*കണ്ണൂരിൽ ക്ഷേത്രജീവനക്കാരനെ പൂട്ടിയിട്ടു, പിക്കാസുകൊണ്ട് പൂട്ടുതകർത്ത് കവർച്ച; 25 കേസുകളിലെ പ്രതി പിടിയിൽ*
കണ്ണൂർ : സുരക്ഷാജീവനക്കാരനെ പൂട്ടിയിട്ട് ചാലാട് ധർമശാസ്താ ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ. കാഞ്ഞങ്ങാട് ബേക്കൽ പള്ളിക്കരയിൽ താമസിക്കുന്ന അന്നൂർ സ്വദേശി രാധാകൃഷ്ണനെ (56) ആണ് ടൗൺ എസ്.ഐ. പി.എം. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിലെടുത്തത്."
കാസർകോട് ക്ഷേത്രത്തിൽ കവർച്ച നടത്തുന്നതിനിടെ കാസർകോട് പോലീസാണ് രാധാകൃഷ്ണനെ അറസ്റ്റ്‌ചെയ്തത്. തുടർന്ന് ചാലാട് ധർമശാസ്താ ക്ഷേത്രത്തിൽ നടത്തിയ കവർച്ചയുടെ സി.സി.ടി.വി. ദൃശ്യത്തിലുള്ള പ്രതിയുമായി സാദൃശ്യമുണ്ടായതിനെത്തുടർന്ന് ടൗൺ പോലീസ് കാസർകോട്ടെത്തി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ശനിയാഴ്ച വൈകീട്ടോടെ ചാലാട് ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തി. ക്ഷേത്രഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും കുത്തിത്തുറക്കാൻ ഉപയോഗിച്ച പിക്കാസ് ക്ഷേത്രത്തിന് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽനിന്ന് കണ്ടെത്തി. പിന്നീട് പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
മേയ് 20-ന് പുലർച്ചെ രണ്ടോട് കൂടിയാണ് ചാലാട് ധർമശാസ്താ ക്ഷേത്രത്തിൽ കവർച്ച നടന്നത്. ക്ഷേത്രഭണ്ഡാരം തകർത്ത് 20,000 രൂപ മോഷണം പോയതായി കാണിച്ച് ക്ഷേത്രം മാനേജർ സി.എം. ശ്രീജിത്ത് ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു. മോഷ്ടാവും സുരക്ഷാജീവനക്കാരനും തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിന് നൽകിയിരുന്നു. പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന് സുരക്ഷാജീവനക്കാരൻ വൈഷ്ണവ് പറഞ്ഞു."
"ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്താണ് മോഷ്ടാവ് ക്ഷേത്രത്തിനകത്ത് കടന്നത്. അകത്തെ മുറിയിലുണ്ടായിരുന്ന സുരക്ഷാജീവനക്കാരനെ പൂട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്. പിക്കാസുമായി എത്തിയാണ് കവർച്ച നടത്തിയത്. ക്ഷേത്രത്തിനകത്തെ വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറി. മേശവലിപ്പ് കുത്തിത്തുറന്ന് വഴിപാടായി ലഭിച്ച പണമുൾപ്പെടെ മോഷ്ടിച്ചു. തുടർന്ന് ചുറ്റമ്പലത്തിന്റെ പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തെങ്കിലും പണം എടുക്കാൻ സാധിച്ചില്ല. ഇതിനിടെ ക്ഷേത്രനടയിലെ മേശ കുത്തിത്തുറന്നു. പിന്നീട് വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരം തകർത്തും പണം കവർന്നു."
ജീവനക്കാരൻ വാതിൽ തള്ളിത്തുറന്ന് പുറത്തിറങ്ങി
ക്ഷേത്രത്തിന്റെ പിൻവശത്തുള്ള ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കുന്നതിനിടെ മുറിയിൽ പൂട്ടിയിട്ടിരുന്ന സുരക്ഷാജീവനക്കാരൻ വാതിൽ തള്ളിത്തുറന്ന് പുറത്തെത്തി. മോഷ്ടാവും സുരക്ഷാ ജീവനക്കാരനും ഏറെ നേരം ഏറ്റുമുട്ടി. ഒടുവിൽ ജീവനക്കാരനെ തള്ളിമാറ്റി മോഷ്ടാവ് പിൻവശത്തെ മതിൽ ചാടി രക്ഷപ്പെട്ടു. ഞാൻ പിടിക്കപ്പെടും... എന്ന് മോഷ്ടാവ് വിളിച്ചു പറഞ്ഞതായി സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. മോഷ്ടാവിന്റെ രണ്ട് ടോർച്ച് ക്ഷേത്രത്തിനകത്തുനിന്ന് കണ്ടെത്തിയിരുന്നു."
കവർച്ച നടത്തിയത് 10-ലധികം ക്ഷേത്രങ്ങളിൽ ചെറുതും വലുതുമായ 25 കവർച്ചക്കേസിൽ പ്രതിയാണ് പിടിയിലായ രാധാകൃഷ്ണൻ. അഞ്ചുതവണ ജയിൽശിക്ഷ അനുഭവിച്ചു. ക്ഷേത്രങ്ങളിൽ കവർച്ച രാധാകൃഷ്ണന് ഹരമാണ്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പ്രധാനമായും കവർച്ച നടത്തിയിട്ടുള്ളത്. പിക്കാസ് പോലുള്ള മാരകായുധങ്ങളുമായിട്ടാണ് കവർച്ചയ്ക്ക് എത്തുക. ആരെങ്കിലും മുന്നിൽ വന്നാൽ ആയുധംകൊണ്ട് നേരിടും.
അർധരാത്രി കഴിഞ്ഞാലാണ് ’തൊഴിൽ’ തുടങ്ങുക. പ്രധാന റോഡിൽനിന്ന് അകലെ മാറിയുള്ള ക്ഷേത്രങ്ങളിലും കാവുകളുമാണ് മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. പകൽനേരങ്ങളിൽ മരം മുറിക്കലാണ് തൊഴിൽ. അതുകാെണ്ട് വിറക് രാധാകൃഷ്ണൻ എന്ന പേരിലും അറിയപ്പെടുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments