Breaking News

*ഓട്ടോ പേമെന്റുകള്‍ക്ക് മേലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കടുപ്പിച്ച് ആര്‍ബിഐ*

മുംബൈ : ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളിലെ ഓട്ടോ പേമെന്റുകള്‍ക്ക് മേലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കടുപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഉപഭോക്താക്കള്‍ നല്‍കുന്ന ഇ മാന്‍ഡേറ്റുകളുമായി ബന്ധപ്പെട്ട സുരക്ഷാ നിബന്ധനകളിലാണ് പ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് സ്വമേധയാ പണം പിടിക്കുന്ന നിലവിലെ സംവിധാനത്തെ വിപുലീകരിച്ചുകൊണ്ടാണ് പുതിയ ചട്ടങ്ങള്‍. വലിയ തുകയുടെ ഇടപാടുകളില്‍ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ആര്‍ബിഐയുടെ ലക്ഷ്യം. നിലവില്‍ 15,000 രൂപ വരെ വരുന്ന ഓട്ടോ പേമെന്റുകള്‍ക്ക് ഒടിപി ആവശ്യമില്ല. എന്നാല്‍ ഇതിന് മുകളിലുള്ള ഇടപാടുകള്‍ക്ക് ഉപഭോക്താവിന്റെ അധിക സ്ഥിരീകരണം നിര്‍ബന്ധമാണ്. ഇതിലാണ് ഇപ്പോള്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ഇ മാന്‍ഡേറ്റ് പ്രകാരമുള്ള ഓട്ടോ ഡെബിറ്റ് ഇടപാടുകള്‍ ഉപഭോക്താവിനെ മുന്‍കൂട്ടി അറിയിച്ച ശേഷമേ നടത്താവൂ. ഇടപാടിന് മുന്‍പും ശേഷവും സന്ദേശം നല്‍കണം. കൂടാതെ കുറഞ്ഞത് 24 മണിക്കൂര്‍ മുന്‍പ് അറിയിപ്പ് നല്‍കേണ്ടതുമാണ്. പണം സ്വീകരിക്കുന്ന സ്ഥാപനത്തിന്റെ പേര്, ഈടാക്കുന്ന തുക, പണം പിടിക്കുന്ന തിയ്യതി തുടങ്ങിയ വിവരങ്ങള്‍ സന്ദേശത്തില്‍ വ്യക്തമാക്കണം. ഇടപാട് നടക്കുന്നതിന് മുന്‍പ് ഉപഭോക്താവിന് അത് റദ്ദാക്കാനുള്ള അവസരവും നല്‍കണം. അതേസമയം, ഇന്‍ഷുറന്‍സ് പ്രീമിയം, മ്യൂച്വല്‍ ഫണ്ട് സബ്‌സ്‌ക്രിപ്ഷന്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ല് തുടങ്ങിയ നിര്‍ദ്ദിഷ്ട വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. ഈ വിഭാഗങ്ങളില്‍ 15,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ ഒടിപി കൂടാതെയും ഓട്ടോ ഡെബിറ്റാകാം. ഇ മാന്‍ഡേറ്റ് അടിസ്ഥാനത്തിലുള്ള ഇടപാടുകള്‍ക്ക് അധിക ഫീസ് ഈടാക്കരുതെന്നും ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. അനധികൃത ഇലക്ട്രോണിക് ഇടപാടുകളില്‍ ഉപഭോക്തൃ ബാധ്യത പരിമിതപ്പെടുത്തുന്ന നിലവിലെ ചട്ടങ്ങള്‍ ഇനി ഓട്ടോ ഡെബിറ്റ് ഇടപാടുകള്‍ക്കും ബാധകമാകും. നിശ്ചിത സമയത്തിനുള്ളില്‍ തട്ടിപ്പ് റിപോര്‍ട്ട് ചെയ്താല്‍ ഉപഭോക്താവിന് സംരക്ഷണം ലഭിക്കും. ഒടിടി സബ്‌സ്‌ക്രിപ്ഷന്‍, മൊബൈല്‍ ബില്ല് തുടങ്ങിയ ചെറിയ തുകയുടെ ഇ മാന്‍ഡേറ്റുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമല്ല. എന്നാല്‍ വലിയ തുകയുടെ ഇടപാടുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂര്‍ മുന്‍കൂര്‍ സമയം നല്‍കി പ്രത്യേക അനുമതി ഉറപ്പാക്കേണ്ടിവരും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments