എസ്.ഐ.ആർ സുപ്രീം കോടതി വിധി ചെരിപ്പിനൊത്ത് കാല് മുറിക്കുന്ന നടപടി - ഐ.എൻ.എൽ
കോഴിക്കോട് : രാജ്യത്തൊട്ടാകെ ഏറെ വിവാദമായ വോട്ടർ പട്ടിക പ്രത്യേക പരിശോധനയുടെ (എസ്.ഐ.ആർ) നിയമ സാധുത അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധി ഭരണകൂട അജണ്ട മുന്നിൽ കണ്ട് ചെരുപ്പിനൊത്ത് കാല് മുറിക്കുന്ന ഏർപ്പാടായാണ് വിലയിരുത്തപ്പെടുന്നതെന്ന് ഐ.എൻ.എൽ.
സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പിന് എസ്.ഐ.ആർ അനിവാര്യമാണെന്ന കണ്ടെത്തൽ, ഭരിക്കുന്ന സർക്കാരുകളുടെ ഇംഗിതങ്ങൾ നടപ്പാക്കാനുള്ള ആസൂത്രിത പദ്ധതിയാണിതെന്ന വിലയിരുത്തലുമായി പ്രഥമദൃഷ്ട്യാ ഏറ്റുമുട്ടുന്നുണ്ട്. വോട്ടർ പട്ടികയെ പൗരത്വവുമായി ബന്ധപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പരീക്ഷണങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരിക്കെ കോടതിവിധി വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണെന്ന നിരീക്ഷണങ്ങളിൽ കഴമ്പുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റിയത് കൊണ്ട് ഒരു വ്യക്തി ഇന്ത്യൻ പൗരൻ അല്ലെന്ന് പറയാനാവില്ല എന്ന് കോടതി ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ഇത:പര്യന്ത അനുഭവങ്ങൾ നൽകുന്ന മുന്നറിയിപ്പ് മറിച്ചാണ്. ഇതിനകം എസ്.ഐ.ആർ പൂർത്തിയാക്കിയ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ നിന്ന് ഏഴരക്കോടിയോളം വോട്ടർമാരെ വെട്ടിമാറ്റിയതിലൂടെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ട വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. പൗരത്വ രേഖകളുടെ അഭാവത്തിൽ ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം എടുത്തു കളഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്ക് കോടതിവിധിയോടെ നിയമസാധുത കൈവന്നത് നിസാരമായി കാണാനാകില്ല. പൗരന്മാരെ വോട്ടറാണോ അല്ലേ എന്ന് എന്ന തീരുമാനിക്കുന്ന വിഷയത്തിൽ ഇലക്ഷൻ കമ്മീഷന് പരമാധികാരം ലഭിച്ചതോടെ, ഭരണഘടന സ്വപ്നത്തിൽ കാണാത്ത അധികാരമാണ് ന്യായാസനം വകവെച്ചു കൊടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയും നടപടിക്രമങ്ങളും കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും പരമോന്നത നീതിപീഠവും ഒത്തു കൊണ്ടുള്ള ഒരു കളിയായി മാറുമ്പോൾ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. വോട്ടവകാശമില്ലാത്ത പൗരന്മാരെ അനധികൃത കുടിയേറ്റക്കാരായി ചാപ്പ കുത്തുന്ന വർഗ്ഗീകരണം ഇസ്രായേലിൽ ഫലസ്തീനികൾ നേരിടുന്ന രണ്ടാംകിട പൗരത്വ പ്രശ്നമായി വഷളാവില്ലെന്ന് ആർക്ക് ഗ്യാരണ്ടി നൽകാനാവും ? ജനാധിപത്യത്തിൻ്റെ മാനവികവും സാർവ ലൗകീകവുമായ മാനങ്ങളെ പൂർണമായും നിരാകരിച്ച്, ഭരിക്കുന്നവരുടെ ഇംഗിതങ്ങൾ നടപ്പാക്കാൻ ബാധ്യസ്ഥരായ അടിമകളാക്കി പൗരന്മാരെ മാറ്റുന്ന ആപത്കരമായ ഒരു സ്ഥിതിവിശേഷം ഭരണഘടന വിഭാവന ചെയ്യുന്ന അവകാശങ്ങളെ മൃതാക്ഷരങ്ങളാക്കി മാറ്റുമെന്ന് ആശങ്കപ്പെടേണ്ടതുണ്ടെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments