Breaking News

*കേരളത്തില്‍ എല്ലാവര്‍ക്കും ഇംഗ്ലീഷ് അറിയില്ല; ഭാഷാപരമായ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സുപ്രിംകോടതി*

ന്യൂഡല്‍ഹി : കേരളത്തില്‍ എല്ലാവര്‍ക്കും ഇംഗ്ലീഷ് പരിജ്ഞാനമുണ്ടെന്ന പൊതുവായ ധാരണയെ ചോദ്യം ചെയ്ത് സുപ്രിംകോടതി. കോടതികളിലെ ഭാഷാപരമായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് കേരളത്തില്‍ നടന്നുകൊണ്ടിരുന്ന വിവാഹമോചനവും കുട്ടിയുടെ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട കേസും പഞ്ചാബിലെ ലുധിയാനയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടത്.

കോട്ടയം സ്വദേശിയായ ഭര്‍ത്താവ് കേരളത്തില്‍ ഫയല്‍ ചെയ്ത കേസുകള്‍ പഞ്ചാബിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് യുകെയില്‍ താമസിക്കുന്ന ഭാര്യ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഹരജി പരിഗണിക്കവെ ഭര്‍ത്താവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആല്‍ജോ ജോസഫ്, 'കേരളത്തില്‍ എല്ലാവര്‍ക്കും ഇംഗ്ലീഷ് അറിയാം. അതിനാല്‍ ഭാഷ ഒരു തടസ്സമാകില്ല' എന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദം സുപ്രിംകോടതി അംഗീകരിച്ചില്ല. 'കേരളത്തില്‍ ഭാഷാപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഇംഗ്ലീഷ് അറിയാമെങ്കിലും പല മലയാളികളും അത് സംസാരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.


ഭാര്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കുനാല്‍ ആര്‍ ചോക്‌സി, ഭാഷാ ബുദ്ധിമുട്ടുകള്‍ കാരണം ഹരജിക്കാരിക്ക് കേസില്‍ ഫലപ്രദമായി പങ്കെടുക്കാന്‍ സാധിക്കുന്നില്ലെന്ന് കോടതിയെ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് കേസ് കൈകാര്യം ചെയ്യുന്ന മാതാവിലും സമാനമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നതായപം അദ്ദേഹം ചൂണ്ടിക്കാട്ടി.

2017ല്‍ വിവാഹിതരായ ദമ്പതികള്‍ 2023 വരെ ഒരുമിച്ച് താമസിച്ച ശേഷം യുകെയിലേക്ക് മാറി. പിന്നീട് ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവ് കുട്ടിയുമായി കേരളത്തിലേക്ക് മടങ്ങി വിവാഹമോചനക്കേസും കുട്ടിയുടെ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട ഹരജിയും ഫയല്‍ ചെയ്യുകയായിരുന്നു. ഭാര്യ വിദേശത്തായതിനാല്‍ കേസ് കേരളത്തില്‍ തുടരുന്നതില്‍ അസൗകര്യമില്ലെന്നും, കുട്ടി കഴിഞ്ഞ മൂന്നു വര്‍ഷമായി തന്റെ സംരക്ഷണത്തിലാണെന്നും ഭര്‍ത്താവ് വാദിച്ചു. എന്നാല്‍ ഭാഷാപരമായ പരിമിതികള്‍ കാരണം ഭാര്യയ്ക്ക് കേസില്‍ കാര്യക്ഷമമായി പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന കാര്യം സുപ്രിംകോടതി ഗൗരവമായി കണക്കിലെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ കേസ് നടപടികള്‍ ലുധിയാന കോടതിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments