*ചേതനയറ്റ് ഉറ്റവര്‍... ഹൃദയവേദനയോടെ പാങ്ങ്... പൊതുദര്‍ശനം ആരംഭിച്ചു.*
നാടിനെ നടുക്കിയ വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ച ഒൻപതു പേരുടെയും മൃതദേഹം ജന്മനാട്ടിലെത്തിച്ചു. ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ് പാങ്ങ് ഗ്രാമത്തില്‍ നിന്ന് പുറത്തുവരുന്നത്.
തങ്ങള്‍ ഏറെ സ്നേഹിച്ചിരുന്ന അധ്യാപകരുടെ ചേതനയറ്റ മടങ്ങിവരവില്‍ കണ്ണീരണിഞ്ഞിരിക്കുകയാണ് പാങ്ങ് എല്‍പി സ്കൂളിലെ കുരുന്നുകള്‍. ഒരു നാടിനെ നയിച്ച അധ്യാപകരെ അവസാന നോക്ക് കാണാൻ ഉറ്റവരും നാട്ടുകാരും പൊതുദർശനം നടക്കുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്.
അമ്പലപ്പറമ്പ് ഗവണ്‍മെൻ്റ് ഹയർസെക്കൻഡറി സ്കൂളിലാണ് ഒൻപത് പേരുടെയും പൊതുദർശനം നടക്കുന്നത്. പൊതുദര്‍ശനത്തിനു ശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്കൂളിലെത്തി മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
പൊതുദര്‍ശനത്തിനു ശേഷം വ്യത്യസ്ത മഹല്ലുകളിലെ ഖബർ സ്ഥാനിലാണ് ഖബറടക്കം നടക്കുക. മാട്ടാത്ത് മഹല്ലില്‍ മജീദ്, ഭാര്യ റുഖിയ എന്നിവരെ ഖബറടക്കും. പാങ്ങ് ജുമാ മസ്ജിദ് ഖബ്ർ സ്ഥാനില്‍ റംല, സാജിദ, ഷക്കീല എന്നിവരെ ഖബറടക്കും. ഈസ്റ്റ് പാങ് മസ്ജിദ് ഖബ്ർ സ്ഥാനില്‍ സുഹറ, മകൻ ഹിഷാം എന്നിവരെ ഖബറടക്കും. പൊതുദര്‍ശനത്തിനുശേഷം അജിതയുടെ മൃതദേഹം ഷൊർണൂർ ശാന്തിതീരത്തേക്കും, ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലേക്കും കൊണ്ടു പോകും.
അര്‍ധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയില്‍ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണ് പൂര്‍ത്തിയായത്. രാവിലെ ആറേ കാലോടെ പൊള്ളാച്ചിയില്‍ നിന്ന് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടു. ഒന്‍പത് ആംബുലന്‍സുകളും ഒന്നിച്ചാണ് പൊള്ളാച്ചിയില്‍ നിന്ന് പുറപ്പെട്ടത്. പാങ്ങ് പള്ളിപ്പറമ്പ് ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ കഴിഞ്ഞ ദിവസം വൈകുന്നേരം 5.20ന് ആണ് വാല്‍പ്പാറ ചുരം റോഡില്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
കാഴ്ചകള്‍ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവില്‍ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേല്‍ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയില്‍നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണയില്‍നിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉള്‍പ്പെടെ13 പേർ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഒൻപത് പേരാണ് അപകടത്തില്‍ മരിച്ചത്.
പള്ളിപ്പറമ്പ് ഗവ.എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത (54), അധ്യാപികമാരായ റംലത്ത്, (52), സുഹറ, (43), ആശ(41), അധ്യാപകനായ അബ്ദുല്‍ മജീദ് (43), മജീദിന്‍റെ ഭാര്യ റുഖിയ(39),സ്‌കൂളിലെ പാചക തൊഴിലാളി സാജിത, (45), സുഹറയുടെ മകൻ ഹിഷാം, (12), സമീപ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. കാഴ്ച പരിമിതിയുള്ള അബ്ദുല്‍ മജീദിന് കൂട്ടുപോയതായിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എല്‍പി സ്‌കൂളില്‍ നിന്ന് യുപി സ്കൂളിലേക്ക് മാറിയത്. താൻ ഇത്ര കാലവും ജോലി ചെയ്ത സ്‌കൂളിലെ വിനോദയാത്രയില്‍ അവർ ഒപ്പം കൂടുകയായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments