*വീണ്ടും കാണാമെന്ന ഉറപ്പോടെ മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങി; വകുപ്പ് മേധാവികൾക്ക് നന്ദി അറിയിച്ച് യാത്ര*
ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്ന തികഞ്ഞആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങി.
പത്ത് വർഷം നീണ്ട ഭരണത്തിന് വിടചൊല്ലി തലസ്ഥാനം വിടുന്നതിന് മുന്നോടിയായി വിവിധ വകുപ്പ് മേധാവികളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി അദ്ദേഹം നന്ദി അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ എല്ലാവകുപ്പ്അദ്ധ്യക്ഷന്മാരെയും നേരിൽ കണ്ട് സഹകരണത്തിന് കൃതജ്ഞത രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം യാത്ര തിരിച്ചത്.
വീണ്ടും കാണാം' എന്ന ആത്മവിശ്വാസത്തോടെയാണ് ഉദ്യോഗസ്ഥരോട് അദ്ദേഹംയാത്രപറഞ്ഞത്.തൊഴിലാളിദിനമായതിനാൽ ഉച്ചവരെ തലസ്ഥാനത്തുണ്ടായിരുന്നെങ്കിലും അദ്ദേഹം സെക്രട്ടറിയേറ്റിൽ എത്തിയിരുന്നില്ല.
ആഴ്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ എക്സിറ്റ് പോളും കടന്ന് കേരളം ഫലപ്രഖ്യാപനത്തിന്റെ പടിവാതിൽക്കലെത്തി.
കേരളത്തിന്റെ രാഷ്ട്രീയ തലവിധി എന്താണെന്നറിയാൻ ഇനി 72 മണിക്കൂർ മാത്രം. ഭരണത്തുടർച്ചയുണ്ടാകുമോ അതോ മാറ്റത്തിന്റെ കാറ്റുവീശുമോ എന്ന ചോദ്യത്തിന് മൂന്ന് ദിവസത്തിനപ്പുറം ഉത്തരമാകും. എക്സിറ്റ് പോൾ ഫലങ്ങൾ ഒരു പോലെ ആവേശവും ആശങ്കയും സൃഷ്ടിച്ചതിന്റെ സമ്മിശ്ര വികാരത്തിലാണ് രാഷ്ട്രീയ ക്യാമ്പുകൾ. വോട്ടെണ്ണലിനുള്ള ഒരുക്കം വരണാധികാരികളുടെ നേതൃത്വത്തിൽ ആരംഭിച്ചുകഴിഞ്ഞു. പോളിങ് ബൂത്തുകളിലെ നീണ്ട നിരയിലും നിശബ്ദ അടിയൊഴുക്കുകളിലും ആരുടെ തളർച്ചയും പടർച്ചയുമാണെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചെന്ന് യു.ഡി.എഫ് അടിവരയിടുമ്പോൾ അങ്ങനെയൊന്ന് എവിടെയും പ്രകടമായിരുന്നില്ലെന്ന് അവസാന നിമിഷങ്ങളിലും എൽ.ഡി.എഫ് വിലയിരുത്തുന്നു. പുറമേ ആശ്വസിക്കുമ്പോഴും മന്ത്രിമാരടക്കം കടുത്ത മത്സരം നേരിട്ടതും പിന്നാലെ എക്സിറ്റ് പോൾ പ്രഹരവുമെല്ലാം ഇടതുമുന്നണിയെ പൊള്ളിക്കുന്നു. ചുരുങ്ങിയ ദിവസങ്ങളായിരുന്നെങ്കിലും ഡീലും വാവിട്ട വാക്കുകളും മുതൽ പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദവും ശബരിമലയും വയനാട് ഫണ്ട് പിരിവും വരെ ആരോപണ പ്രത്യാരോപണങ്ങളും രാഷ്ട്രീയ വെല്ലുവിളികളും കൊണ്ട് ഇളകിമറിഞ്ഞതായിരുന്നു പ്രചാരണണ നാളുകൾ. ഇക്കുറി തെരഞ്ഞെടുപ്പ് ഗോദയിൽ ഏറ്റവും കൂടുതൽ മുഴങ്ങിക്കേട്ടത് മുന്നണികൾ തമ്മിലെ അവിശുദ്ധ കൂട്ടുകെട്ട് ആരോപണങ്ങളായിരുന്നു. സി.പി.എം-ബി.ജെ.പി ഡീൽ ആരോപണം ഉയർത്തി ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കി കോൺഗ്രസാണ് ഒത്തുകളിയാരോപണങ്ങൾക്ക് തുടക്കമിട്ടത്. എസ്.ഡി.പി.ഐ സഹകരണത്തിന്റെ പേരിലും സി.പി.എം പഴികേട്ടു. പിന്നാലെ വയനാട് പുനരധിവാസത്തിന് പിരിച്ച ഫണ്ടിനെകുറിച്ച ചോദ്യങ്ങളിൽ കൃത്യമായ മറുപടി നൽകാതിരുന്നത് കോൺഗ്രസിനെയും വെട്ടിലാക്കി. ഇത് സി.പി.എം സൈബറിടങ്ങളിലടക്കം വലിയ പ്രചാരണായുധമാക്കിയതോടെ കോൺഗ്രസ് കണക്കുകൾ പുറത്തുവിട്ടതും പ്രചാരണകാലത്ത് തന്നെ.
വ്യക്തിപരമായ അധിക്ഷേപങ്ങളും തരംതാഴ്ന്ന പരാമർശങ്ങളും രാഷ്ട്രീയ മര്യാദയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന കാഴ്ചക്കും ഈ പ്രചാരണകാലം സാക്ഷിയായി. ഇതെല്ലാം ജനവിധിയെ എങ്ങനെ സ്വാധീനിക്കുമെന്നറിയാൻ ഇനി മൂന്ന് പകലും മൂന്ന് രാവും കാത്തിരിക്കണം.
No comments