങിയ 8,000 പേരെ കണ്ടെത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പ്; ഏപ്രിലിലെ റേഷൻ വിതരണം മേയ് 5 വരെ നീട്ടി*
മാസം മാറി റേഷൻ വിതരണം ചെയ്തതിനെത്തുടർന്ന് വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ള 8,000 ഗുണഭോക്താക്കളെ കണ്ടെത്താൻ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി. ഏപ്രിലിലെ വിഹിതം ലഭിക്കാത്തവർക്കായി വിതരണ കാലാവധി മേയ് 5 വരെ നീട്ടാൻ തീരുമാനമായിട്ടുണ്ട്. ഇതിനായി റേഷൻ ബില്ലിങ്ങിന്റെയും വിതരണത്തിന്റെയും സംവിധാനമായ ഇ പോസിന്റെ ചുമതലയുള്ള ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ അനുമതി മാത്രമാണ് ഇനി ബാക്കി.
പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ സാഹചര്യത്തിൽ കേന്ദ്രനിർദേശപ്രകാരമാണ് കേരളത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ ഒന്നിച്ചു കൊടുക്കാൻ തീരുമാനിച്ചത്. ഇത് അനുസരിച്ച് ഏപ്രിലിലെ റേഷൻ ഏപ്രിൽ 30 വരെയും മേയ് മാസത്തെ റേഷൻ ഏപ്രിൽ ആദ്യം മുതൽ മേയ് 30 വരെയും വാങ്ങാനായിരുന്നു അവസരം ഒരുക്കിയത്. എന്നാൽ, ഇ പോസ് യന്ത്രത്തിൽ വിതരണത്തിന്റെ മാസമായി റേഷൻ കടക്കാർ ഏപ്രിലിനു പകരം മേയ് എന്നു തിരഞ്ഞെടുത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്.
ഏപ്രിലിലെ വിതരണം 30ന് അവസാനിക്കുമെന്നതിനാൽ ഇവർക്ക് ഒരു മാസത്തെ റേഷൻ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് വിതരണം നീട്ടാനുള്ള ക്രമീകരണം. ഇങ്ങനെ മാസം മാറി റേഷൻ വാങ്ങിയ എണ്ണായിരത്തോളം കാർഡ് ഉടമകളുടെ പട്ടിക ജില്ലാ സപ്ലൈ ഓഫിസർമാർ തയാറാക്കി തങ്ങളുടെ പരിധിയിലുള്ള ഗുണഭോക്താക്കളെ റേഷൻ വ്യാപാരികളുടെ സഹായത്തോടെ വിവരം അറിയിക്കാനാണു നീക്കം.
12 ഡിപ്പോകളിൽ വിതരണം വൈകിയതിനും പരിഹാരം
സപ്ലൈകോയുടെ വാർഷിക പരിശോധനയുടെ ഭാഗമായി 12 എൻഎഫ്എസ്എ ഡിപ്പോകൾക്കു കീഴിലുള്ള രണ്ടായിരത്തിൽപരം റേഷൻ കടകളിലേക്കു സാധനങ്ങളുടെ വിതരണം വൈകിയതിനും ഏപ്രിൽ മാസത്തെ റേഷൻ വിതരണം നീട്ടുന്നത് പരിഹാരമാകുമെന്നു പ്രതീക്ഷ. ഏപ്രിൽ പകുതിയോടെയാണ് ഈ ഡിപ്പോകളിൽ നിന്നു റേഷൻ വിതരണം ആരംഭിച്ചത്. വിതരണസമയം നീട്ടണമെന്നു റേഷൻ വ്യാപാരികളും ആവശ്യപ്പെട്ടിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments