Breaking News

*ഇവിഎമ്മിന് സ്ഥാനാർഥിയുടെ കാവൽ അനുവദനീയമോ? അറിയാം ഇക്കാര്യങ്ങൾ*

കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന മേയ് 4 വരെ വോട്ടിങ് യന്ത്രങ്ങൾക്കു കാവൽ നിൽക്കാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥിയുടെ ഇലക്‌ഷൻ ഏജന്റ് റിട്ടേണിങ് ഓഫിസർക്ക് അപേക്ഷ നൽകിയത് ഇതു സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിന്റെ ചുവടുപിടിച്ച്. 2023 ൽ കമ്മിഷൻ പുറത്തിറക്കിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് കോഴിക്കോട് നോർത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.ജയന്തിന്റെ ഇലക്‌ഷൻ ഏജന്റ് ജെയ്സൺ ജോസഫ് മനോരമ ഓൺലൈനോട് പറഞ്ഞു.

വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കാൻ സ്ട്രോങ് റൂം നിരീക്ഷണത്തിന് സൗകര്യം തേടി ജെയ്സൺ നൽകിയ കത്തിനു പിന്നാലെ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഈ രീതി പിന്തുടരാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ വോട്ടിങ് യന്ത്രങ്ങൾക്ക് കോൺഗ്രസ് കാവൽ ഏർപ്പെടുത്തിയിരുന്നു. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു നീക്കം. ഇതു സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെ നിയമപരമായി രാഷ്ട്രീയ കക്ഷികൾക്ക് ഇത്തരത്തിൽ നിരീക്ഷണത്തിന് ആവശ്യപ്പെടാൻ ആകുമോ എന്ന സംശയം വിവിധ കോണുകളിൽ ഉയർന്നിരുന്നു.

*നിരീക്ഷിക്കാമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ*

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത, സുതാര്യത, വിശ്വാസ്യത എന്നിവ ഉയർത്തിപ്പിടിക്കുന്നതിനും ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വത്തിനോ ക്രമക്കേടിനോ സാധ്യതയില്ലെന്ന് ഉറപ്പാക്കുന്നതിനും സ്ഥാനാർഥികളുടെ പ്രതിനിധികളെ സ്ട്രോങ് റൂമുകൾ നിരീക്ഷിക്കാൻ അനുവദിക്കണമെന്ന് 2023 ജൂലൈ 18 ന് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് അയച്ച കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയതെന്ന് ജെയ്സൺ ജോസഫ് പറ‍ഞ്ഞു.

സ്ട്രോങ് റൂംവോട്ടെടുപ്പിനു ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും അനുബന്ധസാമഗ്രികളും സൂക്ഷിക്കുന്ന കേന്ദ്രങ്ങളാണ് സ്ട്രോങ് റൂമുകൾ. വോട്ടെടുപ്പ് അവസാനിച്ച ശേഷം വോട്ടിങ് മെഷീനുകൾ സീൽ ചെയ്ത് സ്ട്രോങ് റൂമിലെത്തിക്കുന്നു. വോട്ടെണ്ണൽ ദിനത്തിലേ അവ പുറത്തെടുക്കൂ. ഇതിന് പൊലീസിന്റെയും കേന്ദ്ര സേനയുടെയും കനത്ത കാവലുണ്ടാകും. റിട്ടേണിങ് ഓഫിസറുടെ മേൽനോട്ടത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ.

സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്ന സാമഗ്രികൾ∙ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാറ്റഗറി എ വിഭാഗത്തിൽ ഉൾപ്പെടുന്ന, വോട്ട് രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റ് സ്ലിപ്പുകളും,

∙ കാറ്റഗറി ബി വിഭാഗത്തിൽ ഉൾപ്പെടുന്ന, പോളിങ്ങിനു ശേഷം പ്രവർത്തനരഹിതമായ വോട്ടിങ് യന്ത്രങ്ങളും അതിനുപയോഗിച്ച വിവിപാറ്റ് സ്ലിപ്പുകളും.

∙ വോട്ടെടുപ്പിന് ഉപയോഗിച്ച ഫോം 17 സി, മോക്ക് പോളിന് ഉപയോഗിച്ച സർട്ടിഫിക്കറ്റുകൾ, വിവിപാറ്റ് പാറ്റ് സ്ലിപ്പുകൾ തുടങ്ങിയവ.

സ്ക്രൂട്നി കവറുകൾ, തിരഞ്ഞെടുപ്പ് അനുബന്ധമായ നിയമപരവും അല്ലാത്തതുമായ മറ്റു രേഖകൾ, മഷി, സ്റ്റാംപ് പാഡ് തുടങ്ങിയവ തിരഞ്ഞെടുപ്പ് രേഖകളുടെ പ്രത്യേക സ്ട്രോങ് റൂമിലാണ് സൂക്ഷിക്കുക.

നിരീക്ഷകർക്കു നൽകണം കൂടാരം, കുടിവെള്ളം, ശുചിമുറിസ്ട്രോങ് റൂമുകൾക്ക് ഏറ്റവും പുറത്തുള്ള സുരക്ഷാ പരിധിക്കു പുറത്ത് സ്ഥാനാർഥികൾക്കോ അവർ നിർദേശിക്കുന്ന പ്രതിനിധികൾക്കോ മഴ നനയാത്ത കൂടാരം ഉൾപ്പെടെ മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തിൽ പറയുന്നു. കുടിവെള്ളം, ശുചിമുറി തുടങ്ങിയവയും ഉറപ്പാക്കണം. സ്ട്രോങ് റൂമുകൾ നേരിട്ട് കാണാനാകാത്ത ഇടത്താണ് കൂടാരമെങ്കിൽ, സ്ട്രോങ് റൂമിന്റെ വാതിൽ കാണാവുന്ന തരത്തിൽ സിസിടിവി സ്ഥാപിച്ച് അതിന്റെ മോണിറ്ററുകൾ കൂടാരത്തിൽ ലഭ്യമാക്കണം. അത്തരം സാഹചര്യത്തിൽ, നിശ്ചിത ഇടവേളയിൽ നിരീക്ഷകർക്ക് സ്ട്രോങ് റൂം പരിസരം നേരിട്ടു കണ്ടു വിലയിരുത്താൻ സൗകര്യം നൽകണം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ), അഡീഷനൽ സിഇഒ, കൺട്രോൾ റൂം എന്നിവിടങ്ങളിലെ ഫോൺ നമ്പരുകൾ സ്ഥാനാർഥിക്ക് നൽകണം. നിരീക്ഷണത്തിന് എത്തുന്നവർക്ക് സ്ഥാനാർഥി ഈ നമ്പറുകൾ നൽകണം. ആവശ്യമെങ്കിൽ ഈ നമ്പരുകളിൽ വിളിച്ച് നിരീക്ഷകർക്കു വിവരങ്ങൾ അന്വേഷിക്കാമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments