*ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ ഇന്ത്യക്ക് പൂർണ്ണ ഉറപ്പ് നൽകി ഇറാൻ*
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ ഇന്ത്യക്ക് പൂർണ്ണ ഉറപ്പ് നൽകി ഇറാൻ. തങ്ങളുടെ സുഹൃദ്‌രാജ്യമായ ഇന്ത്യക്ക് വിഷയത്തിൽ ആശങ്ക വേണ്ടെന്നും ഹുർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ യാത്ര സുരക്ഷിതമായിരിക്കുമെന്നും ഇന്ത്യയിലെ ഇറാൻ എംബസി വ്യക്തമാക്കി.
വ്യാഴാഴ്ച എക്‌സ് (മുമ്പ് ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെയാണ് ഇറാൻ തങ്ങളുടെ ഔദ്യോഗിക നിലപാട് അറിയിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷം ആഗോള കപ്പൽ ഗതാഗതത്തെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിലാണ് ഇറാന്റെ ഈ നിർണ്ണായക പ്രഖ്യാപനം..
ലോകത്തെ ഊർജ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് നിലവിൽ ഇറാന്റെ പൂർണ നിയന്ത്രണത്തിലാണ്. ഫെബ്രുവരി 28ന് നടന്ന ആക്രമണങ്ങൾക്കുപിന്നാലെ ഇറാൻ ഈ മേഖലയിൽ കപ്പലുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യ, ചൈന, റഷ്യ, ഇറാഖ്, പാകിസ്താൻ തുടങ്ങിയ സൗഹൃദ രാജ്യങ്ങളിലെ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. അതിനുശേഷമാണ് വീണ്ടും ഇറാൻ സമൂഹമാധ്യമത്തിൽ സമാധാന സന്ദേശവുമായി എത്തിയത്. "ഞങ്ങളുടെ ഇന്ത്യൻ സുഹൃത്തുക്കൾ ഇവിടെ സുരക്ഷിതരാണ്, ആശങ്കപ്പെടേണ്ട" എന്നാണ് ഇന്ത്യയിലെ ഇറാൻ എംബസി പങ്കുവെച്ചത്.
ഇറാന്റെ ഭാഗത്തുനിന്ന് ഉറപ്പുകൾ ലഭിക്കുന്നുണ്ടെങ്കിലും നിലവിൽ ഊർജ വിതരണത്തിൽ ചെറുതല്ലാത്ത തടസം ഇന്ത്യ നേരിടുന്നുണ്ട്. മാർച്ച് 30ന് നടന്ന അന്തർ മന്ത്രാലയ വിശദീകരണ യോഗത്തിൽ, തുറമുഖ-കപ്പൽ ഗതാഗത-ജലപാത മന്ത്രാലയത്തിലെ സ്പെഷൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ അറിയിച്ചത് പ്രകാരം, ഇന്ത്യയിലേക്കുള്ള ഊർജ ശേഖരവുമായി വരുന്ന 10 വിദേശ കപ്പലുകൾ നിലവിൽ ഹുർമുസിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതിൽ മൂന്ന് എൽ.പി.ജി കപ്പലുകളും നാല് ക്രൂഡ് ഓയിൽ ടാങ്കറുകളും മൂന്ന് എൽ.എൻ.ജി കാരിയറുകളും ഉൾപ്പെടുന്നു. ഇവ കൂടാതെ, 3 എൽ.പി.ജി ടാങ്കറുകളും, ഒരു എൽ.എൻ.ജി കാരിയറും, 4 ക്രൂഡ് ഓയിൽ ടാങ്കറുകളും ഉൾപ്പെടെ ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകളും ഉണ്ട്. ഒരു ഒഴിഞ്ഞ ടാങ്കറിൽ എൽ.പി.ജി നിറച്ചുകൊണ്ടിരിക്കുകയാണ്.
*ഹോര്‍മുസ് തുറക്കാനായി 40 രാജ്യങ്ങളുടെ യോഗം വിളിച്ച് യുകെ; പങ്കെടുത്ത് ഇന്ത്യ*
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ഇറാന്‍ അടച്ച ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി ഇടപെടല്‍ നടത്താന്‍ യുകെ വിളിച്ച 40 രാജ്യങ്ങളുടെ യോഗത്തില്‍ ഇന്ത്യ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയാണ് യോഗത്തില്‍ വിര്‍ച്വലായി പങ്കെടുത്തത്. അതേസമയം, യുഎസ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു.
യുകെ വിദേശകാര്യ സെക്രട്ടറി അവേറ്റ് കൂപ്പറിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേര്‍ത്തത്. ഹോര്‍മുസ് തുറക്കാന്‍ സൈനിക നടപടികളേക്കാള്‍ രാഷ്ട്രീയവും നയതന്ത്രപരവുമായ നീക്കങ്ങളാണ് ആവശ്യമെന്ന് അവര്‍ പറഞ്ഞു. അന്താരാഷ്ട്ര സഹകരണത്തിന്റെ ശക്തി ഹോര്‍മുസ് തുറക്കുന്നതില്‍ കാണിച്ചുകൊടുക്കണം. ഹോര്‍മുസ് അടച്ചിട്ട ഇറാന്റെ നടപടി ആഗോള സമ്പദ് വ്യവസ്ഥയെ ബന്ദിയാക്കിയെന്ന് അവര്‍ കുറ്റപ്പെടുത്തി.
ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുക, കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നയതന്ത്രതലത്തിലും രാഷ്ട്രീയമായും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ കുറിച്ചാണ് യോഗം ചര്‍ച്ച ചെയ്തത്.
യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെ പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന് പിന്നാലെയാണ് അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിലും ഊര്‍ജവിതരണത്തിലും നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് അടച്ചത്. ആക്രമണം പൂര്‍ണമായി അവസാനിപ്പിച്ച് പിന്മാറിയാലല്ലാതെ ഹോര്‍മുസ് തുറക്കില്ലെന്ന് ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഹോര്‍മുസ് തുറക്കുക അമേരിക്കയുടെ ജോലിയല്ലെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് യുകെ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചത്. ഇറാനെതിരായ യുദ്ധത്തില്‍ തങ്ങള്‍ക്കൊപ്പം പങ്കെടുക്കാത്തതിന് യൂറോപ്യന്‍ സഖ്യകക്ഷികളെ കുറ്റപ്പെടുത്തിയ ട്രംപ് നാറ്റോ സൈനിക സഖ്യത്തില്‍ നിന്ന് പിന്മാറിയേക്കുമെന്ന ഭീഷണിയും മുഴക്കിയിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments