Breaking News

*കുടുംബവഴക്കിൻ്റെ പേരിൽ ഭർത്താവ് ജീവനൊടുക്കിയാൽ ഭാര്യ കുറ്റക്കാരിയല്ല: ബോംബെ ഹൈക്കോടതി*

മുംബൈ : കുടുംബവഴക്കുകളുടെയോ ദാമ്പത്യപ്രശ്നങ്ങളുടെയോ പേരില്‍ ഒരു വ്യക്തി ജീവനൊടുക്കുകയാണെങ്കില്‍ ഭാര്യയ്ക്ക് അതില്‍ ഉത്തരവാദിത്വമില്ലെന്ന് ബോംബെ ഹൈക്കോടതി. കുടുംബ കലഹങ്ങളെത്തുടര്‍ന്ന് ഒരു വ്യക്തി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിധിയിലാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഒരു വ്യക്തി കുടുംബ വഴക്കുകളുടെയോ ദാമ്പത്യ പ്രശ്‌നങ്ങളുടെയോ പേരില്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ നിയമപ്രകാരം ഭാര്യയെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കുറ്റക്കാരിയാക്കാനാവില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നിരീക്ഷിച്ചത്.

സാധാരണ ദാമ്പത്യ പ്രശ്നങ്ങളോ വാക്കുതർക്കങ്ങളോ സ്വന്തം വീട്ടിൽ പോകുകയോ ചെയ്യുന്നത് 'ആത്മഹത്യ പ്രേരണ' ആയി കണക്കാക്കാൻ കഴിയില്ല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (അല്ലെങ്കിൽ ഭാരതീയ ന്യായ സംഹിത, 2023ലെ സെക്ഷൻ 108, സെക്ഷൻ 306 പ്രകാരമുള്ള കേസ്) പ്രതിയുടെ ഉദ്ദേശ്യം മറ്റൊരാളെ ജീവനൊടുക്കാൻ നിർബന്ധിക്കുക എന്നതാണെന്ന് വ്യക്തമാകുമ്പോൾ മാത്രമേ നിലനിൽക്കൂവെന്നും കോടതി പറഞ്ഞു. ഭാര്യ, ഭർതൃബന്ധത്തിലെ സാധാരണ തർക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ആത്മഹത്യ പ്രേരണയുടെ പരിധിയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി.

*വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്ത് സ്ത്രീയുടേത് മാത്രം: അലഹബാദ് ഹൈക്കോടതി* 



അലഹബാദ്: വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്ത്രീധനം അവളുടെ ഏകസ്വത്താണെന്നും അതില്‍ ഭര്‍ത്താവിനോ വീട്ടുകാര്‍ക്കോ യാതൊരു അവകാശവുമില്ലെന്നും വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. ഈ സ്വത്ത് കൈവശം വെക്കുന്നതിനെ അടിസ്ഥാനപ്പെടുത്തി സ്ത്രീക്കെതിരേ ക്രിമിനല്‍ കേസ് എടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. വിവാഹസമയത്ത് ലഭിക്കുന്ന സ്വത്ത് ഭാര്യയുടെയും ഭര്‍ത്താവിന്റെയും സംയുക്ത സ്വത്തല്ലെന്നും, അത് സ്ത്രീയുടെ വ്യക്തിഗത ഉടമസ്ഥതയിലാണെന്നും കോടതി വ്യക്തമാക്കി. അനാമിക തിവാരി എന്ന യുവതിക്കെതിരേ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് ചവാന്‍ പ്രകാശിന്റെ നിര്‍ണായക ഉത്തരവ്. 2012ല്‍ വിവാഹിതയായ അനാമിക നേരത്തെ സ്ത്രീധന പീഡനത്തിന് ഭര്‍ത്താവിനെതിരേ കേസ് നല്‍കിയിരുന്നു. പിന്നാലെ, ഭാര്യ വീട്ടില്‍ നിന്നു പണവും ആഭരണങ്ങളും എടുത്തുവെന്ന് ആരോപിച്ച് ഭര്‍ത്താവും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കീഴ്‌ക്കോടതി പുറപ്പെടുവിച്ച സമന്‍സ് ഹൈക്കോടതി റദ്ദാക്കി. സ്വന്തം ഉടമസ്ഥതയിലുള്ള ആഭരണങ്ങള്‍ കൈവശം വെക്കുന്നതോ എടുത്തുകൊണ്ടുപോകുന്നതോ വിശ്വാസവഞ്ചനയായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഐപിസി സെക്ഷന്‍ 405, 406 പ്രകാരം, മറ്റൊരാള്‍ക്ക് കൈമാറിയ സ്വത്ത് ദുരുപയോഗം ചെയ്താല്‍ മാത്രമാണ് ക്രിമിനല്‍ വിശ്വാസവഞ്ചന കുറ്റം രൂപപ്പെടുകയെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ സ്ത്രീധനം സ്ത്രീയുടെ സ്വന്തം സ്വത്തായതിനാല്‍, ഈ വ്യവസ്ഥകള്‍ ഇവിടെ ബാധകമല്ലെന്നും വിധിയില്‍ വ്യക്തമാക്കുന്നു. അത്യാവശ്യ സാഹചര്യങ്ങളില്‍ ഭര്‍ത്താവിന് ഈ സ്വത്ത് ഉപയോഗിക്കാമെങ്കിലും, അത് തിരികെ നല്‍കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടെന്നും കോടതി നിരീക്ഷിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments