*സ്ട്രോങ് റൂമിന്റെ താക്കോൽ പൂട്ടിനൊപ്പം വയ്ക്കണമെന്ന് കേന്ദ്ര നിരീക്ഷകൻ; എതിർത്ത ഉദ്യോഗസ്ഥർക്കു നേരെ തോക്കുചൂണ്ടി സൈനികർ*
കോട്ടയം : വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമിൻ്റെ വാതിൽ സുരക്ഷാച്ചട്ടങ്ങൾ പാലിച്ചു പൂട്ടുന്നതിനെ കേന്ദ്ര നിരീക്ഷകൻ എതിർത്തതിനെത്തുടർന്നു തർക്കം; കലക്ടറുടെ നിർദേശപ്രകാരം വാതിൽ പൂട്ടാൻ ചെന്ന ഉദ്യോഗസ്ഥർക്കുനേരെ സുരക്ഷാച്ചുമതലയുള്ള സൈനികർ തോക്കുചൂണ്ടുകയും ചെയ്തു. വൈക്കം മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച കോട്ടയം ബസേലിയസ് കോളജിൽ ഇന്നലെ ഉച്ചയോടെയായിരുന്നു നാടകീയരംഗങ്ങൾ.
കോൺഗ്രസ് പരാതി നൽകിയതിനുപിന്നാലെ വൈകിട്ടോടെ മുറികൾ ചട്ടപ്രകാരംതന്നെ പൂട്ടി.
ഏറ്റുമാനൂർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ കോട്ടയം എംഡി സെമിനാരി സ്കൂളിലും വൈക്കത്തേതു ബസേലിയസ് കോളജിലുമാണു സൂക്ഷിക്കുന്നത്.
സ്ട്രോങ് റൂമുകൾ പൂട്ടിയശേഷം കേന്ദ്ര നിരീക്ഷകൻ രഞ്ജൻ കുമാർ സിൻഹയുടെ നിർദേശപ്രകാരം താക്കോൽ താഴിനൊപ്പം ചേർത്ത് അവിടെത്തന്നെ സീൽ ചെയ്തുവച്ചതാണു വിവാദമായത്.
സ്ട്രോങ് റൂമിൻറെ വാതിലിനു രണ്ടു പൂട്ടുകളാണുള്ളത്.
ഇവ പൂട്ടി മുദ്രവച്ചശേഷം ഒരു പൂട്ടിന്റെ താക്കോലുകൾ റിട്ടേണിങ് ഓഫിസറും രണ്ടാമത്തെ പൂട്ടിൻ്റെ താക്കോലുകൾ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറും സൂക്ഷിക്കുകയെന്ന ചട്ടമാണു പിന്തുടർന്നുപോരുന്നത്. റിട്ടേണിങ് ഓഫിസറും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറും ഒരുമിച്ചുണ്ടെങ്കിലേ പിന്നീട് സ്ട്രോങ് റൂം തുറക്കാനാകൂ എന്നതാണ് ഈ രീതിയുടെ മെച്ചം. വാതിലിനു കുറുകെ പട്ടിക തറച്ചു കൂടുതൽ സുരക്ഷിതമാക്കുകയും ചെയ്യും. എന്നാൽ ബംഗാളിലും അസമിലുമൊന്നും ഇങ്ങനെയല്ലെന്നായിരുന്നു കേന്ദ്ര നിരീക്ഷകന്റെ നിലപാട്.
ഇരുപൂട്ടുകളുടെയും ഓരോ താക്കോൽവീതം താഴുകൾക്കൊപ്പം സീൽ ചെയ്തു വയ്ക്കണമെന്നും ബാക്കിയുള്ളത് റിട്ടേണിങ് ഓഫിസർമാർ സൂക്ഷിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, മുറിയുടെ സുരക്ഷ സംബന്ധിച്ച് കോട്ടയം വെസ്റ്റ് പൊലീസ് സംശയം പ്രകടിപ്പിച്ചു. റിട്ടേണിങ് ഓഫിസറും എതിർപ്പ് അറിയിച്ചു. ഇതിനിടെ, ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി പ്രസിഡന്റുമായ നാട്ടകം സുരേഷും ഇലക്‌ഷൻ ഏജന്റ് ജി.ഗോപകുമാറും കലക്ടർ ചേതൻകുമാർ മീണയ്ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കർക്കും പരാതി നൽകി.
തുടർന്നു കലക്‌ടർ സ്‌കൂളിലെത്തി. ചർച്ചയ്ക്കുശേഷം രണ്ടിടത്തെയും സ്ട്രോങ് റൂമുകൾ പഴയ രീതിയിൽ പൂട്ടാൻ നിർദേശിച്ചു. ഇതിനു ശ്രമിച്ചപ്പോഴാണു ബസേലിയസ് കോളജിൽ കാവൽ നിന്നിരുന്ന സിഐഎസ്എഫ് സൈനികർ ഉദ്യോഗസ്ഥർക്കുനേരെ തോക്ക് ചൂണ്ടിയത്.
പിന്നീടു കേന്ദ്ര നിരീക്ഷകനും കലക്ടറും ചേർന്നു തർക്കം പരിഹരിക്കുകയും സ്ട്രോങ് റൂമുകൾ പഴയ രീതിയിൽ പൂട്ടി താക്കോലുകൾ റിട്ടേണിങ് ഓഫിസർക്കും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർക്കുമായി കൈമാറുകയും ചെയ്‌തു. വാതിലുകൾ വലിയ പ്ലൈവുഡ് ഷീറ്റ് വച്ചു മറച്ച് അതിനു മുകളിൽ പട്ടിക തറച്ചു സുരക്ഷിതമാക്കി. ജില്ലയിലെ സ്ട്രോങ് റൂമുകളെല്ലാം പിന്നീടു കലക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments