*പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴിച്ചിട്ടിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഞെട്ടി വിറച്ച് കടയ്ക്കൽ ടൗൺ, അര കിലോമീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങൾ കുലുങ്ങി; സമീപത്തെ വീടുകൾക്കും നാശനഷ്ടം*
കടയ്ക്കൽ : പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴിച്ചിട്ടിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ക്വാർട്ടേഴ്സ് കെട്ടിടങ്ങൾക്കും സമീപത്തെ വീടുകൾക്കും നാശനഷ്ടം. ഉഗ്ര ശബ്ദത്തോടെ ടൗണിനെ വിറപ്പിച്ച പൊട്ടിത്തെറി ഉണ്ടായത്.
സ്റ്റേഷൻ കെട്ടിടത്തിൽ നിന്ന്് 50 മീറ്റർ അകലെ കുഴിച്ചിട്ടിരുന്നതാണ് സ്ഫോടക വസ്തുക്കൾ. മുൻപ് സിഐ ഓഫിസ് പ്രവർത്തിച്ചിരുന്ന ക്വാർട്ടേഴ്സ് കെട്ടിടം പൊളിച്ചപ്പോൾ, വിവിധ സ്ഥലങ്ങളിൽ നിന്നു പിടിച്ചെടുത്ത പടക്കമാണ് കുഴിച്ചിട്ടിരുന്നതെന്നു പൊലീസ് പറയുന്നു. കടുത്ത ചൂടേറ്റാകാം പടക്കം പൊട്ടിയതെന്നാണു നിഗമനം. ക്വാർട്ടേഴ്സ് കെട്ടിടങ്ങളിലെ ജനൽച്ചികൾ തകർന്നു. സമീപത്തുള്ള ശിവദത്തിൽ സുശീല ദാസ്, നാരായണീയത്തിൽ അശ്വതി ദാസ് എന്നിവരുടെ വീടുകൾക്കും കേടുപാടുണ്ടായി.
സംഭവസ്ഥലത്തുനിന്ന് 30 മീറ്റർ മാറിയാണ് 8 പൊലീസുകാർ കുടുംബമായി താമസിക്കുന്ന ക്വാർട്ടേഴ്സുകൾ. പൊട്ടിത്തെറി നടക്കുന്നതിനു തൊട്ടുമുൻപ് വരെ ഇവിടെ കുട്ടികൾ കളിച്ചിരുന്നു. പൊട്ടിത്തെറിയിൽ തൊട്ടടുത്ത് റോഡിൽ കൂടി പോയ കുമ്മിൾ വട്ടത്താമര മൂന്ന്കല്ലിൻമൂട് പാറ മുകളിൽ വീട്ടിൽ അൻവറിന്റെ കാറിലേക്ക് കല്ലു തെറിച്ചു വീണു മുൻഗ്ലാസ് തകർന്നു. സമീപത്തുള്ള മറ്റ് കെട്ടിടങ്ങൾക്കു കുലുക്കമുണ്ടായി.
പിടികൂടുന്ന സ്ഫോടക വസ്തുക്കൾ വിജന സ്ഥലത്ത് എത്തിച്ച് നിർവീര്യമാക്കി നശിപ്പിക്കുകയാണ് സാധാരണ ചെയ്യുന്നത്. പഴയ കെട്ടിടം പൊളിച്ചുനീക്കിയപ്പോൾ ഉണ്ടായിരുന്ന പടക്കം കെട്ടിടം പൊളിക്കാൻ ഏൽപിച്ചവർ കുഴിച്ചിട്ടെന്നാണു പൊലീസ് പറയുന്നത്. എന്നാൽ പടക്കം നിർവീര്യമാക്കിയിരുന്നില്ലെന്നാണു സംശയം.
പൊട്ടിത്തെറിയുണ്ടായ സ്ഥലത്തോടു ചേർന്ന് വിവിധ കേസുകളിൽപ്പെട്ടു പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളും നശിച്ചുകൊണ്ടിരിക്കുന്ന തടികളും കാടു കയറി കിടക്കുന്നുണ്ട്. തീ പടർന്നിരുന്നുവെങ്കിൽ വൻ അഗ്നിബാധ ആയി മാറിയേനെ. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ക്വാർട്ടേഴ്സ് കെട്ടിടങ്ങളുടെ ഗ്ലാസുകൾ പൊട്ടി തകർന്നു. ഉഗ്രശബ്ദം കേട്ട് ടൗണിലും പരിസരത്തും ഉള്ളവർ ഓടിയെത്തിയപ്പോൾ ആണ് സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചത് ആണെന്നു വ്യക്തമായത്. പൊട്ടിത്തെറി നടന്ന സ്ഥലത്തു വീണ്ടും സ്ഫോടനം ഉണ്ടാകുമോ എന്നു ഭയന്ന് ആരെയും ഇവിടേക്കു കടത്തി വിടാൻ പൊലീസ് തയാറായില്ല. സ്ഥലത്തിനു മുന്നിൽ വടം കെട്ടി ആളുകൾ എത്തുന്നതു തടഞ്ഞു.
നിർവീര്യം ആക്കാതെ ആണ് സ്ഫോടക വസ്തുക്കൾ കുഴിച്ചിട്ടത് എന്നു സംശയം ഉണ്ട്. കെട്ടിടം പൊളിച്ചു നീക്കവേ അവിടെ ഉണ്ടായിരുന്ന സ്ഫോടക വസ്തുക്കൾ മാനദണ്ഡങ്ങൾ പാലിക്കാതെ കുഴിച്ചിട്ടതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കടയ്ക്കൽ ഫയർ ഫോഴ്സ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവ സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിത്തെറിയുണ്ടായ സ്ഥലത്ത് ഉപ്പുവെള്ളം ഒഴിച്ചു. വീണ്ടും കുഴിച്ച് ഇനിയും സ്ഫോടകവസ്തുക്കൾ അവശേഷിക്കുന്നുണ്ടോ എന്നു പരിശോധിക്കുമെന്നു പൊലീസ് അറിയിച്ചു.
കൊട്ടാരക്കര റൂറൽ എസ്പി ടി.കെ.വിഷ്ണു പ്രതാപ് സ്ഥലത്തെത്തി. കൂടുതൽ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പ്രതികരിച്ചു. ചടയമംഗലം നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജെ.ചിഞ്ചുറാണി, യുഡിഎഫ് സ്ഥാനാർഥി എം.എം.നസീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാ ദേവി, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സാം കെ.ഡാനിയേൽ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.വിക്രമൻ എന്നിവർ സ്ഥലം സന്ദർശിച്ചു. പൊലീസിന്റെ ഗുരുതര വീഴ്ച ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടെന്നു ചടയമംഗലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.എം.നസീർ ആരോപിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments