*തൃക്കരിപ്പൂരിലുംമഞ്ചേശ്വരത്തും തിരിച്ചടി ; ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു*
തൃക്കരിപ്പൂർ : നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ സിപിഎമ്മിനുണ്ടായ വലിയ വോട്ട് ചോർച്ച പാർട്ടിയെ അക്ഷരാർഥത്തില്‍ ഞെട്ടിച്ചു. ഇത് രാഷ്ട്രീയ രംഗത്ത് ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്തും സിപിഎമ്മിൻ്റെ ശക്തികേന്ദ്രമായി കരുതപ്പെടുന്ന തൃക്കരിപ്പൂരിലും വോട്ടുകള്‍ എവിടേക്ക് മാറിയെന്ന ചോദ്യമാണ് പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്. മഞ്ചേശ്വരത്ത് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും 40,000-ത്തിലേറെ വോട്ടുകള്‍ നേടിയ എല്‍ഡിഎഫിന് ഇത്തവണ ലഭിച്ചത് വെറും 21,212 വോട്ടുകള്‍ മാത്രമാണ്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മണ്ഡലത്തില്‍ നിന്നുള്ള നേതാവുമായ കെ.ആർ ജയാനന്ദ തന്നെ മത്സരിച്ചിട്ടും പാർട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ പോലും നിലനിർത്താൻ സാധിക്കാത്തത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. വോട്ടുകള്‍ കൂടിയിട്ടും 20,000 വോട്ടുകളുടെ കുറവാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ ഉണ്ടായത്. ഈ വോട്ടുകളിലെ വലിയൊരു പങ്ക് യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിൻ്റെ ഭൂരിപക്ഷം വർധിപ്പിക്കാൻ കാരണമായതായും വിലയിരുത്തപ്പെടുന്നു. വോട്ടുകള്‍ സ്വാഭാവികമായി ചോർന്നതോ, അല്ലെങ്കില്‍ മനഃപൂർവം മറിച്ചതോ എന്നതാണ് പ്രധാന ചോദ്യം. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ പോലും എല്‍ഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് കുറഞ്ഞത് നേതൃത്വത്തെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുകയാണ്. മുൻ തിരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ ഈ തിരിച്ചടിയുടെ ഗൗരവം വ്യക്തമാക്കുന്നു. പത്ത് വർഷം മുൻപ് 2016-ല്‍ സി.എച്ച് കുഞ്ഞമ്പു 42,565 വോട്ടും, 2021-ല്‍ വി.വി രമേശൻ 40,639 വോട്ടുകള്‍ നേടുകയും, തദ്ദേശ തിരഞ്ഞെടുപ്പില്‍ പോലും 33,928 വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ വോട്ട് ചോർച്ച ഉണ്ടായതെന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തെ കണക്ക് വലിയ ഇടിവാണ് സൂചിപ്പിക്കുന്നത്. ബിജെപി ഉയർത്തുന്ന പ്രധാന ആരോപണം സിപിഎം വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിലേക്ക് മറിച്ചുവെന്നതാണ്. സ്ഥാനാർഥിയുടെ സ്വന്തം വാർഡില്‍ പോലും വെറും 19 വോട്ടുകള്‍ മാത്രമാണ് ലഭിച്ചതെന്ന കണക്ക് പാർട്ടിക്കുള്ളിലും അസ്വസ്ഥത വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, ബിജെപിക്കും പ്രതീക്ഷിച്ച മുന്നേറ്റം നേടാനായില്ല. മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ നാലാം തവണയും മത്സരിപ്പിച്ചിട്ടും 2021-ലെ 65,013 വോട്ടുകളില്‍ നിന്ന് വെറും 2,683 വോട്ടുകളുടെ വർധനവോടെ 67,696 വോട്ടുകള്‍ മാത്രമാണ് നേടാനായത്. മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയില്‍ ഇറങ്ങിയ ബിജെപിക്ക് ഇത് വലിയ തിരിച്ചടിയായി. എസ്‌ഐആർ പരിശോധനയും ബിജെപിക്ക് തിരിച്ചടിയായെന്ന് പാർട്ടി വിലയിരുത്തുന്നു. മണ്ഡലത്തില്‍ 15,000-ത്തിലേറെ വോട്ടുകള്‍ പരിശോധനയില്‍ ഒഴിവാക്കിയതായും, പ്രത്യേകിച്ച് കർണാടകയില്‍ താമസിക്കുന്നവരും ഇവിടെ വോട്ട് നിലനിർത്തിയവരുമായ വോട്ടർമാരുടെ പേരുകള്‍ നീക്കിയതും തിരിച്ചടിയായെന്നും ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മഞ്ചേശ്വരത്ത് മാത്രമല്ല, സിപിഎമ്മിൻ്റെ ശക്തികേന്ദ്രമായ തൃക്കരിപ്പൂരിലും എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടു. നീലേശ്വരം നഗരസഭ ഉള്‍പ്പെടെ എല്‍ഡിഎഫ് വലിയ ലീഡ് പ്രതീക്ഷിച്ച മേഖലകളില്‍ പോലും വോട്ട് കുറഞ്ഞു. കയ്യൂർ-ചീമേനി പഞ്ചായത്തില്‍ മുന്നേറ്റം ഉണ്ടായെങ്കിലും പ്രതീക്ഷിച്ച തോതില്‍ നേട്ടമുണ്ടാക്കാനായില്ല. ചില വാർഡുകളില്‍ വോട്ട് ചോർച്ച ഉണ്ടായെന്ന വിലയിരുത്തലുണ്ട്. ചെറുവത്തൂർ, പിലിക്കോട് പ്രദേശങ്ങളിലും എല്‍ഡിഎഫ് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. സ്ഥാനാർഥിയുടെ സ്വന്തം പഞ്ചായത്തായ തൃക്കരിപ്പൂരില്‍ കഴിഞ്ഞ തവണ ലഭിച്ച 10,000 വോട്ടുകള്‍ ഇത്തവണ 7,000 ആയി ചുരുങ്ങിയതും ശ്രദ്ധേയമാണ്. വോട്ട് ചോർച്ച യുഡിഎഫിലേക്ക് മാറിയതാണോ, അല്ലെങ്കില്‍ അണികളില്‍ വോട്ടെടുപ്പിനോടുള്ള വിമുഖതയാണോ കാരണം എന്നതിനെക്കുറിച്ച് സിപിഎം ഉള്‍പ്പെടെയുള്ള മുന്നണി നേതൃത്വം വിശദമായ പരിശോധനയ്ക്ക് തയ്യാറെടുക്കുകയാണ്. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ചുള്ള ആഭ്യന്തര വിലയിരുത്തലുകളും രാഷ്ട്രീയ ആരോപണങ്ങളും കൂടുതല്‍ സജീവമാകാനാണ് സാധ്യത.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments