* വളാഞ്ചേരിയിൽ സഹോദരങ്ങൾക്ക് സൂര്യാഘാതമേറ്റു;* *ആരോഗ്യനില തൃപ്തികരം*
വളാഞ്ചേരി : സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ വളാഞ്ചേരിയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു. പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ് – സനില ദമ്പതികളുടെ അഞ്ചും മൂന്നും വയസ്സുള്ള ആൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. വീടിനോട് ചേർന്നുള്ള പറമ്പിൽ വെയിലത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം.
വിദേശത്തായിരുന്ന ഈ കുടുംബം നാലഞ്ച് ദിവസം മുൻപാണ് അവധിക്കായി നാട്ടിൽ തിരിച്ചെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് കുട്ടികൾ വെയിലത്ത് കളിക്കാനിറങ്ങിയത്. വിദേശത്തെ തണുത്ത കാലാവസ്ഥയിൽ നിന്നും നാട്ടിലെ കനത്ത ചൂടിലേക്കുള്ള പെട്ടെന്നുള്ള മാറ്റം സൂര്യാഘാതത്തിന്റെ ആഘാതം വർധിപ്പിക്കാൻ കാരണമായെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. നേരിട്ട് വെയിലേൽക്കേണ്ടി വന്നതാണ് പൊള്ളലിന് കാരണമായത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുട്ടികളുടെ ശരീരത്തിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ബുധനാഴ്ചയോടെ ഇവ വലുതായി പൊള്ളിയടർന്ന നിലയിലായതിനെ തുടർന്ന് ഉടൻ തന്നെ കുട്ടികളെ വളാഞ്ചേരി വൈക്കത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വയസ്സുകാരന്റെ കൈകൾ, നെഞ്ച്, പുറംഭാഗം എന്നിവിടങ്ങളിലും അഞ്ചു വയസ്സുകാരന്റെ കൈകൾക്കുമാണ് പൊള്ളലേറ്റത്. കുട്ടികൾക്ക് ആവശ്യമായ ചികിത്സ നൽകിയതായും നിലവിൽ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവമറിഞ്ഞ് ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരും കുട്ടികളുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങൾക്ക് ആവശ്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. വേനൽ കടുക്കുന്ന സാഹചര്യത്തിൽ പകൽ സമയങ്ങളിൽ, പ്രത്യേകിച്ച് ഉച്ചവെയിലിൽ കുട്ടികളെ പുറത്ത് കളിക്കാൻ വിടരുതെന്നും നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാൻ നൽകണമെന്നും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പനി, ക്ഷീണം, സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ എന്നിവ കണ്ടാൽ ഉടനടി വൈദ്യസഹായം തേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments